കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് വിവാദ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ വാക്കുകൾ പൊലീസ് പരിശോധിക്കുന്നത് ഗൂഢാലോചന കേസിൽ പ്രതിയാക്കാനാകൂമോ എന്ന സൂചനകൾക്കിടെ. എന്നാൽ ദിലീപ് കേസിലേക്ക് മാത്രം പൊലീസ് ശ്രീലേഖയ്ക്ക് എതിരായ അന്വേഷണം ഒതുക്കുകയാണ്. ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ശ്രീലേഖ പൊലീസുമായി നിരവധി തവണ കൊമ്പു കോർത്തിരുന്നു. അതുകൊണ്ട് തന്നെ പൊലീസിലും ശത്രുക്കൾ ഏറെയാണ്. ദിലീപ് കേസിൽ പൊതു സമൂഹത്തിന്റെ വിശ്വാസ്യത ശ്രീലേഖയ്ക്ക് നഷ്ടമായെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ശ്രീലേഖയ്‌ക്കെതിരെ നടപടി എടുക്കാനാണ് നീക്കം.

ശ്രീലേഖയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിക്കെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. യൂട്യൂബ് ചാനലിൽവന്ന വീഡിയോ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തദിവസംതന്നെ ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. നടിയെ ആക്രമിച്ച കേസിൽ, ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന തെളിവുകൾ അന്വേഷണസംഘം കോടതിക്ക് നൽകിയിരുന്നു

കഴിഞ്ഞദിവസമാണ് ആർ. ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്. ദിലീപിനെതിരേ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം അടക്കം വിവാദമായപ്പോൾ ചർച്ചാ കേന്ദ്രം ശ്രീലേഖയായിരുന്നു. അന്ന് ശ്രീലേഖയെ പിന്തുണച്ചവർ പോലും ഇപ്പോൾ കൂട്ടിനില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ തെളിവുകിട്ടാത്തതിനാൽ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. ജയിലിൽനിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണ് എന്നും പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണന്നും ശ്രീലേഖ ആരോപിച്ചിരുന്നു. പക്ഷേ ഈ തുറന്നു പറച്ചിലുകൾക്കിടയിൽ വരികൾ അതീവ സൂക്ഷമതയോടെയാണ് ശ്രീലേഖ പറയുന്നത്.

വെളിപ്പെടുത്തലിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാംതന്നെ കോടതിയിൽ തെളിവുകൾ നിരത്തി തെളിയിച്ചതാണെന്ന നിലപാടിലാണ് പ്രോസിക്യൂഷനും ക്രൈംബ്രാഞ്ചും. പൾസർ സുനി ജയിലിൽവെച്ച് കത്തെഴുതിയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 2017 ഏപ്രിൽ 12-ന് രാവിലെ 11-ന് കാക്കനാട് സബ് ജയിലിൽവെച്ച് സുനി പറഞ്ഞപ്രകാരം സഹതടവുകാരൻ വിപിൻലാൽ കത്തെഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഈ കത്ത് അന്നു രാവിലെ 11-ന് വിപിൻലാൽ കോടതിയിൽ പോകുംവഴി സുഹൃത്ത് വിഷ്ണുവിനെ ഏൽപ്പിക്കുകയും ദിലീപിന് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

കത്ത് ദിലീപ് ഏറ്റുവാങ്ങാത്ത സാഹചര്യത്തിൽ വാട്സാപ്പ് വഴി അയക്കുകയുമായിരുന്നു. തുടർന്ന് ഈ കത്ത് വിഷ്ണുവിന്റെ പക്കൽനിന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കാക്കനാട് ജയിലിലേക്ക് പൾസർ സുനിക്കുവേണ്ടി ചെരിപ്പിനകത്ത് മൊബൈൽ ഒളിപ്പിച്ചു കടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ജയിലിനകത്തേക്ക് ഇത്തരത്തിൽ മൊബൈൽ കൊണ്ടുപോയിട്ടില്ലെന്നാണ് ആർ. ശ്രീലേഖ ആരോപിച്ചത്. സുനിയുടെ സഹതടവുകാരൻ വിപിൻലാലിനെ കാണാൻ ജയിലിലെത്തിയ മഹേഷ് ചെരിപ്പിനകത്ത് തുന്നിയനിലയിൽ ഫോൺ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഫോൺ സുനിയെ ഏൽപ്പിച്ചു. ഇക്കാര്യം മഹേഷ് വിചാരണക്കോതിയിൽ സമ്മതിച്ചിട്ടുണ്ട്. സുനി ഈ ചെരിപ്പ് ഉപയോഗിച്ചതിന്റെയും ഇതിനുള്ളിൽനിന്ന് പുറത്തെടുത്ത ഫോൺ ഉപയാഗിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്ന ആരോപണം തെറ്റാണ്. ഫോട്ടോയും പകർത്തിയ ഫോണും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2016 നവംബർ 13-ന് വൈകിട്ട് 5.30-ന് തൃശ്ശൂരിൽ 'ജോർജേട്ടൻസ് പൂരം' എന്ന ദിലീപ് സിനിമയുടെ ലൊക്കേഷനിൽവച്ചാണ് ചിത്രമെടുത്തത്. തൃശ്ശൂർ പുല്ലഴി സ്വദേശിയാണ് മൊബൈൽ ഫോണിൽ ദിലീപിനൊപ്പമുള്ള സെൽഫിയെടുത്തത്. ഫോട്ടോയെടുത്തയാൾ ഇക്കാര്യം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ ഫോട്ടോയാണ് ഈ കേസിൽ ഏറ്റവും നിർണ്ണായകം.

സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. കേരളത്തിൽ നിയമനം ലഭിച്ച് ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന പദവിയും ആർ ശ്രീലേഖയ്ക്ക് തന്നെയാണ് ഉള്ളത്. എന്നാൽ ഡിജിപി പദവിയിൽ ക്രമസമാധാന ചുമതലയിൽ ശ്രീലേഖയ്ക്ക് എത്താനായില്ലെന്നതാണ് വസ്തുത. രാഷ്ട്രീയക്കാർക്ക് താൽപ്പര്യ കുറവുള്ളതു കൊണ്ട് മാത്രമായിരുന്നു ഇത്.

കോളേജ് അദ്ധ്യാപിക, റിസർവ് ബാങ്ക് ഉദ്യോഗസ്ഥ എന്നീനിലകളിൽ പ്രവർത്തിച്ച ശേഷമാണ് 26-ാം വയസ്സിൽ കാക്കിയണിഞ്ഞത്. കോട്ടയം എ.എസ്‌പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പി.യായി തൃശ്ശൂരിൽ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റിൽ എസ്‌പി.യായും ന്യൂഡൽഹി കേന്ദ്രത്തിൽ ഡി.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ഡി.ഐ.ജിയായി പ്രവർത്തിച്ച ശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എന്നിവയുടെ എം.ഡി.യായും പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇന്റലിജന്റ്‌സ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

പ്രവീൺ വധക്കേസ്, കിളിരൂർ കേസ്, കൺസ്യൂമർ ഫെഡിലെ ക്രമക്കേട് തുടങ്ങിയ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ആർ. ശ്രീലേഖ. 2004-ൽ വിജിലൻസ് ഡി.ഐ.ജി.യായിരിക്കെയും 2013-ൽ വിജിലൻസ് ഡയറക്ടറായിരിക്കെയും സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടി. വിജിലൻസിൽ പോലും ഡിജിപിയായ ശ്രീലേഖയം പിണറായി സർക്കാർ നിയമിച്ചില്ലെന്നതാണ് വസ്തുത. ആരേയും കൂസാക്കാതെ അഴിമതിക്കെതിരായ പോരാട്ടം ശ്രീലേഖ തുടരുമോ എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. ക്രമസമാധാനവും ഏൽപ്പിച്ചില്ല.

'റെയ്ഡ് ശ്രീലേഖ' എന്നൊരു വിശേഷണവും ഇവർക്കുണ്ട്. സിബിഐയിൽ കേരളത്തിലെ മുഴുവൻ ചുമതലയുള്ള എസ്‌പിയായി വന്നപ്പോഴാണ് ഇങ്ങനെയൊരു ഇരട്ടപ്പേര് വീണത്. സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീലേഖയുടെ ശീലമാണ്. പുരുഷ ഓഫിസറിനെ 'സർ...' എന്നുവിളിച്ച് ബഹുമാനിക്കുന്നവർ വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അത്തരക്കാരെക്കൊണ്ട് 'സർ' എന്നോ 'മാഡം' എന്നു വിളിപ്പിക്കാനും മടിച്ചില്ല.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ജയിൽമേധാവിയായിരിക്കെ ശ്രീലേഖ സ്വകാര്യ ബ്‌ളോഗിലെ ലേഖനത്തിലാണ് കുത്തിയോട്ടത്തെ വിമർശിച്ചത്. കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമർശിച്ചത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ 'കുട്ടികളുടെ തടവറ'യെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ പൊങ്കാല അർപ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിക്കാൻ ബാലവകാശ കമ്മീഷൻ തീരുമാനിച്ചു. ഈ വിഷയത്തിൽ ബാലാവകാശകമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. കുത്തിയോട്ടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നീട് ഈ വിവാദത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സാക്ഷാൽ ഋഷിരാജ് സിംഗിനെ പരോക്ഷമായി വിമർശിച്ചും പോസ്റ്റിട്ടിരുന്നു. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരു തരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളിൽ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി പറഞ്ഞതും ഏറെ ചർച്ചയായി. ജയിലുകളിൽ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ എല്ലാം ശരിയായി എന്ന തരത്തിൽ വാർത്തകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.

ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലാണ് ശ്രീലേഖ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇപ്പോൾ ജയിലുകളിൽ നിന്ന് ഫോണുകൾ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു തുടങ്ങിയ വാർത്തകൾ കാണുമ്പോൾ വിഷമം തോന്നുന്നു. ജയിലുകൾ മാതൃകാപരമാക്കുന്നതിൽ തന്റെ പ്രവർത്തന കാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാൽ തനിക്ക് ഈഗോ കുറവായതിനാൽ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതിനൊപ്പം ചില കേസുകൾ താൻ കൊടുത്തിട്ടും പൊലീസ് എടുത്തില്ലെന്ന പരാതി വിരമിച്ച ശേഷവും ഉയർത്തി. അത്തരത്തിലൊരു ഉദ്യോഗസ്ഥയാണ് പുതിയ വിവാദത്തിൽ പെടുന്നത്.