തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിലാക്കി കടലിലെറിഞ്ഞ കുറ്റകൃത്യത്തിന് പിന്നിലും ദൃശ്യം സിനിമ. കൊലയ്ക്ക് മുമ്പ് തെളിവ് നശിപ്പിക്കാനുള്ള വിദ്യകൾ ആസൂത്രണം ചെയ്തത് മോഹൻലാൽ ചിത്രത്തിൽ നിന്നെന്ന് പൊലീസ്. പ്രതികളായ സതീഷും ആരോഗ്യദാസും ദൃശ്യം സിനിമ പല ആവർത്തികണ്ട് മന:പാഠമാക്കിയ ശേഷമാണ് കൊല നടത്തിയത്. സിനിമയിലുള്ള ഒളിപ്പിക്കൽ ദൃശ്യങ്ങൾ അതുപോലെ പകർത്താനും ശ്രമിച്ചു. പക്ഷെ, അതു മാത്രം നടന്നില്ല.

കുടുംബപ്രശ്‌നങ്ങളിലുപരി സമ്പത്തിൽ കണ്ണുനട്ട് ജ്യേഷ്ഠസഹോദരനായ ഷാജിയെ ക്രൂരമായി കൊലപ്പെടുത്തിയ സതീഷ് കേസിന്റെ തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യത്തെയാണ് മാതൃകയാക്കിയത്. ദൃശ്യം സിനിമയിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ചാക്കിലാക്കിയതും മൊബൈൽഫോൺ ലോറിക്ക് മുകളിൽ ഉപേക്ഷിച്ചതും അനുകരിക്കാൻ ശ്രമിച്ച ഇവർ കൊലപാതകവും തെളിവ് നശിപ്പിക്കലും ദൃശ്യത്തെ അനുകരിച്ചാണ്. ദൃശ്യത്തിൽ കുറ്റം ചെയ്ത മകളെയും കൂട്ടുനിന്ന ഭാര്യയെയും രക്ഷിക്കാൻ കരുക്കൾ നീക്കുന്ന നായകനെ സതീഷ് അനുകരിച്ചെങ്കിലും സാങ്കേതിക സഹായത്തോടെയുള്ള പൊലീസിന്റെ വിശദമായ അന്വേഷണം എല്ലാം പൊളിച്ചടുക്കി.

ജിത്തു ജോസഫിന്റെ ദൃശ്യത്തിലെ നായകൻ ജോർജ് കുട്ടി സാധാരണക്കാരനായിരുന്നു. ഭാര്യയും മകളും അറിയാതെ ചെയ്ത കൊലയിൽ തെളിവുകൾ നശിപ്പിക്കാൻ ജോർജ് കുട്ടി നടത്തിയ ശ്രമങ്ങൾ വിജയിച്ചു. കൊലപാതകിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിഞ്ഞില്ല. തെളിവ് നശീകരണമായിരുന്നു അതിന് കാരണം. ഒപ്പം അനുകൂലമായ തെളിവും കൊലപാതകത്തിന് ശേഷം ഉണ്ടാക്കിയെടുത്തു. ഈ മാതൃകയിൽ പിന്നീട് നിരവധി കൊലപാതകങ്ങൾ കേരളത്തിൽ നടന്നു. അതിൽ ഏറ്റവും പുതിയ കഥയാണ് വിഴഞ്ഞത്തു നിന്നും പുറത്തുവരുന്നത്.

വിഴഞ്ഞം തുറമുഖ പദ്ധതിയായിരുന്നു സതീഷിന്റെ രുമാനത്തിന്റെ പ്രധാന ഉറവിടം. കടപ്പുറത്തെ മണ്ണ് കള്ളക്കടത്ത് നടത്തി ജീവിച്ച സതീഷ് മുപ്പത് രൂപ ദിവസക്കൂലിക്ക് ഒരു പത്രത്തിന്റെ ന്യൂസ് ഏജന്റായപ്പോൾ വിഴിഞ്ഞത്തെയും കോവളത്തെയും റിസോർട്ടുകളും ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തന്റെ വരുതിയിലാക്കി. പത്രപ്രവർത്തകനെന്ന വ്യാജേന ചില റിസോർട്ടുടമകളുമായി ചങ്ങാത്തത്തിലായ ഇയാൾ വിഴിഞ്ഞം തുറമുഖത്തിനെതിരായ ഗൂഢാലോചനയിലും സമരപരിപാടികളിലും പ്രധാന പങ്കാളിയായി. റിസോർട്ടുകാർക്കുവേണ്ടി തുറമുഖത്തിനെതിരെ ന്യൂസ് ടൈം, ന്യൂസ്‌ടൈം ഇന്ത്യ, ജനശബ്ദം എന്നീപേരുകളിൽ സപ്ലിമെന്റുകൾ ഇറക്കിയ സതീഷ് പേരിനൊപ്പം മുല്ലൂർ എന്ന സ്ഥലനാമവും ചേർത്ത് അതിന്റെ പ്രിന്ററും പബ്‌ളിഷറുമായി.

