- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധന്യ ഡേവിഡ് മറ്റൊരു റോജി റോയിയോ ? ഉന്നത ആശുപത്രികളിലെ നേഴ്‌സിങ് വിദ്യാർത്ഥികളുടെ അവസ്ഥ അടിമകളെക്കാൾ കഷ്ടം; കിംസിന് പിന്നാലെ ലിസിയും വിവാദത്തിൽ; അന്വേഷണമെല്ലാം പ്രഹസനത്തിൽ ഒതുങ്ങുമെന്ന് സൂചന
കൊച്ചി: തിരുവനന്തപുരം കിംസ് നേഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റക്കാർ മാന്യന്മാരായി നടക്കുന്നു. ഇത്തരത്തിലൊരു സാഹചര്യം ഒരുക്കിയവർ തന്നെയാണ് ധന്യ ഡേവിഡിനേയും ആത്മഹത്യയിലേക്ക് തള്ളി വ
കൊച്ചി: തിരുവനന്തപുരം കിംസ് നേഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റക്കാർ മാന്യന്മാരായി നടക്കുന്നു. ഇത്തരത്തിലൊരു സാഹചര്യം ഒരുക്കിയവർ തന്നെയാണ് ധന്യ ഡേവിഡിനേയും ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. നേഴ്‌സിങ് സ്‌കൂളുകളുടെ മറവിൽ നടക്കുന്ന മാനസിക പീഡനവും സമ്മർദ്ദങ്ങളും തന്നെയായിരുന്നു റോജി റോയിയുടെ മാതാപിതാക്കളെ കണ്ണീരിലാക്കിയത്. ഇതിന് സമാനമാണ് ധന്യ ഡേവിഡിന് സംഭവിച്ചതും. മാനസിക പീഡനത്തിനൊപ്പം മറ്റ് സംഘർഷങ്ങളും മാനേജ്‌മെന്റിൽ നിന്നുണ്ടായപ്പോൾ പരീക്ഷാ പേടി കലശലായി. കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അച്ഛനും അമ്മയ്ക്കും നീതി നൽകാനാകില്ലേ എന്ന ഭയത്തിൽ കൊച്ചിയിലെ ലിസി ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും ധന്യാ ഡേവിഡ് ചാടി മരിക്കുകയായിരുന്നു. ഇവിടേയും ധന്യ ഡേവിഡിന്റെ മാനസികാവസ്ഥയെ കുറ്റപ്പെടുത്തി കേസും നൂലമാലകളും ഒഴിവാക്കാൻ ലിസിക്കാകുമായിരിക്കും. അങ്ങനെ വന്നാൽ ഇന്നിയും ധന്യമാരും റോജി റോയിമാരും സൃഷ്ടിക്കപ്പെടും.
എറണാകുളം ലിസി കോളേജ് ഒഫ് നഴ്‌സിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഹോസ്റ്റലിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചതിന് മാനസിക സമ്മർദ്ദത്തെയാണ് ആശുപത്രി മാനേജ്‌മെൻരും ഉയർത്തിക്കാട്ടുന്നത്. പരീക്ഷയടുത്തിട്ടും പ്രോജക്ട് വർക്ക് സമർപ്പിക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദമാകാം ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ലിസി മെഡിക്കൽ ആൻഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാദർ തോമസ് വൈക്കത്തുപറമ്പൻ പറയുന്നു. എന്നാൽ ഈ മാനസിക സമ്മർദ്ദത്തിന് കാരണം മാനേജ്‌മെന്റ് തന്നെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലും വ്യക്തം. പാവപ്പെട്ട വീട്ടിലെ കുട്ടികൾ വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് ഇത്തരം കോഴ്‌സുകൾ പഠിക്കാനെത്തുന്നത്. വിദേശത്തെ ജോലി സാധ്യത തന്നെയാണ് ഇതിന് കാരണവും. അഞ്ച് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ കടത്തിൽ പഠനത്തിനെത്തുന്ന കുട്ടികൾക്ക് മാനസിക പീഡനമാണ് മിക്ക നേഴ്‌സിങ് കോളേജുകളും നൽകുന്നത്. ഇന്റേണൽ മാർക്കിന്റെ പേരിൽ ഭയപ്പെടുത്തലുകൾ. ഇതെല്ലാമുമ്പോൾ പ്രോജക്ട് റിപ്പോർട്ട് പോലുള്ള നിസ്സാര കാര്യങ്ങളിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇത് തന്നെയാണ് ലിസി ആശുപത്രിയിലെ സംഭവത്തിനും കാരണം.
