- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാറിൽ ഒരാളെങ്കിലും മാസ്ക് നിർബന്ധം, കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഡബിൾ മാസ്ക് നല്ലത്; അവശ്യ സാധനങ്ങൾ വാങ്ങാം, നോമ്പിനും മുന്നു വാങ്ങാനും ഇളവ്; രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രം; നൈറ്റ് കർഫ്യൂവിൽ വിശദീകരണവുമായി ഡിജിപി ലോകനാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ നൈറ്റ് കർഫ്യൂവിനെ കുറിച്ചു വിശദീകരണവുമായി ഡിജിപി ലോകനാഥ് ബെഹ്റ. നൈറ്റ് കർഫ്യൂ സമയത്ത് മരുന്ന്, പാൽ എന്നിങ്ങനെ അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് ഇളവ് നൽകുമെന്ന് ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. നോമ്പ് സമയത്തെ സാധാരണ ഇളവ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ദീർഘദൂരയാത്രകൾ ഒഴിവാക്കണം. അത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാറിൽ ഒരാൾ മാത്രമാണെങ്കിലും മാസ്ക് നിർബന്ധമാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കാറിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്ക് കൂടി യാത്ര ചെയ്യാം. ഫാമിലിയാണെങ്കിൽ ഇളവ് ഉണ്ട്. എന്നാൽ പല കുടുംബങ്ങളിൽ നിന്നുള്ളവരാണ് കാറിലെങ്കിൽ അനുവദിക്കില്ല. ഓട്ടോറിക്ഷയിൽ ഡ്രൈവർ കൂടാതെ രണ്ടുപേർക്ക് കൂടി യാത്ര ചെയ്യാം. കാറിൽ ഒന്നിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഡബിൾ മാസ്ക് ആണ് നല്ലതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് കൂടുതൽ മാരകമാണ് എന്നാണ് പറയുന്നത്. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കും. പിഴ മുതൽ അറസ്റ്റ് വരെയാകാം. 144 പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവർ അക്കാര്യം ബോധ്യപ്പെടുത്തണം.
കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കർശന പരിശോധനയും നടപടിയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് പിഴ കൂടാതെ സ്ഥാപനങ്ങൾ രണ്ടു ദിവസം അടച്ചിടേണ്ടി വരും. രാത്രികാലങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാനാണ് രാത്രി ഒൻപതുമുതൽ പുലർച്ചെ അഞ്ചുവരെയുള്ള രാത്രി കർഫ്യൂ.
പെട്രോൾ പമ്പുകൾ, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്നവർ, മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പാൽവിതരണക്കാർ എന്നിവർക്ക് മാത്രമേ ഇളവുണ്ടാവൂ. ഓട്ടോറിക്ഷകളോ ടാക്സികളോ രാത്രി ഒൻപതു മണിക്ക് ശേഷം അവശ്യസേവനങ്ങൾക്ക് മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളിൽ ആളുകൾ കൂടാൻ അനുവദിക്കില്ല. ആരാധനാലയങ്ങളിലെ സാന്നിധ്യം ജീവനക്കാരും ചടങ്ങുകൾ നടത്തേണ്ടവരും മാത്രമായി ചുരുക്കണം. പൊതുചടങ്ങുകൾ ഓൺലൈൻ വഴി സംപ്രേഷണം ചെയ്യണമെന്നും നിർദേശമുണ്ട്.
പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒൻപതു വരെ പ്രവർത്തിക്കാം. ഒൻപതിനു ശേഷം പാഴ്സലുകളും നൽകാനാവില്ല. മാളുകളും സിനിമ തിയറ്ററുകളും ഏഴരയ്ക്കുള്ളിൽ അടയ്ക്കണം. സ്വകാര്യ ട്യൂഷനുകൾ ഇന്നു മുതൽ ഓൺലൈൻ വഴി മാത്രമേ അനുവദിക്കൂ. എല്ലാ പരീക്ഷകളും അഭിമുഖങ്ങളും രണ്ടാഴ്ചത്തേക്കു മാറ്റി വയ്ക്കാൻ പിഎസ്സിയോട് സർക്കാർ നിർദേശിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നു ലക്ഷം പേർക്ക് ആരോഗ്യവകുപ്പ് കൂട്ടപരിശോധന നടത്തും.
മറുനാടന് മലയാളി ബ്യൂറോ