- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണത്തിന് കൂട്ടു നിന്നവർക്ക് അംഗീകാരം; മുട്ടിലിലെ സത്യം പുറത്തെത്തിച്ച ഉദ്യോഗസ്ഥന് നെട്ടോട്ടവും; ആറു മാസം തികഞ്ഞതും കാസർകോട്ടെ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് സ്ഥാനമാറ്റം; ഇനി സാമൂഹിക വനവൽക്കരണത്തിന് നിയോഗം; സർക്കാരിന്റെ കണ്ണിലെ കരടായ ധനേഷ് കുമാറിന് പണി കൊടുക്കൽ തുടരുമ്പോൾ
കാസർകോട്: ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി.ധനേഷ് കുമാറിനു ഇത് നെട്ടോട്ട കാലം. മുട്ടിൽ മരം മുറിയിലെ ചതി പുറത്തായ ശേഷം ഈ ഉദ്യോഗസ്ഥന് ഒരിടത്തും ഉറയ്ക്കാൻ കഴിയുന്നില്ല. സ്ഥലം മാറ്റത്തോടെ സ്ഥലം മാറ്റമാണ്. ഒരിടത്ത് പോയി എല്ലാം ഏതാണ്ട് ശരിയാക്കുമ്പോൾ വീണ്ടും സ്ഥാനചലനം. കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗം മേധാവി ആയാണ് ഇത്തവണ മാറ്റം. ജില്ലയിൽ ഡിഎഫ്ഒ ആയി ചുമതല ഏറ്റെടുത്ത് 6 മാസം മാത്രം പിന്നിട്ടപ്പോൾ ആണ് തസ്തികയിൽ മാറ്റം ഉണ്ടായിരിക്കുന്നത്.
തുടർച്ചയായ 2 അവധി ദിനങ്ങൾക്കു തലേന്നാണ് സ്ഥാനമാറ്റ ഉത്തരവ് ഇറക്കിയത്. കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങാതിരിക്കാനാണ് ഇത്തരത്തിൽ നീക്കം നടത്തിയത് എന്നാണു സൂചന. അങ്ങനെ എല്ലാ തന്ത്രങ്ങളും പയറ്റുന്നു. സിപിഎമ്മുകാർക്ക് പോലും സർവ്വ സമ്മതനാണ് ഈ ഉദ്യോഗസ്ഥൻ. ഈ വിഷയം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. ധനേഷ് കുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ വനം മന്ത്രിക്കു കത്തും അയച്ചു.
സിപിഎമ്മിന്റെ എംഎൽഎ തന്നെ വിഷയത്തിൽ ഇടപെട്ടതിനാൽ തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ വനംവകുപ്പ് മന്ത്രി സമ്മർദ്ദത്തിലാകും. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടലാണ് ഇതിന് പിന്നിൽ. മുട്ടിൽ മരം മുറിയിൽ ഉന്നത ബന്ധങ്ങൾ പുറത്തെത്തിയത് ധനേഷ് കുമാറിലൂടെയാണ്. മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടത്തിന്റെ ഇടപെടലുകൾ വനം വകുപ്പിന്റെ റിപ്പോർട്ടിലുമെത്തി. ധർമ്മടത്തെ മറ്റൊരു ഐഎഫ് എസ് ഓഫീസറും കുടുങ്ങി. ഇതോടെ വനം വകുപ്പിന്റെ കണ്ണിലെ കരടായി ധനേഷ് കുമാർ.
അതുകൊണ്ട് ഡിഎഫ്ഒക്കെതിരെ എൻസിപിയുടെ ചില പ്രാദേശിക നേതാക്കളും സംസ്ഥാന നേതാക്കളും നീക്കങ്ങൾ നടത്തിവന്നിരുന്നു. ചില ക്വാറികളുടെ പ്രവർത്തനത്തിന് അനുമതി നൽകാത്തതു സംബന്ധിച്ചും ഇദ്ദേഹത്തിനെതിരെ നീക്കങ്ങൾ ഉണ്ടായിരുന്നു. വയനാട് മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണത്തിനിടെ തിടുക്കത്തിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ധനേഷ് കുമാറിനെ കാസർകോട് ഡിഎഫ്ഒ ആയി സ്ഥലം മാറ്റിയത്.
