- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണപിള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വിവാഹ വേദിയിലേക്ക് പോയ പാർട്ടി പ്രവർത്തകൻ കൃഷ്ണപിള്ള സ്മാരകം തല്ലി ഉടയ്ക്കുമോ? കൂട്ടിയിടിച്ചാൽ മിണ്ടാത്തവർ എങ്ങനെ കേസിൽ കൂട്ടുപ്രതികളായി? വി എസിനെതിരെ വാളെടുക്കും മുമ്പ് പാർട്ടിയോട് ചില ചോദ്യങ്ങൾ
തിരുവനന്തപുരം: സിപിഐ(എം) ആലപ്പുഴ ജില്ലാ സമ്മേളനം നാളെ തുടങ്ങാനിരിക്കും മുമ്പാണ് പി കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിൽ പ്രതികളാക്കപ്പെട്ടവരെ പിന്തുണച്ച് പാർട്ടി നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. ഇതോടെ വി എസ് കൃഷ്ണപിള്ള സ്മാരകം തകർത്തവരെ മഹത്വവൽക്കരിക്കുന്നുവെന്ന് പറഞ്ഞ് പാർട്ടിയും തിരിച്ച
തിരുവനന്തപുരം: സിപിഐ(എം) ആലപ്പുഴ ജില്ലാ സമ്മേളനം നാളെ തുടങ്ങാനിരിക്കും മുമ്പാണ് പി കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിൽ പ്രതികളാക്കപ്പെട്ടവരെ പിന്തുണച്ച് പാർട്ടി നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. ഇതോടെ വി എസ് കൃഷ്ണപിള്ള സ്മാരകം തകർത്തവരെ മഹത്വവൽക്കരിക്കുന്നുവെന്ന് പറഞ്ഞ് പാർട്ടിയും തിരിച്ചടിച്ചു. ഇതോടെ പിണറായി വിജയൻ സെക്രട്ടറി സ്ഥാനമൊഴിയുന്ന സമ്മേളനങ്ങൾക്ക് വിഭാഗീയതയുടെ കനൽ പടർന്നു കഴിഞ്ഞു. പൊലീസ് അന്വേഷണത്തെ ശരിവച്ച് പ്രവർത്തകരെ പുറത്താക്കിയ നടപടിക്കെതിരെയാണ് വി എസ് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആരാണ് പി കൃഷ്ണ പിള്ള സ്മാരകത്തിൽ പ്രതിചേർക്കപ്പെട്ടവർ എന്ന കാര്യം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.
ആരാണ് പ്രതിചേർക്കപ്പെട്ടവർ? ഇവർ സിപിഐ(എം) വിഭാഗീയതയിൽ ഏത് നേതാവിന്റെ പക്ഷം പിടിച്ചവരാണ്. ഇക്കാര്യം കൂടി പരിഗണിക്കുമ്പോൾ പാർട്ടി പ്രവർത്തകരെ പുറത്താക്കിയ നടപടിയിൽ സിപിഐ(എം) നേതൃത്വം പ്രതിക്കൂട്ടിൽ ആയേക്കും. പി കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രവർത്തകരെ പുറത്താക്കിയ വേളയിൽ ഇതേക്കുറിച്ച് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ട് ഒരിക്കൽ കൂടി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പുനഃപ്രസിദ്ധീകരിക്കുന്നു.
പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരിക്കുന്ന ഏതാനും പാർട്ടി നേതാക്കളെ സിപിഐ(എം) കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തങ്ങൾക്ക് അനുകൂലമല്ല റിപ്പോർട്ടെങ്കിൽ അന്വേഷണ ഏജൻസിയെ തള്ളിപ്പറയുന്ന പതിവ് സിപിഐ(എം) ശൈലിക്ക് വിരുദ്ധമായിരുന്നു ഇത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് അടക്കമുള്ള കേസുകളിൽ യുഡിഎഫ് സർക്കാറിന് കീഴിലുള്ള പൊലീസിനെ എതിർത്തിരുന്ന സിപിഐ(എം) എങ്ങനെ ഈ റിപ്പോർട്ടിനെ ശരിവച്ചുവെന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്. ഏരിയ സമ്മേളനങ്ങൾ ആരംഭിച്ച സമയത്ത് ഇങ്ങനെയൊരു പുറത്താക്കലിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം വിഭാഗീയതയാണോ എന്ന സംശയവും സ്വാഭാവികം. പാർട്ടിയിലെ വിഭാഗീയത തന്നെയാണ് സ്മാരകം തകർക്കുന്നതിലേക്ക് നയിച്ചതെന്ന പൊലീസ് റിപ്പോർട്ടിനെ ശരിവെക്കുകയായിരുന്നു സിപിഐ(എം).
