ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന്റെ കൂടുതൽ ഇടപാടുകളുടെ തെളിവുകൾ ശേഖരിച്ച് എൻഫോഴ്‌സ്‌മെന്റ് പിടിമുറുക്കുന്നത് കോൺഗ്രസ് ഉന്നതങ്ങളിലേക്ക് തന്നെ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇതുൾപ്പെടെ അഴിമതി-കള്ളപ്പണ വിഷയങ്ങൾ ഉയർത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാരുമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴും ഷെയർമാർക്കറ്റിന്റെ നിയന്ത്രണത്തിലുൾപ്പെടെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇടപെടാൻ കഴിയുന്നുണ്ടെന്നും ഇതിനായി ധനമന്ത്രാലയത്തിലെ മുൻ സർക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ചർച്ചയാവുകയും ചെയ്തു. ഷെയർമാർക്കറ്റിൽ മാസങ്ങൾക്കകം വലിയ അട്ടിമറിയുണ്ടാവുമെന്നും അത് മോദി സർക്കാരിന് തുടർഭരണത്തിൽ എത്തുന്നത് തടയാൻ കോൺഗ്രസ് ബിജെപി വിരുദ്ധവികാരം ഉണ്ടാക്കാൻ ഉപയോഗിക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ.

ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കാർത്തി ചിദംബരത്തിന് എതിരായ നീക്കം ശക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് നീക്കത്തിന് മുന്നേ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ തന്നെയാണ് ബിജെപിയുടെ കരുനീക്കങ്ങൾ എന്നാണ് സൂചനകൾ. അറസ്റ്റിലായി സിബിഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരം തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.8 കോടി രൂപ കേന്ദ്രത്തിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ഒരു മുതിർന്ന നേതാവിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നുള്ളൂ. ഇത് ആരെന്ന് വെളിപ്പെടുത്താത്തത് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായും കോ്ൺഗ്രസിനെ പ്രതിരോധത്തിൽ നിർത്താനും ആണെന്ന സൂചനകളാണ് ലഭിക്കുന്നത്.

എന്നാൽ കാർത്തി പണം ഇട്ടത് പിതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ അക്കൗണ്ടിലേക്കാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു ഐ.എൻ.എക്‌സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. റോയൽ ബാങ്ക് ഒഫ് സ്‌കോട്ട്‌ലൻഡിന്റെ (ആർ.ബി.എസ്) ചെന്നൈ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് കാർത്തി പണം കൈമാറിയിട്ടുള്ളത്. കാർത്തിയുടെ ആർ.ബി.എസിലെ 397990 എന്ന അക്കൗണ്ടിൽ നിന്ന് 2006 ജനുവരി 16നും 2009 സെപ്റ്റംബർ 23നുമിടയിൽ അഞ്ച് തവണകളായാണ് തുക കൈമാറിയിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കാർത്തിയുടെ വ്യക്തമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികൾ. കൂടുതൽ അറസ്റ്റുകളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നും ഇതിന് ശേഷമേ വ്യക്തമാകൂ. കോൺഗ്രസിന് എതിരായ പകപോക്കലാണ് കാർത്തിയെ കേസിൽ കുടുക്കുന്നതിന് പിന്നിലെന്നാണ് കോൺഗ്രസ് പ്രതികരണം. കാർത്തിയിൽ നിന്ന് മൊഴിയെടുത്ത ശേഷം ഉന്നത നേതാവിനെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കുന്നു.

കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ കാർത്തിയെ ഇന്ന് സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ ആവശ്യപ്പെടാനാണ് സാദ്ധ്യത. സിബിഐക്ക് പുറമേ ഇ.ഡിയും കാർത്തിയുടെ കസ്റ്റഡിക്കായി അപേക്ഷ നൽകുമെന്നാണ് അറിയുന്നത്. പി.ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിനുള്ള എഫ്.ഐ.പി.ബി ക്ലിയറൻസ് നൽകുന്നതിന് കാർത്തി 10 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് സിബിഐ കേസ്. 4.5 കോടി രൂപയുടെ വിദേശനിക്ഷേപത്തിനുള്ള അനുമതിയാണ് കമ്പനിക്ക് ലഭിച്ചതെങ്കിലും ഇത് തെറ്റിച്ച് അനധികൃതമായി കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയും കേസെടുത്തത്.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് സമൻസ് ചോദ്യം ചെയ്ത് കാർത്തി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് കാർത്തി വാദിക്കുക. ഇന്നലെ കാർത്തിയുടെ അഭിഭാഷകൻ ഹർജി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഫെബ്രുവരി 28നാണ് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്. പിതാവും ധനമന്ത്രിയുമായിരുന്ന പി. ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ടെലിവിഷൻ കമ്പനിയായ ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് വഴി നിക്ഷേപം ലഭ്യമാക്കാൻ ഇടപെടൽ നടത്തിയെന്നാണ് കാർത്തിക്കെതിരെയുള്ള കുറ്റം. കമ്പനിയുടെ ഉടമകളായ ഇന്ദ്രാണി മുഖർജിയും, പീറ്റർ മുഖർജിയും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.