കൊച്ചി: ജിഷ വധക്കേസിലെ അന്വേഷണം പുരോഗമിക്കവേ മാദ്ധ്യമങ്ങൾക്കെതിരെ ഡിജിപി ലോകനാഥ് ബെഹ്‌റ രംഗത്ത്. ജിഷ വധക്കേസിലെ മാദ്ധ്യമ ഇടപെടൽ പൊലീസ് അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്നും അതുകൊണ്ട് മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോകനാഥ് ബെഹ്‌റ രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. മാദ്ധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചാൽ അത് പ്രോസിക്യൂഷൻ നടപടികളെ ബാധിക്കുമെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. പ്രതിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടികൾ പൂർത്തിയാകാത്തതിനാലാണ് ഡി.ജി.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ഏറെ സങ്കീർണമായ കേസിൽ പിടിയിലായത് അസം സ്വദേശിയായ അമീറുൾ ഇസ്ലാം എന്നയാളാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ മുഖം മറച്ചാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയതും മറ്റ് നടപടിക്രമണങ്ങൾ പൂർത്തിയാക്കിയതും. ജിഷയുടെ അയൽവാസിയായ വീട്ടമ്മ മാത്രമാണ് പ്രതിയുടെ തിരിച്ചറിയൽ പരേഡിന് എത്തിയത്. ഇനിയും തിരിച്ചറിൽ പരേഡ് നടക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റേതെന്ന് പറഞ്ഞ് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പ്രതിയുടെ ആസാമിലെ സുഹൃത്തുക്കളാണ് ചിത്രം പുറത്തുവിട്ടത് എന്ന വിധത്തിലായിരുന്നും പ്രചരണം. ഈ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായതോടെയാണ് ഡിജിപി മാദ്ധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയത്. രേഖാ ചിത്രവുമായി യാതൊരു സാമ്യവുമില്ലാത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരളത്തെ നടുക്കിയ കൊലയാളിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ആസാമിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അമീറുലിന്റെതെന്ന വിധത്തിൽ ചിത്രം പുറത്തായത്. നേരത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിയുടെ ചിത്രം പുറത്തുവിടുകയുള്ളൂവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടി അന്വേഷണ സംഘം തങ്ങളുടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ അമീറിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിൽനിന്നു പോയ അമീറിന്റെ ചിത്രങ്ങളെന്ന പേരിൽ ചിത്രം പുറത്തുവന്നത്.

പൊടിമീശയുള്ള ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ പൊലീസ് പുറത്തുവിട്ട രേഖചിത്രവുമായി യാതൊരു ബന്ധവും ഈ ചിത്രത്തിനില്ല. പൊലീസിന്റെ രേഖാചിത്രം മൂലം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ള നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.

അതിനിടെ അമീറുൽ ഇസ്‌ലാമിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. കേസന്വേഷണത്തിൽ താൻ തൃപ്തനാണെന്ന് ചോദ്യം ചെയ്യലിനുശേഷം ഡിജിപി മാദ്ധ്യമങ്ങളോടായി പറഞ്ഞു. കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി പൊലീസ് ശ്രമിക്കുകയാണ്. ഇതു കേസിന് കൂടുതൽ ബലം നൽകുമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതി അമീർ ചോദ്യം ചെയ്യലിൽ ഇടയ്ക്കിടെ മൊഴി മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് ഡിജിപി നേരിട്ടെത്തി വീണ്ടും ചോദ്യം ചെയ്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കൊലയ്ക്കു ശേഷം രക്ഷപ്പെട്ട പ്രതി വഴിയിൽ ചായ കുടിക്കാൻ കയറിയ കടയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. കേസിലെ തെളിവിലേക്കായി പ്രതി അമീറുൽ ഇസ്ലാമിന്റെ ഡിഎൻഎ ഔദ്യോഗികമായി പരിശോധിക്കാനും അന്വേഷണ സംഘം കോടതിയുടെ അനുവാദം തേടിയിട്ടുണ്ട്.

അതിനിടെ പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റകൃത്യം നടന്നതിനു പിന്നാലെ പ്രതി അമീറുൽ ഇസ്ലാം ചായ കുടിക്കാൻ പോയെന്നു സംശയിക്കുന്ന കുറുപ്പംപടിയിലെ ബേക്കറി അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പു നടത്തി. ബേക്കറിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. ബേക്കറി ഉടമ പ്രതിയെ തിരിച്ചറിഞ്ഞു. അമീറിന്റെ ഡിഎൻഎ പരിശോധന ഔദ്യോഗികമായി നടത്താനുള്ള പൊലീസിന്റെ അപേക്ഷ മജിസ്‌ട്രേട്ട് കോടതി അനുവദിച്ചു. തിരുവനന്തപുരം ഗവ. ഫൊറൻസിക് സയൻസ് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. കൊലപാതകത്തിനുശേഷം പ്രതി സഞ്ചരിച്ച വഴികളിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇരിങ്ങോൾ വൈദ്യശാലപ്പടിയിൽ അമീർ താമസിച്ച ലോഡ്ജിന്റെ ഉടമയും ഇന്നലെ പ്രതിയെ നേരിൽ കണ്ടു തിരിച്ചറിഞ്ഞു. കൊലപാതക ദിവസത്തെയും അതിനു ശേഷവുമുള്ള സംഭവങ്ങൾ അമീർ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ, അതിനു മുൻപുള്ള കാര്യങ്ങൾ പറയുന്നതിൽ വ്യക്തതയില്ല. സംഭവം നടന്ന ഏപ്രിൽ 28ന് ഉച്ചയ്ക്കുശേഷം അമീർ വട്ടോളിപ്പടിയിൽ എത്തിയതിന്റെ തെളിവുകളാണു സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇതുവരെ കണ്ടെത്തിയത്. അന്നു പുലർച്ചെ അമീറിനെ ജിഷയുടെ വീടിനു സമീപം കണ്ടതായ ദൃക്‌സാക്ഷിയുടെ മൊഴി ഫോൺ ടവർ ലൊക്കേഷൻ കണക്കാക്കി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

ഫോൺ എടുക്കാതെയാവാം അമീർ പുലർച്ചെ എത്തിയതെന്ന് അനുമാനിക്കുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് അമീറിന്റെ മൊഴികളിൽ വ്യക്തമാവുന്നത്. എന്നാൽ, അറസ്റ്റിലായ ശേഷം ആദ്യദിവസങ്ങളിലെ മൊഴികൾ സുഹൃത്ത് അനറുൽ ഇസ്ലാമിന് എതിരായിരുന്നു. സംഭവത്തിനുശേഷം അസമിലേക്കു പോയ അനർ പിന്നീടു മുങ്ങി. പൊലീസ് ചോദ്യം ചെയ്ത ശേഷമാണ് അനർ മുങ്ങിയത്.