എന്നാൽ ഉന്നത സ്വാധീനമുള്ള ലിസി ആശുപത്രിയെ തൊടാൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ കിംസിലേയും ലിസിയിലേയും വിദ്യാർത്ഥിനികളുടെ മരണം വെറും ആത്മഹത്യ കേസുകളാകും. ആത്മഹത്യാ പ്രേരണയെന്ന ക്രിമിനൽ കുറ്റം ഇവിടെ വരികയുമില്ല. . തൃക്കാക്കര ചാലിശ്ശേരി ഡേവിഡിന്റെ മകൾ ധന്യ ഡേവിഡ് (20) ആണ് ഇന്നലെ ഉച്ചയ്ക്ക് 12.25 ഓടെ കെട്ടിടത്തിൽ നിന്ന് ചാടിയത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ക്‌ളാസിൽ ഇരുന്ന ശേഷം ഹോസ്റ്റലിലേക്ക് പോയതാണ്. അടുക്കള ഭാഗത്ത് ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ധന്യ വീണു കിടക്കുന്നത് കണ്ടത്. ഉടൻ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ചയ്ക്കകം പരീക്ഷ നടക്കാനിരിക്കെ പ്രോജക്ട് വർക്കുകളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ധന്യയ്ക്കു കഴിഞ്ഞിരുന്നില്ല. ഇതാകാം ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് സമ്മതിക്കുന്നുമുണ്ട്. എന്നാൽ സഹപാഠികളെ ചോദ്യം ചെയ്യാനോ അദ്ധ്യാപകരിൽ നിന്ന് മൊഴിയെടുക്കാനോ ഒന്നും പൊലീസിന് കഴിയില്ല.
പെൺകുട്ടിക്ക് മാനസിക സംഘർഷമൊന്നും ഉള്ളതായി അറിവില്ലെന്ന് കോളേജ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു. ഇടയ്ക്കിടെ കുട്ടികൾക്ക് കൗൺസലിങ് നടക്കാറുണ്ട്. ഞായറാഴ്ച മുതൽ സ്റ്റഡി ലീവ് ആരംഭിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മാത്രമാകും പൊലീസിന് വലുതും. അതിപ്പുറത്തേക്ക് ഒന്നും ചെയ്യാൻ അവർക്ക് കഴിയുകയുമില്ല. ധന്യ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റലിന്റെ ഏഴാംനിലയിൽനിന്ന് ചാടിയാണ് ധന്യ ഡേവിഡ് ആത്മഹത്യചെയ്തത്. ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി പി സാനു, സെക്രട്ടറി എം വിജി എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം പ്രസ്താവനകൾക്ക് വേണ്ടത്ര ഗൗരവം ആരും നൽകില്ല. അതുകൊണ്ട് തന്നെ ഇത്തരം രക്തസാക്ഷികൾ കൂടുകയേ ഉള്ളൂ.
നേഴ്‌സിങ് പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാത്തതിന്റെ പേരിൽ മാത്രമാണ് ഈ ആത്മഹത്യയെന്ന് ആരും വിശ്വസിക്കുന്നില്ല. വിദേശ ജോലി മോഹവുമായാണ് ഇത്തരം കോഴ്‌സുകൾക്ക് കുട്ടികൾ പഠിക്കാനെത്തുന്നത്. എന്നാൽ നേഴ്‌സിങ് മേഖലയിൽ ഇത് ഉതുപ്പ് വർഗ്ഗീസുമാരുടെ കാലമാണ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ ഏജൻസി വഴി നേരിട്ട് വിദേശ ജോലി റിക്രൂട്ട്‌മെന്റ് നടത്താനുള്ള സർക്കാർ തീരുമാനം പോലും അട്ടിമറിക്കുന്ന ഉതുപ്പ് വർഗ്ഗീസുമാരുടെ കനിവിൽ ജോലി കിട്ടണമെങ്കിൽ ലക്ഷങ്ങൾ വേണം. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിലെ ജോലിക്ക് ഐഎൽടിഇഎസ് 7 പരീക്ഷ പാസാകണം. മറ്റ് രാജ്യങ്ങളിലും ഐഎൽടിഇഎസ് അനിവാര്യതയാണ്. അതുകൊണ്ട് ലോണെടുത്ത് പഠിക്കാനെത്തുന്നവരെല്ലാം പ്രതിസന്ധിയിലാണ് ഇന്ന്. ഇത്തരം അവസ്ഥയുണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിനൊപ്പമാണ് ആശുപത്രികൾ നൽകുന്ന പീഡനവും. അച്ചടക്കത്തിന്റെ പേരിൽ അടിമകളെ പോലെയാണ് കുട്ടികളെ ഹോസ്റ്റലുകളിൽ പാർപ്പിക്കുന്നത്. മൊബൈൽ ഫോണിൽ വീട്ടിൽ വിളിക്കുന്നതിന് പോലും വിലക്ക്.
