കോയമ്പത്തൂർ : കേന്ദ്രസർക്കാർസ്ഥാപനമായ ഇ.എസ്‌ഐ. കോർപ്പറേഷനിൽ ജോലി വാഗ്ദാനംചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ സ്ഥിരം തട്ടിപ്പുകാർ. തൃശ്ശൂർ സ്വദേശിനി ധന്യ (39), ഭർത്താവ് കരുണാനിധി എന്നിവർക്കെതിരെയാണ് കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്.

സിങ്കാനല്ലൂർ ഇ.എസ്‌ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ക്ലാർക്ക്, അസിസ്റ്റന്റ്, എച്ച്.ആർ. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡീൻ ആണ് താനെന്നും അറിയിച്ചു. അങ്ങനെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഇത് വിശ്വസിച്ച് പലരും പണം നൽകി. സിങ്കാനല്ലൂരിലെ മറ്റൊരു വഞ്ചനക്കേസിൽ പ്രതിയാണ് പ്രദീപ്. ധന്യ ബെംഗളൂരുവിലും ഒട്ടേറെ തട്ടിപ്പ് നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂർ സ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്. പണം നഷ്ടമാകുകയും ചെയ്തു. തന്റെ സഹോദരിക്ക് നഴ്‌സ് ജോലിക്കായി മൂന്നുലക്ഷം രൂപ നൽകിയിരുന്നെന്ന് പ്രദീപ് ഇവരെ വിശ്വസിപ്പിച്ചിരുന്നു. ഇതു കൊണ്ടാണ് 10 പേർ 50 ലക്ഷത്തോളം രൂപയും യഥാർഥ സർട്ടിഫിക്കറ്റുകളും നൽകിയത്. പിന്നീട് ധന്യയെയും മറ്റും കാണാതായി. ഭക്ഷ്യവിതരണ കമ്പനിയിൽ ജോലിക്കുകയറിയ നുഫൈൽ ആറുമാസത്തിനുശേഷം ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്.

ഇതേത്തുടർന്ന് മറ്റുള്ള സുഹൃത്തുക്കളുമൊപ്പം മൂന്നു ദിവസം വീടിനുമുന്നിൽ സമരം നടത്തി. പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ധന്യയും ഭർത്താവും വീടിന് പുറത്തിറങ്ങിയില്ല. അഭിഭാഷകരുടെ സഹായത്തോടെ ധന്യ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകിയെങ്കിലും പണം നൽകിയില്ല. വ്യാഴാഴ്ച മുതൽ ധന്യ ഗ്യാസ് അടുപ്പ് തുറന്ന് ആത്മഹത്യഭീഷണി മുഴക്കിയതോടെ പൊലീസ് സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടു.

അനുനയശ്രമങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച വീടിന് പുറത്തെത്തിയ ധന്യയെയും ഭർത്താവിനെയും കുട്ടികളെയും പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഇവർ അവശതയിലാണ്. നുഫൈലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ധന്യയുടെ തട്ടിപ്പുകൾക്ക് ഭർത്താവ് കരുണാനിധിയുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ് കണ്ടെ്ത്തൽ. ഈ സാഹചര്യത്തിലാണ് കരുണാനധിയും പ്രതിയാകുന്നത്.

ആശുപത്രിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി പേരെ ഇവർ പറ്റിച്ചിട്ടുണ്ട്. പലർക്കും വ്യാജ നിയമന ഉത്തരവും നൽകി. അതിന് ശേഷമാണ് പണം കൈപ്പറ്റിയിരുന്നത്. പണവുമായി ആശുപത്രിയിൽ എത്തുമ്പോഴാണ് പറ്റിക്കപ്പെട്ടത് പലരും അറിയുന്നത്.