തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ വ്യാഴാഴ്ച വിരമിക്കും. അഗ്‌നിരക്ഷാ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ആർ. ശ്രീലേഖ 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. കേരളത്തിൽ നിയമനം ലഭിച്ച് ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന പദവിയും ആർ ശ്രീലേഖയ്ക്ക് തന്നെയാണ് ഉള്ളത്. എന്നാൽ ഡിജിപി പദവിയിൽ ക്രമസമാധാന ചുമതലയിൽ ശ്രീലേഖയ്ക്ക് എത്താനായില്ലെന്നതാണ് വസ്തുത. രാഷ്ട്രീയക്കാർക്ക് താൽപ്പര്യ കുറവുള്ളതു കൊണ്ട് മാത്രമായിരുന്നു ഇത്.

കോളേജ് അദ്ധ്യാപിക, റിസർവ് ബാങ്ക് ഉദ്യോഗസ്ഥ എന്നീനിലകളിൽ പ്രവർത്തിച്ച ശേഷമാണ് 26-ാം വയസ്സിൽ കാക്കിയണിഞ്ഞത്. കോട്ടയം എ.എസ്‌പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പി.യായി തൃശ്ശൂരിൽ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റിൽ എസ്‌പി.യായും ന്യൂഡൽഹി കേന്ദ്രത്തിൽ ഡി.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ഡി.ഐ.ജിയായി പ്രവർത്തിച്ച ശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എന്നിവയുടെ എം.ഡി.യായും പ്രവർത്തിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇന്റലിജന്റ്സ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്‌പോർട്ട് കമ്മിഷണർ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

പ്രവീൺ വധക്കേസ്, കിളിരൂർ കേസ്, കൺസ്യൂമർ ഫെഡിലെ ക്രമക്കേട് തുടങ്ങിയ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ആർ. ശ്രീലേഖ. 2004-ൽ വിജിലൻസ് ഡി.ഐ.ജി.യായിരിക്കെയും 2013-ൽ വിജിലൻസ് ഡയറക്ടറായിരിക്കെയും സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടി. വിജിലൻസിൽ പോലും ഡിജിപിയായ ശ്രീലേഖയം പിണറായി സർക്കാർ നിയമിച്ചില്ലെന്നതാണ് വസ്തുത. ആരേയും കൂസാക്കാതെ അഴിമതിക്കെതിരായ പോരാട്ടം ശ്രീലേഖ തുടരുമോ എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. ക്രമസമാധാനവും ഏൽപ്പിച്ചില്ല.

ഈ വർഷം മേയിലാണ് ശ്രീലേഖയ്ക്ക് ഡിജിപി പദം ഔദ്യോഗികമായി കിട്ടിയിരുന്നു. രണ്ട് കൊല്ലം മുമ്പ് തന്നെ ശ്രീലേഖയ്ക്ക് ഡിജിപി പദവി സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ നാല് ഡിജിപി പദവികൾക്ക് മാത്രമായിരുന്നു കേന്ദ്ര അനുമതിയുള്ളത്. അതുകൊണ്ട് തന്നെ കാത്തിരിപ്പ് നീണ്ടു.ശ്രീലേഖ 1988ൽ എഎസ്‌പിയായി കോട്ടയത്ത് നിയമിതയായി. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായെത്തിയത് തൃശൂരിലേക്കും.അവിടെ നിന്നും പല ഉത്തരവാദിത്തങ്ങളും തേടിയെത്തി. വിജിലൻസിൽ സർവീസിലിരിക്കുമ്പോൾ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു ശ്രീലേഖ ഐപിഎസിന്. പീഡിയാട്രിക് സർജനാണ് ഭർത്താവ് ഡോ. സേതുനാഥ്. മകൻ: ഗോകുൽനാഥ്. അനുഭവകഥകൾ ഏറ്റവും കൂടുതൽ എഴുതിയ ഓഫിസറാണ് ശ്രീലേഖ. മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങൾ ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണു താഴേത്തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നു തുറന്നുപറഞ്ഞയാളാണ് ആർ.ശ്രീലേഖ. ജയിൽ മേധാവിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചു. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം 1988ലാണ് കാക്കിയിട്ട് ശ്രീലേഖ കേരളത്തിലേക്കു വന്നത്. കോട്ടയത്ത് എഎസ്‌പിയായി ആദ്യ നിയമനം. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിൽ ചുമതലയേറ്റു.

'ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്‌പി, സിഐ, എസ്‌ഐ റാങ്കിലെല്ലാം സ്ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസർമാർക്കു സാധിക്കൂ. ഇപ്പോൾ സ്ത്രീ കുറ്റവാളികളെ അറസ്റ്റുചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ' ഒരു അഭിമുഖത്തിൽ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ഇത് ഏറെ ചർച്ചയ്ക്കും വഴിവച്ചു.

'റെയ്ഡ് ശ്രീലേഖ' എന്നൊരു വിശേഷണവും ഇവർക്കുണ്ട്. സിബിഐയിൽ കേരളത്തിലെ മുഴുവൻ ചുമതലയുള്ള എസ്‌പിയായി വന്നപ്പോഴാണ് ഇങ്ങനെയൊരു ഇരട്ടപ്പേര് വീണത്. സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീലേഖയുടെ ശീലമാണ്. പുരുഷ ഓഫിസറിനെ 'സർ...' എന്നുവിളിച്ച് ബഹുമാനിക്കുന്നവർ വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അത്തരക്കാരെക്കൊണ്ട് 'സർ' എന്നോ 'മാഡം' എന്നു വിളിപ്പിക്കാനും മടിച്ചില്ല.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ജയിൽമേധാവിയായിരിക്കെ ശ്രീലേഖ സ്വകാര്യ ബ്ളോഗിലെ ലേഖനത്തിലാണ് കുത്തിയോട്ടത്തെ വിമർശിച്ചത്. കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമർശിച്ചത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ 'കുട്ടികളുടെ തടവറ'യെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിക്കാൻ ബാലവകാശ കമ്മീഷൻ തീരുമാനിച്ചു. ഈ വിഷയത്തിൽ ബാലാവകാശകമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. കുത്തിയോട്ടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നീട് ഈ വിവാദത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സാക്ഷാൽ ഋഷിരാജ് സിംഗിനെ പരോക്ഷമായി വിമർശിച്ചും പോസ്റ്റിട്ടിരുന്നു. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരു തരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളിൽ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി പറഞ്ഞതും ഏറെ ചർച്ചയായി. ജയിലുകളിൽ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ എല്ലാം ശരിയായി എന്ന തരത്തിൽ വാർത്തകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.

ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലാണ് ശ്രീലേഖ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇപ്പോൾ ജയിലുകളിൽ നിന്ന് ഫോണുകൾ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു തുടങ്ങിയ വാർത്തകൾ കാണുമ്പോൾ വിഷമം തോന്നുന്നു. ജയിലുകൾ മാതൃകാപരമാക്കുന്നതിൽ തന്റെ പ്രവർത്തന കാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാൽ തനിക്ക് ഈഗോ കുറവായതിനാൽ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.