തുറമുഖം പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാരോപിച്ച് ബിനാമികളുടെ സഹായത്തോടെ നിയമനടപടികൾക്ക് മുന്നിട്ടിറങ്ങിയ സതീഷ് ഇതിന്റെ പേരിൽ റിസോർട്ടുകളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചതായാണ് സൂചന. കൊലപാതകം ആസൂത്രണം ചെയ്തശേഷം ആരോഗ്യദാസിന് ഒന്നരലക്ഷം രൂപ മുടക്കി എൻഫീൽഡ് ബുള്ളറ്റ് വാങ്ങി നൽകിയതും സംഭവത്തിനുശേഷം ഇയാൾക്ക് ഒളിവിൽ പോകാനും വിസിറ്റിങ് വിസയിൽ അബുദാബിയിലേക്ക് കടക്കാനും പണം നൽകിയതും സതീഷായിരുന്നു. പണത്തിന്റെ കരുത്ത് സഹോദരന്റെ കൊലയിലും തന്നെ തുണയ്ക്കുമെന്ന് സതീഷ് കരുതി. അതാണ് പൊലീസ് പൊളിച്ചത്. സതീഷിന്റെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു വീണു. അങ്ങനെ ആരോഗ്യദാസും പിടിയിലായി

ദൃശ്യം സിനിമയിൽ മൃതദേഹം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഫൗണ്ടേഷനടിയിൽ ഒളിപ്പിച്ച് തെളിവില്ലാതാക്കിയെങ്കിൽ സതീഷ് കൊലപാതകത്തിന് തിരഞ്ഞെടുത്തത് കോവളം പൊലീസ് സ്റ്റേഷന് സമീപമുള്ള റിസോർട്ടിന്റെ 101 നമ്പർ ഹട്ട്. തൊണ്ടി ഉപേക്ഷിക്കാൻ തന്റെ സ്‌കൂട്ടറാണ് കൊണ്ടുപോയതെന്ന് കള്ളം പറഞ്ഞു. റെന്റിനെടുത്ത എസ്‌പിയുടെ കാറിനെ കേസിൽ നിന്നൊഴിവാക്കാനും ശ്രമിച്ചു. സംഭവം നടക്കുമ്പോൾ എ.സി ഹട്ടിൽ ടി.വി പരമാവധി ഉച്ചത്തിൽ പ്രവർത്തിപ്പിച്ച് അകത്തെ ബഹളം പുറത്ത് കേൾക്കാതിരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും ദൃശ്യത്തിന്റെ സ്വാധീനം വ്യക്തം.

സഹോദരൻ കൊല്ലപ്പെട്ട കേസിൽപിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൊലപാതകത്തിൽ കൂട്ടാളിയായ സുഹൃത്ത് ആരോഗ്യദാസിനെ രക്ഷപ്പെടുത്താനും കുറ്റസമ്മതത്തിൽ കള്ളക്കഥ പറഞ്ഞു. കർക്കടകവാവ് ദിവസം വൈകുന്നേരം വീട്ടിൽ നിന്ന് പുറപ്പെട്ട ഷാജിയെ കാണാതായെന്നാരോപിച്ച് അടുത്തദിവസം പിതാവ് രത്‌നസ്വാമി വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. സഹോദരനെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൃതദേഹം കരയ്ക്കടിഞ്ഞതോടെ സതീഷിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. താർത്തുപയോഗിച്ച് വായ് മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച് ചണച്ചാക്കിൽ കല്ലുകൂട്ടികെട്ടിയാണ് മൃതദേഹം കടലിൽ താഴ്‌ത്തിയത്.

