തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിനേയും നടനും ബിൽഡിങ് കമ്പനി ഉടമയും കൂടിയായ ഭർത്താവ് ജോണിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജോണിന്റെ സഹോദരൻ സാമുവലും പിടിയിലായിട്ടുണ്ട്. 100 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പു കേസിലാണ് അറസ്റ്റ്. സാംസൺ ആൻഡ് സൺസ് ഗ്രൂപ്പിലെ മാർക്കറ്റിംഗി മാനേജർ കൂടിയായ ധന്യ മേരി വർഗീസിനെ അറസ്റ്റ് ചെയ്തത്. 

ധന്യ മേരി വർഗീസ്, ഭർത്താവും നടനും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഡയറക്ടറുമായ ജോൺ, സഹോദരൻ സാമുവൽ എന്നിവരാണ് അറസ്റ്റിലായത്. നാഗർകോവിലിലെ വീട്ടിൽ നിന്നും പുലർച്ചെയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇതേ കേസിൽ ധന്യയുടെ ഭർതൃപിതാവ് ജേക്കബ് സാംസൺ നേരത്തേ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്. മ്യൂസിയം, കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പിനിരയായ എൺപതിലേറെപ്പേർ പരാതിയുമായെത്തിയിരുന്നു. കേസ് പിന്നീട് പൊലീസ് ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കും. ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞു നൂറുകണക്കിനാളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ ജേക്കബ് സാംസണെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജേക്കബ് ആൻഡ് സൺസ് കമ്പനിയുടെ ഡയറക്ടർമാരായ മക്കൾ ജോണും സാമുവലും മുൻകൂർ ജാമ്യം തേടുകുയും ചെയ്തു. ഇതിനിടെ കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന നടി ധന്യ മേരി വർഗീസിനെ കേസിൽ പ്രതി ചേർക്കുന്നതും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് ധന്യയും തട്ടിപ്പിൽ ഭാഗമായെന്ന് വ്യക്തമായത്. ക്രൈംബ്രാഞ്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിലാണ് ധന്യയുടെ ഭർതൃപിതാവ് ജേക്കബ് സാംസൺ അറസ്റ്റിലായത്. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പുറംലോകത്ത് എത്തിയത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. പ്രസ്തുത കമ്പനിയുടെ സെൽസ് വിഭാഗം ഡയറക്ടറായിരുന്നു ധന്യമേരി വർഗ്ഗീസ്. മ്യൂസിയം, കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫൽറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ഇവർ അഡ്വാൻസ് തുക കൈപ്പറ്റി.

40 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇവർ പലരിൽ നിന്നായി വാങ്ങിയത്. പണി പൂർത്തിയാക്കി 2014 ഡിസംബറിൽ ഫൽറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ലാറ്റ് നൽകാതിരുന്നതിനെ തുടർന്ന് പണം നൽകിയവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർതൃപിതാവിന്റെ കമ്പനിയിൽ ഫ്ലാറ്റുകളുടെ സെയിൽസ് വിഭാഗത്തിലായിരുന്നു ധന്യ മേരി വർഗീസ് പ്രവർത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന് ഇമേജ് ഉപയോഗിച്ച് ധന്യ നിരവധി പേരിൽ നിന്ന് പണം വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ധന്യയെ പ്രതിചേർക്കുന്നത് . അതിനിടെ നടിക്ക് വേണ്ടി ഉന്നത തല സമ്മർദ്ദം ശക്തമായി. എന്നാൽ പരാതിക്കാരുടെ മൊഴി എതിരായതോടെ പൊലീസ് ധന്യയേയും ഭർത്താവ് ജോണിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ജേക്കബ് സാംസൺ, മക്കളായ ജോൺ, സാം എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ഇതിൽ ചലച്ചിത്ര നടനും മ്യൂസിക് ഷോ അവതാരകനും കൂടിയായ ജോണാണ് ധന്യാമേരീ വർഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്.

