മസ്‌കത്ത്: ജീവിത ശൈലീ രോഗങ്ങളിൽ പ്രമുഖനാണ് പ്രമേഹം. ചികിത്സക്കൊപ്പം ജീവിത ശൈലി ക്രമീകരിച്ചില്ലെങ്കിൽ നിങ്ങളിൽ പ്രമേഹം പിടികൂടാം. ഇങ്ങനെ ജീവിത ശൈലീ രോഗങ്ങളിലെ മുമ്പൻ ഒമാനിലെ സമൂഹത്തെ പിടിമുറുക്കിയിരിക്കുകയാണെന്ന് റ്പ്പോർട്ട്.സുൽത്താനേറ്റിൽ പ്രമേഹ രോഗകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയെന്നാണ് പുതിയ റിപ്പോർട്ട് ഈ വർഷം 5000ൽ ഏറെ പേരെയാണ് പ്രമേഹ രോഗം ബാധിച്ചത്. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് സുൽത്താനേറ്റിൽ ആയിരത്തിലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകത്ത് ആകെയുള്ള 387 ദശലക്ഷം പ്രമേഹ രോഗികളിൽ 37 ദശലക്ഷവും മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിലാണ്. ഇത് 2035ഓടെ 68 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടിനകം മേഖലയിൽ പ്രമേഹ നിരക്ക് 92 ശതമാനം ഉയരും. ഇതിൽ ഒമാന്റെ സംഭാവന ചെറുതല്ല. ഖത്തറിലും യു.എ.ഇയിലും പ്രമേഹ നിരക്ക് കുത്തനെ കൂടുമെന്നാണ് അന്താരാഷ്ട്ര ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി.എഫ്) കണക്കാക്കുന്നത്. അതേസമയം 2030ഓടെ ലോകത്തെ പ്രധാന മരണകാരണങ്ങളിൽ ഏഴാം സ്ഥാനം പ്രമേഹത്തിനാകുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു.

2014ൽ ഒമാനിൽ 20നും 79നും ഇടക്ക് പ്രായമുള്ള 1220 പ്രമേഹ രോഗികൾ മരണപ്പെട്ടതായി ഐ.ഡി.എഫ് പറയുന്നു. മുതിർന്നവരിൽ പ്രമേഹ സാധ്യത 8.2 ശതമാനമാണ്. കൂടാതെ 2014ൽ 220,600 രോഗികളാണ് ഒമാനിലുള്ളത്. ഒമാൻ ജനതയിൽ 15 ശതമാനവും പ്രമേഹ രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ട്. ജനിതക കാരണങ്ങളാലും പ്രമേഹം പ്രത്യേക്ഷപ്പെടാം. രോഗം നേരത്തെ കണ്ടെത്തിയാൽ ഹൃദയം, കിഡ്‌നി തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാം.