ആലപ്പുഴ: ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇരട്ടക്കൊലപാതകം നടത്തിയ 25കാരൻ പൊലീസ് പിടിയിലായി. സഹോദരിയെ ശല്യം ചെയ്ത അയൽവാസിയെ സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്‌ത്തുകയും പിന്നീട് തെളിവില്ലാതാക്കാൻ സുഹൃത്തിനെ ട്രെയിനിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിൽ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യുവാണ് (മനു-25) അറസ്റ്റിലായത്.

എടത്വ പച്ച സ്വദേശി മധുവിനെയും (40), എടത്വ ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെയും (ലിന്റോ-28) കൊലപ്പെടുത്തിയ കേസിലാണ് മോബിൻ പൊലീസ് പിടിയിലായത്. ഇരു കൊലപാതകങ്ങളും അതിവിദഗ്ധമായി ആസൂത്രണം ചെയ്ത മോബിൻ തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമ കണ്ടത് 17തവണയാണെന്നും പൊലീസിനോട് പറഞ്ഞു. ഓരോ തവണ സിനിമ കണ്ടപ്പോഴും തനിക്ക് പുതിയ ആശയങ്ങൾ ലഭിച്ചതായും മോബിൻ പൊലീസിനോട് പറഞ്ഞു. ഒടുവിൽ ദൃശ്യം സിനിമയിലെ നായകൻ കാണിച്ച അതേ ആത്മ വിശ്വാസം മോബിനും പ്രകടപ്പിച്ചതോടെയാണ് കുരുക്ക് മുറുകിയത്.

കൂലിപ്പണിക്കാരനായ മധു കഴിഞ്ഞ ഏപ്രിൽ 19നാണ് കൊല്ലപ്പെടുന്നത്. സഹോദരിയെ ശല്യം ചെയ്തതിന് മധുവിനെ മോബിൻ ലിന്റോയുടെ സഹായത്തോടെ കൊന്ന് വെള്ളക്കെട്ടിൽ താഴ്‌ത്തുകയായിരുന്നു. എല്ലാം പൊലീസിനോട് തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ തെളിവ് ഇല്ലാതാക്കാനാണ് ലിന്റോയെ കെട്ടിവരിഞ്ഞ് ലെവൽ ക്രോസിൽ കൊണ്ടിട്ടത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയ ജോലി കഴിഞ്ഞ് എല്ലാദിവസവും വൈകിട്ട് വീട്ടിൽ വന്നിരുന്ന മധു അന്ന് എത്താതിരുന്നതിനെ തുടർന്ന് പിറ്റേന്നു രാവിലെ സഹോദരി വിവരം ബന്ധുവിനെ അറിയിച്ചു. തലേദിവസം രാത്രി മധുവും സുഹൃത്തുക്കളും മദ്യപിച്ച സ്ഥലത്ത് ഇവർ പരിശോധന നടത്തിയപ്പോൾ മധുവിന്റെ കൈലിമുണ്ട് വെള്ളക്കെട്ടിൽ കണ്ടെത്തി. തുടർന്ന് വെള്ളത്തിൽ തെരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതക സൂചനകൾ ലഭിച്ചു. മധു അവിവാഹിതനാണ്.

കഴുത്തിൽ കമ്പി മുറുക്കി വെള്ളക്കെട്ടിൽ താഴ്‌ത്തി

മോബിന്റെ ബന്ധുവിന്റെ കുട്ടിയുടെ മാമോദിയ ചടങ്ങ് കഴിഞ്ഞ ദിവസം രാത്രി മധുവും മോബിനും ലിന്റോയും ഉൾപ്പെടുന്ന സംഘം മദ്യപിച്ചു. ഒമ്പത് മണികഴിഞ്ഞതോടെ മറ്റുള്ളവർ പിരിഞ്ഞു പോയി. മോബിനും മധുവും ലിന്റഓയും ചേർന്ന് വീണ്ടും മദ്യം വരുത്തി കുടിച്ചു. ഇതിനിടയിൽ തന്റെ സഹോദരിയെ ശല്യം ചെയ്യുന്നത് മോബിൻ ചോദ്യം ചെയ്തു. ഇതോടെ അടിപിടിയായി. തുടർന്ന് ലിന്റോയുടെ സഹായത്തോടെ വേലികെട്ടുന്ന കമ്പി മധുവിന്റെ കഴുത്തിൽ ചുറ്റി തെങ്ങിനോടു ചേർത്തു കെട്ടി. മരിച്ചെന്ന് ഉറപ്പായപ്പോൾ വെള്ളക്കെട്ടിൽ ചവിട്ടിത്താഴ്‌ത്തി.