കൂത്താട്ടുകുളം ഇടയാർ വർഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ധന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006ൽ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു. എംബിഎ ബിരുദധാരിയായ ജോൺ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷൻ ചാനലിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂർണമെന്റ്' എന്ന സിനിമയിൽ നാല് യുവനായകന്മാരിൽ ഒരാളായിരുന്നു ജോൺ.

സിനിമയിലെ ഗ്ലാമർ പരിവേഷമാണ് തട്ടിപ്പിന് പ്രധാനമായും ഉപയോഗിച്ചത്. 2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളിൽ പറയുന്നത്. 2011 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസിൽ എന്ന ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 25 പേരിൽ നിന്ന് ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ കൊടുത്തവരിൽ ഉൾപ്പെടുന്നു. മരുമകളായി ധന്യ എത്തിയതോടെ കൂടുതൽ പേരെ തട്ടിപ്പിനിരകളാക്കി. 2014 ഡിസംബറിൽ ഫ്ലാറ്റ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾ ഫ്ലാറ്റ് നിർമ്മാതാക്കളെ സമീപിച്ചു. ഉടൻ പൂർത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവർഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇതുകൂടാതെ ഫ്ലാറ്റുകളും ഫ്ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാർ ആരോപിക്കുന്നു.

നോവ കാസിൽ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്ലാറ്റ് നിർമ്മിക്കാമെന്ന് കാണിച്ച് പലരിൽ നിന്നും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് അഡ്വാൻസ് തുക കൈപ്പറ്റി. 25 ഫ്ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ഈ ഫ്ലാറ്റുകൾക്ക് അഡ്വാൻസ് നൽകി. എന്നാൽ ഫ്ലാറ്റ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂർക്കടയിൽ പേൾ എന്ന് ഫ്ലാറ്റും വഴയിലയിൽ സാങ്ച്വറി എന്ന് ഫ്ലാറ്റ് സമുച്ചയവും മരുതൂരിൽ ഷാരോൺ വില്ലാസ് ആൻഡ് ഫ്ലാറ്റ് എന്ന് സമുച്ചയവും നിർമ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയിൽ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയിൽ മെറിലാന്റ് എന്ന ഫ്ലാറ്റ് നിന്നിരുന്ന സ്ഥലം സാംസൺ ആൻഡ് ബിൾഡേഴ്സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്ലാറ്റ് ഉടമകൾക്ക് പകരം ഫ്ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസൺ ആൻഡ് ബിൾഡേഴ്സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.

ഫ്ലാറ്റ് തട്ടിപ്പ് കൂടാതെ ധന്യയും ഭർത്താവും ചേർന്ന് നിക്ഷേപത്തട്ടിപ്പും നടത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. 24 ശതമാനം വാർഷിക പലിശ നൽകാമെന്ന് പറഞ്ഞു ഇവർ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. 36 പേരുടെ കയ്യിൽ നിന്ന് 19 കോടി 63 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി സ്വീകരിച്ചത്. എന്നാൽ മാസങ്ങളായി ഇവർ പലിശ നൽകുന്നില്ല. തുക ആവശ്യപ്പെട്ട് ചെല്ലുന്നവർക്ക് വണ്ടിച്ചെക്ക് നൽകുകയും ഫ്ലാറ്റുകൾ എഴുതിനൽകാമെന്ന് ഉറപ്പു നൽകുകയുമാണ് പതിവ്. ഒരേ ഫ്ലാറ്റ് ഒന്നിലധികം പേർക്ക് എഴുതി നൽകിയും കബളിപ്പിക്കൽ നടന്നിട്ടുണ്ട്. കേസ് കൊടുത്താൽ പണം തിരികെ നൽകില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കുബേരയിൽ പ്പെടുത്തുമെന്നു ചിലരെ ഭീഷണിപ്പെടുത്തി. നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഇവർക്ക് നിയമാനുസൃതമായ ലൈസൻസ് തന്നെയില്ല.

ജേക്കബ് സാംസണെതിരെയും കുടുംബത്തിനെതിരെയും പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം തിരികെ നല്കുന്നില്ലെന്നാണ് പരാതി. പരാതിക്കാർ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. നിക്ഷേപതുകയ്ക്ക് ഉയർന്ന പലിശയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കബളിപ്പിക്കൽ നടത്തിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.