മാർക്‌സിസ്റ്റ് പാർട്ടിയിൽ ഏറ്റവും രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. വളരെ വിചിത്രമായ ഗ്രൂപ്പുകളും ഗ്രൂപ്പുപോരുകളും ജില്ലയിലെ സിപിഎമ്മിന് അകത്തുണ്ട്. ഇങ്ങനെ സമ്മേളനങ്ങളിൽ മേൽക്കൈ നേടാൻ ആയുധമാക്കിയതാണ് പൊലീസ് റിപ്പോർട്ട് ശരിയാക്കി സിപിഐ(എം) നേതാക്കളെ പുറത്താക്കിയ സംഭവമെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടവർ പൊതുജീവിതത്തിലും സംശുദ്ധരായ വ്യക്തികളായിരുന്നു എന്ന അഭിപ്രായമില്ല. മറിച്ച് എന്തിനും മടിക്കാത്തവർ എന്ന ആക്ഷേപം ഉള്ളവരാണ് താനും. എങ്കിൽ തന്നെയും കൃഷ്ണപിള്ള സ്മാരകം തകർക്കാൻ പോന്നവരാണ് എന്ന അഭിപ്രായം പ്രദേശത്തെ പാർട്ടിപ്രവർത്തകർക്കുമില്ല.
തമ്മിൽ കണ്ടാൽ മിണ്ടുകയോ പരസ്പരം ഫോൺ വിളിക്കുകയോ പോലും ചെയ്യാതെ ജില്ലയിലെ പാർട്ടി ഗ്രൂപ്പുകളിയിൽ രണ്ടുപക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവരാണ് പുറത്താക്കപ്പെട്ടവർ. ഇവർ ഒരുമിച്ച് ക്രിമിനൽ കുറ്റത്തിന് പ്രതിചേർക്കപ്പെടുക എങ്ങനെയാണെന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. പുറത്താക്കപ്പെട്ടവരിൽ ഒരാളുടെ പേര് സ്ഥാനാർത്ഥിത്വത്തിനു പരിഗണിച്ചിരുന്നു എന്ന ഊഹാപോങ്ങളുമുണ്ട്.
കൃഷ്ണപിള്ളയെ വികാരമായി കാണുന്ന, പുന്നപ്ര വയലാർ രക്തസാക്ഷി കുടുംബത്തിൽ പെട്ട, വിവാഹദിവസം രാവിലെ സ്മാരക മന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാത്രം വിവാഹവേദിയിലേക്ക് എത്തിയ വ്യക്തിയാണ് പാർട്ടി പുറത്താക്കിയവരിൽ ഒരാൾ. ഇങ്ങനെയൊരാൾ എങ്ങനെ കൃഷ്ണപിള്ള സ്മാരകം തല്ലിത്തകർക്കും? കേസുമായി ബന്ധപ്പെട്ട് അന്വേഷണം മുറുകുകയും നിരന്തരം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ മാനസിക സമ്മർദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ച സംഭവമുണ്ടായി. ഇത് കൂടാതെ ഇപ്പോൾ പുറത്താക്കപ്പെട്ടവരിൽ ഒരാളുടെ പേര് പാർലമെന്റ് സ്ഥാനാർത്ഥി പട്ടികയുടെ സാധ്യതാ ലിസ്റ്റിലും ഇടംപിടിച്ചുവെന്നും മനോരമ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണം.
ഉദ്ദേശങ്ങളുടെ വിചാരണ
മലയാള മനോരമ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം കഞ്ഞിക്കുഴിക്കാരനായ സിപിഐ(എം) നേതാവ് ആർ. നാസറിനെ പാർലമെന്റ് സ്ഥാനാർത്ഥിയാക്കാനുള്ള സാദ്ധ്യതകളെയും ചർച്ചകളെയും തടയുക എന്ന ലക്ഷ്യം സാധ്യമാക്കാനാണു പി കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ടത്. കൂടാതെ ലതീഷിനെയും സാബുവിനെയും മറ്റ് പ്രതികളെയും വിഭാഗീതയുടെ പേരിൽ നിരന്തരം പീഡിപ്പിച്ചു വരുന്നതിന് പ്രതികാരം ചെയ്യുക എന്നതുമാണ്. ഈ ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ എല്ലാവരും ചേർന്ന് ഗൂഢാലോചന നടത്തി 31-10-2013 ന് തീയതി വെളുപ്പിന് ഏകദേശം 2 മണിയോടുകൂടി പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിടുകയും കൃഷ്ണപിള്ളയുടെ പ്രതിമയെ അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്തു.