ഡിഎഫ്ഒയെ മാറ്റാൻ അനുവദിക്കില്ലെന്നും നിയമാനുസൃതമായ കാലയളവ് പൂർത്തിയാക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ജില്ലയിലെ എൽഡിഎഫിന്റെ 3 എംഎൽഎമാരും കഴിഞ്ഞ മാസം വനം മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതിനിടെയാണു പുതിയ സ്ഥാനമാറ്റ ഉത്തരവ് ഇറങ്ങിയത്. കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗം മേധാവിയായിരുന്ന പി.ബിജു ആണു പുതിയ ഡിഎഫ്ഒ.
മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻടി സാജനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകളായിരുന്നു. ഇയാൾക്ക് വേണ്ടി ഒത്താശ ചെയ്തത് 24 ന്യൂസിലെ മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടവും. ഇരുവരും തമ്മിലുള്ള ഇടപെടലുകൾ അക്കമിട്ടു നിരത്തുന്നതാണ് വനം വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട്. എന്നിട്ടും കുറ്റക്കാരനായ ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവാദ മാധ്യമ പ്രവർത്തകൻ ആകട്ടെ ഇപ്പോഴും ജനങ്ങൾക്ക് മുന്നിലെത്തി അഴിമതി വിരുദ്ധ വാർത്തകൾ തള്ളിമറിക്കുകയും ചെയ്യുന്നു. പക്ഷേ സത്യം പുറത്തെത്തിച്ച ധനേഷ് കുമാറിന് മാത്രം രക്ഷയില്ല.
മരംമുറി വിവാദമായതോടെയാണ് വനം വകുപ്പ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയത്. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികൾക്ക് വേണ്ടി എങ്ങനെയാണ് എ ടി സാജൻ അനധികൃത ഇടപെടൽ നടത്തിയതെന്ന് അക്കമിട്ട് നിരത്തുന്നു. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും പ്രതികളും 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ സാജൻ കുടുക്കി റിപ്പോർട്ട് നൽകിയന്നാണ് കണ്ടെത്തൽ. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയായിരുന്നു സാജന്റെ നീക്കമെന്നാണ് കണ്ടെത്തൽ.
മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ, രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. സാജനൊപ്പം ഈ നീക്കത്തിൽ നിർണായക കണ്ണിയായത് ദീപക് ധർമ്മടം തന്നെയായിരുന്നു. സമീറിനെതിരെ കേസ് കെട്ടിച്ചമച്ചക്കാൻ സാജന്റെ ഓഫീസും മാധ്യമപ്രവർത്തകനെയും പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇത് റിപ്പോർട്ടിലുമുണ്ടായിരുന്നു.
കേസിലെ ദ്യോഗസ്ഥനെ പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെയും സ്വാധീനം ചെലുത്തിയിരുന്നതിന്റെയും തെളിവുകളും ഉണ്ട്. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തിലാണ് കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിന് മേൽസമ്മർദം ചെലുത്താനും കേസ് വഴിതിരിച്ചു വിടാനും ദീപക് ധർമ്മടം ശ്രമിച്ചതെന്നും രാജേഷ് രവീന്ദ്രൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധനേഷ് കുമാറിനെ ദീപക് ഒരു ദിവസം നിരവധി തവണ ഫോണിൽ വിളിച്ച വിവരവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 24 ന്യൂസ് ചാനലിലെ കോഴിക്കോട് ബ്യൂറോ ചീഫ് എന്നു പറഞ്ഞാണ് ധനേഷ് കുമാറിനെ ഫോണിൽ വിളിച്ചത്.
ഇത് പുറത്തു വരാൻ കാരണം ധനേഷ് കുമാറിന്റെ ഇടപെടലായിരുന്നു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ നൽകിയ പരാതിയിൽ രാജേഷ് രവീന്ദ്രൻ അന്വേഷണം നടത്തി ജൂൺ 29ന് നൽകിയ 18 പേജുള്ള റിപ്പോർട്ടാണു പുറത്തു വന്നത്.
മറുനാടന് മലയാളി ബ്യൂറോ