ഇത്തരം പ്രശ്‌നങ്ങളെ ചോദ്യം ചെയ്താൽ അവർക്ക് ഇന്റേണൽ മാർക്ക് നഷ്ടമാകും. ഇതിന് പ്രോജക്ട് അല്ല എന്ത് നന്നായി ചെയ്തിട്ടും കാര്യമില്ല. അദ്ധ്യാപകരുടെ ഇഷ്ടമാത്രമേ നടക്കൂ. ഇത്തരം പ്രശ്‌നങ്ങളിൽ ധന്യയും പെട്ടിരുന്നതായാണ് സൂചന. ലിസി ആശുപത്രിയിൽ കന്യാസ്ത്രീകൾക്കാണ് നടത്തിപ്പ് ചുമതല. പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണികൾ ഇവരുടെ ഭാഗത്തു നിന്നും എപ്പോഴും ഉയർന്നു കേൾക്കും. പരീക്ഷയിൽ ജയിക്കേണ്ടതിന്റെ ആവശ്യകതയാകും വീട്ടുകാർ ഉയർത്തുക. അങ്ങനെ വരുമ്പോൾ കുട്ടികൾ സമ്മർദ്ദത്തിലാകും. അതൊക്കെ തന്നെയാണ് ലിസി ആശുപത്രിയിലും സംഭവിച്ചത് എന്നാണ് സൂചന. ഇതുകൊണ്ട ്കൂടിയാണ് ആത്മഹത്യാ കുറിപ്പിൽ പ്രോജക്ട് റിപ്പോർട്ടിന്റെ കാര്യം ധന്യ സൂചിപ്പിച്ചതും. ലിസി ആശുപത്രിക്ക് സമീപമായുള്ള നഴ്‌സിങ് കോളേജിൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ ധന്യ ക്ലാസിലുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതിനുശേഷം ഹോസ്റ്റൽ മുറിയിൽ നിന്ന് എന്തോ എടുക്കാനുണ്ടെന്നു പറഞ്ഞ് ഇന്റർവെൽ സമയത്ത് 100 മീ. മാത്രം അകലെയുള്ള ഹോസ്റ്റൽ ബ്ലോക്കിലേക്ക് എത്തുകയായിരുന്നു. ഈ സമയം ചില കുട്ടികൾ ഹോസ്റ്റലിലെ വിവിധ നിലകളിലായുണ്ടായിരുന്നു. ഹോസ്റ്റലിന് പിറകിലായി എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വിദ്യാർത്ഥിനികളും ഹോസ്റ്റലിലുണ്ടായിരുന്ന പണിക്കാരും ചേർന്ന് ഉടൻ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ സൺഷേഡിൽ ഇടിച്ചും മറ്റും തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആരു കാണാത്ത മരണം എങ്ങനെ ആത്മഹത്യയാകുന്നു എന്ന ചോദ്യവും ഉണ്ട്. അതുകൊണ്ട് തന്നെ ഹോസ്റ്റിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്യണം. എന്നാൽ ഇതൊന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. അത്രയും സ്വാധീനമുള്ള മാനേജ്‌മെന്റാണ് ലിസി. അതുകൊണ്ട് തന്നെ കിംസിൽ റോജി റോയിയുടെ മരണത്തിലുണ്ടായതൊക്കെ തന്നെ ലിസിയിൽ ധന്യയുടെ മരണത്തിലും സംഭവിക്കുമെന്നാണ് സൂചന. നോർത്ത് സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോസ്റ്റലിൽ ധന്യയുടെ മുറിയിലും ചാടിയ സ്ഥലങ്ങളിലുമായി പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണത്തെ സംബന്ധിച്ച ശാസ്ത്രീയ വിശകലനം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ബെന്നി ബഹനാൻ എംഎൽഎ, സിറ്റി പൊലീസ് കമ്മീഷണർ എ.എസ്. ദിനേശ്, അസി. പൊലീസ് കമ്മീഷണർ എസ്.ടി. സുരേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി.