തിരുവനന്തപുരം : യുഡിഎഫ് രാഷ്ട്രീയത്തിൽ കൂറുമുന്നണി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോഴും അത്തരം കൂടിയാലോചനകൾ ഭരണമുന്നണിയിൽ സജീവമാകുന്നു. പുതിയ പൊലീസ് മേധാവി നിയമനവും അതിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്. സീനിയോറിട്ടി ഉയർത്തി മഹേഷ് കുമാർ സിങ്ലയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നോട്ട് വയ്ക്കുമ്പോൾ മലയാളി ഏറെ അറിയുന്ന ടി പി സെൻകുമാറിന്റെ പേരിനോടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. സമുദായ സംഘനകളും പ്രശ്‌നത്തിൽ സജീവമായി ഇടപെട്ടതോടെ പൊലീസ് മേധാവിയുടെ പാനൽ തയ്യറാക്കാൻ ഉന്നത തല സമിതിയേയും നിയോഗിച്ചു. അഞ്ച് പേരെ പൊലീസ് മേധാവിക്ക് ആയുള്ള പരിഗണനയ്ക്ക് ഈ സമിതി മുന്നോട്ട് വയ്ക്കും. അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ സജീവ ചർച്ചകളും നടക്കും. ഭൂരിപക്ഷം ഇവിടെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ ഇഷ്ടക്കാരനായ സിങ്ലയെ പൊലീസ് മേധാവിയാക്കാൻ രമേശ് ചെന്നിത്തല കൂറുമുന്നണിക്ക് നീക്കം നടത്തുന്നത്.

ഇതിൽ നിർണ്ണായകമായ പിന്തുണ ചെന്നിത്തല നേടിക്കഴിഞ്ഞു. ബാർ കോഴയിൽ ആഭ്യന്തര വകുപ്പുമായി പിണങ്ങി നിൽക്കുന്ന കെഎം മാണി മുഖ്യമന്ത്രിയ്‌ക്കൊപ്പമാണുള്ളത്. അതുകൊണ്ട് കൂടിയാണ് പുതിയ കൂട്ടുകെട്ടുകളുടെ സാധ്യത ചെന്നിത്തല പരീക്ഷിച്ചത്. അത് വിജയിക്കുയും ചെയ്തു. പുതിയ ഡിജിപി നിയമനം യുഡിഎഫിലും കോൺഗ്രസിലും പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടേക്കുമെന്ന സൂചന നൽകി രണ്ടു ലീഗ് മന്ത്രിമാരും ഒരു സംസ്ഥാന നേതാവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി രഹസ്യചർച്ച നടത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്തായിരുന്നു ചർച്ച. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയഭാവിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള കൂടിക്കാഴ്ചയിൽ മഹേഷ് കുമാർ സിങ്ലയെ ഡിജിപിയാക്കാനുള്ള തീരുമാനത്തിനൊപ്പമാവും ലീഗെന്നും വ്യക്തമാക്കി. ഇതോടെ പൊലീസ് മേധാവിയിൽ മന്ത്രിസഭയിൽ ചർച്ച നടന്നാൽ മുൻതൂക്കം കിട്ടുമെന്ന് ഉറപ്പിക്കുകയാണ് ചെന്നിത്തല.

സിങ്ലയെ ഡിജിപിയാക്കണമെന്ന് തനനെയായിരുന്നു ലീഗിന്റെ ആദ്യം മുതലേയുള്ള നിലപാട്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ ഇത് സാധിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വെള്ളാപ്പള്ളിയുടെ ആവശ്യം പരിഗണിച്ച് ടി പി സെൻകുമാറിനെ ഡിജിപിയാക്കാൻ ഉമ്മൻ ചാണ്ടി നീക്കം തുടങ്ങിയതോടെ ലീഗ് എതിർപക്ഷത്തായി. ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെൻകുമാർ ഡിജിപിയാകുന്നതിനോട് യോജിപ്പില്ല. എൻഎസ്എസിനെ ഇറക്കി സെൻകുമാറിന്റെ സാധ്യത ഇല്ലാതാക്കാനും നീക്കം നടന്നു. എന്നിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല. ഇതോടെയാണ് ഡിജിപി നിയമനത്തിൽ കോൺഗ്രസിലെ ഐ വിഭാഗവും ലീഗും കൈകോർക്കുന്നത്. ബാർകോഴയിൽ എതിർപ്പുകളുണ്ടെങ്കിലും വിജിലൻസ് അന്വേഷണമുള്ളതിനാൽ മാണിക്കും ചെന്നിത്തലയെ എതിർക്കാൻ കഴയില്ല. ഈ സാഹചര്യത്തിൽ സിങ്ല തന്നെയാകും അടുത്ത ഡിജിപയെന്നാണ് ഐ വിഭാഗം പറയുന്നത്. ലീഗ് പിന്തുണ കൂടി ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും കരുതുന്നു. അതിനിടെ

സിങ്ലയോട് ലീഗിന് എന്താണ് താൽപര്യമെന്ന് സംശയം ഉയരുന്നത് സ്വാഭാവികം. മാറാട് കലാപസമയത്ത് കോഴിക്കോട് ജില്ലാ കളക്ടർ ടി ഒ സൂരജും കോഴിക്കോട് നോർത്ത് ഐജി മഹേഷ് കുമാർ സിങ്ലയും ആയിരുന്നു. കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് ഇരുവരുടെയും ഇടപെടലിനെക്കുറിച്ച് രൂക്ഷമായി വിമർശിച്ചിരുന്നു. മുസ്‌ളീംലീഗിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത രണ്ട് ഉദ്യോഗസ്ഥരാണ് സൂരജും സിങ്ലയും. ഇതിനു പ്രത്യുപകാരമായിട്ടാണ് സിങ്ലയെ ഡിജിപി ആക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ഒരു ലീഗ് നേതാവിനൊപ്പമാണ് മന്ത്രിമാർ ആഭ്യന്തരമന്ത്രിയെ കണ്ടത്.
അതേസമയം രാജ്യസുരക്ഷയിൽ സുപ്രധാന പങ്കു വഹിക്കുന്ന ബിഎസ്എഫിന്റെ തലപ്പത്തുനിന്ന് മഹേഷ്‌കുമാർ സിങ്ലയെ കേരളത്തിന്റെ ഡിജിപി ആക്കാൻ സംസ്ഥാന സർക്കാറിനു കഴിയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

ബിഎസ്എഫിലെ തന്റെ ഡെപ്യൂട്ടേഷൻ നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിങ്ല കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകിയതായി വാർത്ത പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി തീരുമാനിച്ചാൽ മാത്രമേ ഇക്കാര്യം നടക്കുകയുള്ളുവെന്നും നിയമവിദഗ്ദ്ധർ പറയുന്നു. അതിനിടെ സിങ്ലയുടെ നിയമനത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് കള്ളക്കളികൾ നടത്തുമെന്ന ഭയവും ഐ ഗ്രൂപ്പിനുണ്ട്. വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകിയതോടെ പ്രധാനമന്ത്രിയുമായി ഉമ്മൻ ചാണ്ടിക്ക് വളരെ അടുത്ത ബന്ധമുണ്ട്. സിങ്ലയ്ക്ക് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ അനുമതി നൽകരുതെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് നടക്കും. ഈ കുബുദ്ധിയിലൂടെ സെൻകുമാറിനെ സീനിയോറിട്ടിയെന്ന വാദമുയർത്തി ഡിജിപിയാക്കാനും കഴിയും. ഇതിനെ ചെറുക്കാൻ മറുതന്ത്രങ്ങളും ചെന്നിത്തല ക്യാമ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് സ്ഥാനമൊഴിഞ്ഞപ്പോഴും പുതിയ ആളെ കണ്ടെത്തുന്നതിന് തർക്കമുയർന്നിരുന്നു. കെ.എസ്.ബാലസുബ്രഹ്മണ്യനുവേണ്ടി ഒരു വിഭാഗവും സീനിയറായ പ്രേംശങ്കറിനുവേണ്ടി മറ്റൊരു ഭാഗവും നിലകൊണ്ടു. തർക്കം ഒഴിവാക്കാനായി അന്നും സമിതി രൂപവത്കരിച്ചിരുന്നു. പ്രേംശങ്കർ 1976 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനും കെ.എസ്.ബാലസുബ്രഹ്മണ്യൻ 1978 ബാച്ച് ഉദ്യോഗസ്ഥനുമായിരുന്നു. 1978 ബാച്ചിലെതന്നെ ജാംഗ്പാങിയെയും ഒഴിവാക്കിയാണ് സർക്കാർ 2012 ആഗസ്തിൽ കെ.എസ്.ബാലസുബ്രഹ്മണ്യനെ ഡി.ജി.പി.യായി നിയമിച്ചത്. ബാലസുബ്രഹ്മണ്യൻ, ജാംഗ്പാങി, പ്രേംശങ്കർ എന്നിവരെക്കൂടാതെ ഡി.ജി.പി.മാരായ അരവിന്ദ് ജെയ്ൻ, ദിനേശ്വർ ശർമ്മ, വേണുഗോപാൽ കെ.നായർ എന്നിവരുടെ പേരുകളും സമിതിയുടെ പരിഗണനയ്ക്ക് അന്ന് വന്നിരുന്നു. ഇതേ സാഹചര്യമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. ബാലസുബ്രഹ്മണ്യത്തെ പിന്തുണയ്ക്കാൻ മുഖ്യമന്ത്രിയ്‌ക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടിയും സജീവമായി.

എന്നാൽ ഇന്ന് ലീഗിലെ സമവാക്യങ്ങൾ മാറി. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പികെ കുഞ്ഞാലിക്കുട്ടിക്കാണ്. രാജ്യസഭാ സീറ്റ് അബ്ദുൾ വഹാബിന് നൽകിയത് കുഞ്ഞാലികുട്ടിയുടെ തന്ത്രങ്ങളെ വെട്ടി ലീഗിലെ മറുവിഭാഗമാണ്. ഇതോടു കൂടി മുഖ്യമന്ത്രിക്ക് അനുകൂലമായി മാത്രം ലീഗ് തീരുമാനങ്ങളെ മാറ്റാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയാത്ത സ്ഥിതിയായി. എന്നാൽ സിങ്ലാ വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മനസ്സും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമാണ്.