കോഴിക്കോട്: കേരളത്തിൽ യു.ഡി.എഫ് ജയിച്ചാലേ കാര്യമുള്ളുവെന്ന് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾ​ഗാട്ടി. സിനിമയല്ല, രാഷ്ട്രീയമാണിത് എന്ന ഉത്തമ ബോധ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ധർമജൻ പറയുന്നു. മനോരമ ഓൺലൈനോടായിരുന്നു താരത്തിന്റെ പ്രതികരണം. ധർമം ജയിക്കാൻ ധർമ്മജൻ എന്നതാണ് ടാഗ്‌ലൈൻ എന്നും അത് താൻ ഉണ്ടാക്കിയ ടാഗ്ലൈൻ ആണെന്നും അദ്ദേഹം പറഞ്ഞു.

ധർമം ജയിക്കാൻ ധർമ്മജനൊപ്പം എന്ന ടാഗ്‌ലൈൻ വെറുതെ പ്രാസം ഒപ്പിക്കാൻ പറയുന്നതല്ലെന്നും കേരളത്തിൽ എല്ലായിടത്തും അധർമ്മമാണ് വിളയാടുന്നതെന്നും ധർമ്മജൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താൻ എന്നും സ്‌കൂൾ കാലം മുതലേ സംഘടനാ പ്രവർത്തനം നടത്തിയ ആളാണ് എന്നും അദ്ദേഹം പറയുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ മേഖലയിൽ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി എന്തായാലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബാലുശ്ശേരിയിൽ ധർമജന് വോട്ട് തേടി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബാലുശ്ശേരിയിൽ ധർമജന് എതിരെ മത്സരിക്കുന്നത് സിപിഐ.എം നേതാവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിൻ ദേവ് ആണ്. സിപിഐ.എം നേതാവ് പുരുഷൻ കടലുണ്ടിയുടെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി.

പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് നിയമസഭാ സീറ്റ് തന്നാൽ മത്സരിക്കുമോയെന്ന് ചോദിച്ചാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധർമജൻ നേരത്തേ പ്രതികരിച്ചത്. അതേസമയം താൻ കോൺഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ തനിക്ക് നൽകാൻ പാർട്ടി മടിക്കുമെന്നും താരം പറഞ്ഞിരുന്നു.