ചെന്നൈ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയി 'തല-ദളപതി' കൂടിക്കാഴ്ച. ചെന്നൈ ഗോകുലം സ്റ്റുഡിയോസിൽ വച്ചാണ് എം എസ് ധോണിയും വിജയ്‌യും കണ്ട് പരിചയം പുതുക്കിയത്. വിജയ്‌യുടെ പുതിയ ചിത്രം 'ബീസ്റ്റി'ന്റെ ചിത്രീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഒരു പരസ്യ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണിയും ഈ സ്റ്റുഡിയോയിൽ എത്തിയത്.

ധോണി നായകനായ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു 2008 കാലത്ത് വിജയ്. ഇക്കാലം മുതലുള്ളതാണ് ഇരുവർക്കുമിടയിലെ പരിചയം. പുതിയ ചിത്രങ്ങൾക്കൊപ്പം സിഎസ്‌കെ ജഴ്‌സിയിലുള്ള ഇരുവരുടെയും പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം 'മാസ്റ്ററി'ന്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് 'ബീസ്റ്റ്'. 'കോലമാവ് കോകില'യും 'ഡോക്ടറും' ഒരുക്കിയ നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. 'സർക്കാരി'നു ശേഷം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. ജോർജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.

 

പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തിൽ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈനിന്റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.