മധുവിന്റെ സംസ്‌കാര ചടങ്ങിൽ ഇരുവരും പങ്കെടുത്തു. ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കൗൺസിലിൽ സജീവ അംഗങ്ങളുമായി. പൊലീസ് സ്റ്റേഷൻ മാർച്ചിലും പങ്കെടുത്തു. മൃതദേഹ പരിശോധനയുടെ സാക്ഷിയും ലിന്റോ ആയിരുന്നു. മധുവിനൊപ്പം അവസാനംവരെ ഉണ്ടായിരുന്നതിനാൽ ഇവർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ പൊലീസ് പലവട്ടം ചോദ്യം ചെയ്തു. ലിന്റോയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാവണമെന്ന് രേഖാമൂലം അറിയിപ്പ് നൽകി.

എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞ ലിന്റോയെ ലെവൽക്രോസിൽ തള്ളി

പോളിഗ്രാഫ് 'എന്നു കേട്ടതോടെ വിരണ്ടുപോയ ലിന്റോ എല്ലാം വെളിപ്പെടുത്തുമെന്ന് മോബിനോടു പറഞ്ഞു. ഇതോടെ സെപ്റ്റംബർ പത്തു മുതൽ ലിന്റോയെ കാണാതായി. ഇതിനായി സ്വന്തം ഫോൺ വീട്ടിൽവച്ചശേഷം ലിന്റോയെ ആലപ്പുഴയിലെത്തിച്ച് അവിടെവച്ച് ഫോൺ ഓഫാക്കി സിംകാർഡ് നശിപ്പിച്ചു. പിന്നീട് എടത്വായിലെ ഒരു പഴയ ട്യൂഷൻ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിൽ ഒളിജീവിതത്തിനു സൗകര്യമൊരുക്കി. ലിന്റോ നിലപാടിൽ ഉറച്ചു നിന്നതോടെ പിതൃസഹോദര പുത്രൻ ജോഫിനെക്കൂടി വിളിച്ചുവരുത്തി സംസാരിച്ചു നോക്കി. എന്നിട്ടും ലിന്റോയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മനസിലായതോടെ കൊല്ലാൻ തീരുമാനിച്ചു.

മരക്കമ്പ് ഉപയോഗിച്ച് മോബിൻ തലയ്ക്കു പിന്നിൽ അടിച്ചു. അബോധാവസ്ഥയിലായ ഇയാളെ പ്ളാസ്റ്റിക് കയർകൊണ്ട് വരിഞ്ഞുമുറുക്കി മോബിൻ ഓടിക്കുന്ന മീൻവണ്ടിയിൽ കയറ്റി രാത്രി ലെവൽക്രോസിൽ കിടത്തി. ട്രെയിനിടിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ തെറിച്ചുവീഴുകയും ചെയ്തു. അസ്ഥികൂടം പരിശോധിച്ചപ്പോൾ ഫോറൻസിക് വിദഗ്ദ്ധർക്ക് കൊലപാതക സൂചന ലഭിച്ചതോടെയാണ് മോബിന്റെ മേൽ കുരുക്ക് മുറുകിയത്.

തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമ കണ്ടത് 17 തവണ

തെളിവുകൾ നശിപ്പിക്കുന്നതിൽ െവെദഗ്ധ്യംകാട്ടിയ മോബിനെ കുടുക്കിയതും ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെപ്പോലെ നടത്തിയ ചില ആത്മവിശ്വാസം തോന്നിപ്പിക്കുന്ന മറുപടികളായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രനും ചെങ്ങന്നൂർ ഡിവൈ.എസ്‌പി അനീഷ് വി. കോരയും പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴെല്ലാം ചോദിക്കുന്നതിനെക്കാൾ ഒരുപടി കടന്നായിരുന്നു മറുപടികൾ.

ലിന്റോയെ കാണാതായ ദിവസത്തെ മൊെബെൽ ടവർ ലൊക്കേഷനുകൾ പരിശോധിക്കൂവെന്ന പരാമർശമാണ് ആദ്യമായി സംശയം ജനിപ്പിച്ചത്. പിന്നീട് നടത്തിയ നിരീക്ഷണത്തിൽ നവമാധ്യമങ്ങളിൽ സജീവമായിരുന്ന മോബിൻ സംഭവശേഷം ഫേസ്‌ബുക്ക് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. മോബിനിൽ സംശയം തോന്നിയ പൊലീസ് ചോദ്യംചെയ്യാൻ വിളിച്ചപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഒടുവിൽ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് മോബിനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തയോടെ ജോഫിന്റെ പങ്കുകൂടി വെളിച്ചെത്തു വരികയായിരുന്നു. മോബിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോഫിനെ ഇന്നു ഹാജരാക്കും.

ജില്ലാ പൊലീസ് ചീഫ് എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈ.എസ്‌പി അനീഷ് വി. കോര, മാന്നാർ സി.ഐ വിദ്യാധരൻ, എടത്വ എസ്.ഐ ആനന്ദ ബാബു, എഎസ്ഐമാരായ പ്രസന്നൻ നായർ, സോമൻ നായർ, സി.പി.ഒമാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, ആർ. രാഹുൽ രാജ്, ഐ. ഷെഫീഖ്, അരുൺ ഭാസ്‌കർ, കെ. രാജേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.