കൊലയ്ക്കും മൃതദേഹം കടലിൽ താഴ്‌ത്താനും ആരുടെയൊക്കെ സഹായം തേടിയോ എന്തൊക്കെ സാധനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചോ അതെല്ലാം ഒളിപ്പിക്കാനായിരുന്നു സതീഷ് ശ്രമിച്ചത്. ശ്വാസം മുട്ടിച്ചും കടൽ വെള്ളത്തിൽ അഴുകിയും മൃതദേഹത്തിനുണ്ടായ രൂപമാറ്റത്തിൽ പകയ്ക്കാതെ സ്വന്തം സഹോദരന്റെ മൃതദേഹത്തെ അജ്ഞാതന്റെതാക്കാനാണ് ശ്രമിച്ചത്. കടപ്പുറത്ത് കാണപ്പെട്ട മൃതദേഹം ഷാജിയുടേതാണോയെന്ന് തിരിച്ചറിയാൻ പൊലീസ് വിളിപ്പിച്ച പിതാവിനെ മൃതദേഹം കാണിക്കാതെ തിരിച്ചയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു. ഇതോടെയാണ് കൊലപാതക കഥ പുറത്തായത്.

താൻ സംശയനിഴലിലാണെന്നും പിടിവീഴുമെന്നും ഉറപ്പായതോടെ ആരോഗ്യത്തെ രക്ഷിക്കാനും വിചാരണ വേളയിൽ കേസിൽ നിന്ന് തടിയൂരാനുമായിരുന്നു അടുത്ത തന്ത്രം. സംഭവങ്ങൾ മറച്ചുവച്ച് വ്യാജകഥ മെനഞ്ഞു. വീട്ടിൽ വച്ച് വാക്കേറ്റത്തിനിടെ ചവിട്ടേറ്റ് വീണ ഷാജിയെ താൻ ഒറ്റയ്ക്ക് കൈകാലുകൾ ബന്ധിച്ച് ചാക്കിലാക്കി സ്‌കൂട്ടറിന്റെ മുന്നിൽ വച്ച് തീരദേശ റോഡ് വഴി വിഴിഞ്ഞം ഭാഗത്ത് ആളൊഴിഞ്ഞ കടപ്പുറത്തെത്തിച്ച് കടലിൽ തള്ളിയെന്നാണ് വെളിപ്പെടുത്തിയത്. പൊലീസിന് സംശയത്തിനിടയില്ലാത്തവിധം കഥ വിവരിച്ച സതീഷിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി സ്‌കൂട്ടറും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

ആരോഗ്യദാസിന്റെ കാവലിൽ മൃതദേഹം റിസോർട്ടിൽ വച്ചശേഷം തന്റെയും ആരോഗ്യദാസിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വിഴിഞ്ഞത്തെ സ്വന്തം വീട്ടിലെത്തിച്ച സതീഷ് പിന്നീടുള്ള നീക്കങ്ങളിൽ സൈബർ പൊലീസിനെ വഴിതെറ്റിക്കാമെന്നാണ് കരുതിയത്. എന്നാൽ, കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സതീഷും ആരോഗ്യദാസും തമ്മിൽ തുടർച്ചയായി നടത്തിയ ഫോൺ കോളുകളിൽ സൈബർ പൊലീസ് കയറിപ്പിടിച്ചു. വീട്ടിൽ നിന്ന് ആരോഗ്യം ബുള്ളറ്റ് ബൈക്കിൽ ഷാജിയെ കൂട്ടിക്കൊണ്ടുപോയതും കോവളത്തെ മൊബൈൽ ടവർ ലൊക്കേഷനുകളിൽ ഒരേ സമയം രണ്ടു ഫോണുകളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതും കേസിന്റെ ഗതിമാറ്റി. ഇത്തരത്തിലെ ചോദ്യം ചെയ്യലിൽ സതീഷിന് സത്യം പറയേണ്ടി വന്നു

റിസോർട്ടിൽ നടന്ന കൊലപാതകം വീട്ടിലാണെന്ന് ധരിപ്പിച്ചു. അങ്ങനെ കൃത്യം നടന്ന സ്ഥലത്തെ തെളിവുകൾ മറച്ചു. തനിച്ചാണ് കൊലനടത്തിയതെന്നും പെട്ടെന്നുള്ള പ്രകോപനത്തിൽ തൊഴിച്ച് കൊന്നതാണെന്നും ധരിപ്പിച്ച സതീഷ് കൊലപാതകത്തിന്റെ ആസൂത്രണവും ഗൂഢാലോചനയും രഹസ്യമാക്കിവച്ചു. ഒന്നരവർഷം മുമ്പാരംഭിച്ച ഗൂഢാലോചനയും നാലുമാസം നീണ്ട പരിശ്രമവും ലക്ഷ്യത്തിലെത്തിച്ച സതീഷ് കൊലപാതകത്തിൽ ആരോഗ്യത്തിന്റെ പങ്ക് പുറത്താകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.