ചെന്നൈ: മലയാളത്തിൽ ദിലീപിനാണ് കഷ്ടകാലമെങ്കിൽ, തമിഴിൽ ധനുഷിനാണ് കണ്ടകശനി.മോഷണക്കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കാരവനിലേക്ക് തെരുവ് വിളക്കിന്റെ ലൈനിൽ നിന്ന് വൈദ്യുതി അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാൾ ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയതായിരുന്നു നടൻ ധനുഷും കുടുംബവും. ഒപ്പം രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കൾ എന്നിവരും എത്തിയിരുന്നു.

ക്ഷേത്രദർശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.ക്ഷേത്രദർശനത്തിന് ശേഷം ധനുഷ് കാറിൽ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് കാരവൻ പിടിച്ചെടുത്തത്.

വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽനിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകൾ അധികൃതർ കണ്ടെത്തുകയും ശിക്ഷയായി ഡ്രൈവർ വീരപ്പന്റെ പക്കൽനിന്ന് 15,731 രൂപ അധികൃതർ പിഴയായി ഈടാക്കുകയും ചെയ്തു.ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുരയിലെ ദമ്പതികൾ രംഗത്തെത്തിയത് അടുത്തിടെ ധനുഷിനെ വിവാദക്കുരുക്കിലാക്കിയിരുന്നു