- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെ കലാകാരന്മാരിൽ കൂടുതൽപ്പേരും വലതുപക്ഷത്ത്; ഇനിയും കൂടുതൽ കലാകാരന്മാർ കോൺഗ്രസിലേക്ക് വരുമെന്നും ധർമജൻ ബോൾഗാട്ടി; പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും താരം
കൊച്ചി: കോൺഗ്രസ് ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി നടൻ ധർമജൻ ബോൾഗാട്ടി. സിനിമയിലെ കലാകാരന്മാരിൽ കൂടുതൽപ്പേരും വലതുപക്ഷത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും കൂടുതൽ കലാകാരന്മാർ കോൺഗ്രസിലേക്ക് വരുമെന്നും വാർത്താസമ്മേളനത്തിൽ ധർമജൻ പറഞ്ഞു. താൻ വർഷങ്ങളായി കോൺഗ്രസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ധർമ്മജൻ ചൂണ്ടിക്കാട്ടി.
'വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകനാണ്. പോസ്റ്ററൊട്ടിക്കാനും മൈക്ക് അനൗൺസ്മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മത്സരിക്കാനുള്ള അവസരം ലഭിച്ചിരുന്നതാണ്. അതെല്ലാം വേണ്ടെന്ന് വച്ചു. എന്നാൽ നിയസമഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രശ്നമില്ല' -ധർമജൻ പറഞ്ഞു. ധർമജൻ കോൺഗ്രസ് ടിക്കറ്റിൽ ബാലുശേരിയിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പാർട്ടി സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞദിവസം സംവിധായകനും നടനുമായ രമേഷ് പിഷാരടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയിൽ പങ്കെടുത്തു. ഇതാേടെ പിഷാടിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നു. അതിനിടെ ധർമജനേയും പിഷാടിയെയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി മത്സരിപ്പിക്കണമെന്ന നിർദ്ദേശം പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. ട്വന്റി ട്വന്റിക്ക് നിർണായക സ്വാധീനമുള്ള കുന്നത്തുനാട് ഇത്തവണ നിലനിർത്തണമെങ്കിൽ ധർമ്മജനെപ്പോലൊരാൾ വേണമെന്നാണ് അവർ പറയുന്നത്. തൊട്ടടുത്ത തൃപ്പൂണിത്തുറയിൽ പിഷാരടിയെ സ്ഥാനാർത്ഥിയാക്കിയാൽ ഈ മേഖലയൊന്നാകെ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നും അത് പാർട്ടിക്ക് ഗുണംചെയ്യുമെന്നാണ് ഇവരുടെ അവകാശവാദം. മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു നിൽക്കുന്ന പിഷാരടിയുടെ മനസുമാറ്റാനുള്ള ശ്രമങ്ങളും അവർ തുടങ്ങിയിട്ടുണ്ട്.