ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിന്റെ മെന്ററായി പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തേക്കാൾ ആരാധകർ ഏറ്റെടുത്ത വാർത്തയായിരുന്നു അത്. തീരുമാനം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പലരും അഭിപ്രായപ്പെട്ടു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉത്തരവാദിത്തം ഏറ്റെടുത്ത ധോണിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

പലരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്നിരുന്നു. ധോണിയോട് അത്രത്തോളം മതിപ്പൊന്നും ഗംഭീറിനില്ലെന്ന് പരസ്യമായ രഹസ്യമാണ്. ഗംഭീർ ധോണിയുടെ പുതിയ പോസ്റ്റിനെ കുറിച്ച് പറയുകയും ചെയ്തു. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഗംഭീർ.

അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് മോശം റെക്കോഡൊന്നുമില്ല. മോശം റെക്കോഡാണ് ഉള്ളതെങ്കിൽ മറ്റൊരാളുടെ സഹായം തേടാമായിരുന്നു. എന്നാൽ അടുത്തകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. നന്നായി കളിക്കുന്ന ടീമിൽ ഒരു സുരക്ഷിത സ്ഥാനം മാത്രമാണ് ധോണിക്കുള്ളത്.

എന്നാൽ ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സമ്മർദ്ദങ്ങളെ എങ്ങനെ മറികടക്കണമെന്ന് ധോണിക്ക് യുവതാരങ്ങളെ പഠിപ്പിക്കാനാവും. ധോണിക്ക് ടീമിൽ ചെയ്യാനുള്ളത് അതുമാത്രമാണ്. രാഹുൽ ചഹാർ, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. ഇവരെ തന്റെ അനുഭവസമ്പത്തിലൂടെ പ്രചോദിപ്പിക്കാൻ ധോണിക്കാവും.'' ഗംഭീർ വ്യക്തമാക്കി.

ഒക്ടോബർ 23-നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരമാണ് ആദ്യം. പിന്നാലെ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ടിനെ നേരിടും. 24ന് പാക്കിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ 2021 ടി20 ലോകകപ്പിൽ അരങ്ങേറും.