ജോലിത്തിരക്കുകൾ കാരണമോ തടി കുറയ്ക്കാനെന്ന പേരിലോ നമ്മിൽ പലരും ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. അതായത് പ്രഭാതഭക്ഷണം വേണ്ടെന്ന് വച്ചാൽ തടികൂടുമെന്നും ഡയബറ്റിസ് പിടികൂടുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. അതു പോലെ തന്നെ ഉറങ്ങുന്നതിന് തൊട്ട് മുമ്പ് അത്താഴം കഴിക്കുന്നതും ശരീരത്തിന് പലവിധ ദോഷങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചില അടിസ്ഥാന സംഗതികളാണ് ഇവിടെ വിവരിക്കുന്നത്.

ഡസൽഡോർഫിലെ ജർമൻ ഡയബറ്റിസ് സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്നവരിൽ ടൈപ്പ് 2 ഡബയറ്റിസ് വരുന്നതിനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെത്തുടർന്ന് ശരീരഭാരം വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്. പുതിയ പഠനമനുസരിച്ച് നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവർക്ക് മികച്ച ആരോഗ്യവും കഴിക്കാത്തവർക്ക് അനാരോഗ്യവും ഉണ്ടാകുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവർ നല്ല ആരോഗ്യമുള്ളവരും തടി കൂടുതലില്ലാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്ക് ഫാസ്റ്റ് സമയത്തിന് കഴിക്കുന്നവർക്ക് ആരോഗ്യകരമായ ശീലങ്ങൾ തുടരാൻ സാധിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ പുകവലി, മദ്യപാനം, എന്നിവയ്ക്ക് അടിപ്പെടുന്നത് കുറവായിരിക്കുമെന്നും താരതമ്യേന ആക്ടീവായിരിക്കുമെന്നും ഗവേഷകർ എടുത്ത് കാട്ടുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരെയും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരെയും താരതമ്യപ്പെടുത്തി നടത്തിയ ഒരു പഠനം അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരിൽ തടി കുറയുമെന്നും ഒഴിവാക്കുന്നവരിൽ തടി കൂടുമെന്നും വെളിപ്പെട്ടിട്ടുണ്ട്.

അതായത് ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവർ പിന്നീട് വിശപ്പ് കൂടാനിടയാവുകയും തൽഫലമായി മറ്റ് നേരങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് അത് തടികൂടുന്നതിന് ഇടയാക്കുകയുമാണ് ചെയ്യുന്നത്.ഇതു പോലെ തന്നെ കിടക്കുന്നതിന് തൊട്ട് മുമ്പ് രാത്രി ഭക്ഷണം കഴിക്കുന്നതും കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. നമ്മുടെ ഇന്റേണൽ ബോഡി ക്ലോക്ക് വിശ്രമത്തിനായി സജ്ജമാകുന്ന വേളയിൽ ഭക്ഷണം കഴിച്ചാൽ അത് ദഹിപ്പിക്കാൻ ശരീരം ഏറെ പാട് പെടേണ്ടി വരുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.