അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച കോട്ട് റെക്കോർഡു തുകയ്ക്കു ലേലത്തിൽ പിടിച്ച ഗുജറാത്ത് വ്യവസായി കള്ളപ്പണവുമായി കുടുങ്ങിയോ? സ്ഥിരീകരിക്കാത്ത ഒരു റിപ്പോർട്ടിൽ പറയുന്നത് 6000 കോടി രൂപയുമായി ലാൽജി ഭായ് പട്ടേൽ എന്ന വ്യവസായി അധികൃതർക്കു മുന്നിൽ കീഴടങ്ങി എന്നാണ്.

പ്രധാനമന്ത്രി മോദിയുടെ പേരു തുന്നിച്ചേർത്ത കോട്ട് 4.31 കോടി രൂപയ്ക്കു വാങ്ങി ഗിന്നസ് ബുക്കിലും വാർത്തകളിലും ഇടംപിടിച്ച ഗുജറാത്തിലെ വജ്രവ്യാപാരിയാണു ലാൽജി ഭായ് പട്ടേൽ. സൂറത്തിലെ വജ്ര വ്യാപാരിയും ബിൽഡറുമാണു ലാൽജി ഭായി പട്ടേൽ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നിവൃത്തിയില്ലാതെ പണം മുഴുവൻ അധികൃതർക്കു മുന്നിൽ എത്തിച്ചുവെന്നാണു വാർത്ത പുറത്തുവന്നത്.

എന്നാൽ, ഈ വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ചില ഇംഗ്ലീഷ് ന്യൂസ് പോർട്ടലുകളുടെ പേരിൽ ഈ വാർത്ത പ്രചരിക്കുകയാണ്. എന്നാൽ, ഔദ്യോഗികമായി മുഖ്യധാര മാദ്ധ്യമങ്ങളൊന്നും തന്നെ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.

ആറായിരം കോടി രൂപ അധികൃതരിൽ സമർപ്പിക്കുക മാത്രമല്ല, ഇതിന്റെ പിഴയായി ഒടുക്കേണ്ടിവന്നത് 5400 കോടി രൂപയാണെന്നും പ്രചരിക്കുന്ന വാർത്തയിൽ പറയുന്നു. അതിനാൽ ലാൽജിക്ക് കിട്ടിയത് വെറും 600 കോടി രൂപയാണെന്നും വാർത്തകൾ പ്രചരിക്കുന്നു. ആറായിരം കോടി രൂപയുടെ 30 ശതമാനം നികുതിയായി 1800 കോടി രൂപയും അതിന്റെ 200 ശതമാനം പിഴയായി 3600 കോടി രൂപയും ലാൽജിക്ക് ഒടുക്കേണ്ടി വന്നുവെന്നാണു പ്രചാരണം നടക്കുന്നത്.

കള്ളപ്പണം എങ്ങനെ വെളുപ്പിക്കാമെന്ന് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതു ഗുജറാത്തിൽ നിന്നാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ലാൽജി ഭായി പട്ടേലിന്റെ കാര്യത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടു പുറത്തുവരുന്നത്.