ഒന്നാമത്തേതാണ് ലക്ഷ്യമെങ്കിൽ നാസറിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിൽ എവിടെയെങ്കിലും ആരെങ്കിലും ചർച്ച ചെയ്തിരുന്നോ എന്ന സ്വാഭാവിക ചോദ്യമാണ് ഇതോടെ ഉയരുന്നത്. തോമസ് ഐസക്ക്, ജി. സുധാകരൻ, സെബാസ്റ്റ്യൻ പോൾ, മനു സി. പുളിക്കൽ എന്നിവരിലാരെങ്കിലുമായിരിക്കും പാർലമെന്റ് സ്ഥാനാർത്ഥികളെന്ന് അക്കാലത്ത് മനോരമയിലും വാർത്തകളുണ്ടായിരുന്നു. അന്ന് നാസർ എന്ന പ്രാദേശിക നേതാവിന്റെ പേര് വെട്ടുന്നതിനായി 'നാസറിന്റെ സ്ഥാനാർത്ഥിത്വത്തെ പരാജയപ്പെടുത്താനായി കൃഷ്ണപിള്ളയെ കത്തിക്കുക' എന്ന സാഹസത്തിന് ഒരു വിഭാഗം സിപിഎമ്മുകാർ തന്നെ മുതിർന്നതെന്നാണ് മനോരമ പറയുന്നത്.
ഇനി നാസറിനെ അക്കാലത്ത് സ്ഥാനാർത്ഥിയായി സജീവമായി പരിഗണിച്ചുവെന്നുതന്നെ ഇരിക്കട്ടെ, ആ പരിഗണനയെ കൃഷ്ണപിള്ള സ്മാരകത്തെ തകർത്തുകൊണ്ട് എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുക എന്നസ്വാഭാവിക ചോദ്യവും ഉയരും. കൃഷ്ണപിള്ള സ്മാരകം നിൽക്കുന്ന പ്രദേശക്കാരനല്ലാത്ത, ആ സമയത്ത് സ്മാരകവുമായി ബന്ധപ്പെട്ട് യാതൊരു ചുമതലകളുമില്ലാത്ത പ്രദേശത്തെ ബ്രാഞ്ച്/ ലോക്കൽ /ഏരിയാ സെക്രട്ടറി പോലുമല്ലാത്ത നാസറിനെ സ്മാരകത്തിന്റെ തകർക്കൽ എങ്ങനെ നെഗറ്റീവായി ബാധിക്കും എന്ന ചോദ്യവും സ്വാഭാവികം.
രണ്ടാമത്തേത് ലതീഷിനെയും സാബുവിനെയും വിഭാഗീയതയുടെ ഭാഗമായി പീഡിപ്പിച്ചതിന്റെ തിരിച്ചടിയാണ് ഈ കത്തിക്കൽ എന്നതാണ്. ലതീഷിനെ എട്ടുവർഷം മുൻപ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതാണ്. വി.എസിനോടുള്ള പ്രേമം മൂത്ത്, വി.എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ പാർട്ടിക്കെതിരെ പരസ്യമായി പ്രകടനം നടത്തിയതാണ് കേസ്. പുറത്താക്കപ്പെട്ടിട്ടും അച്യുതാനന്ദൻ ലതീഷിനെ കയ്യൊഴിഞ്ഞില്ല, പേഴ്‌സണൽ സ്റ്റാഫിലെടുത്തു. അവിടുത്തെ അഞ്ചുവർഷത്തെ വിശിഷ്ട സേവനത്തിനുശേഷം നാട്ടിലെത്തിയ ലതീഷ് ഗ്രൂപ്പ് കളം അല്പം മാറ്റിപ്പിടിച്ചു. വി എസ് - ഐസക്ക് പക്ഷക്കാരനായി സ്വന്തം തട്ടകമായ മുഹമ്മ ലോക്കൽ കമ്മറ്റിയുടെ പ്രിയങ്കരനായി മാറി. ഡിവൈഎഫ്‌ഐയുടെ ഏരിയാ ജോയിന്റ് സെക്രട്ടറിയായി. പാർട്ടി അംഗത്വം തിരികെ ലഭിക്കുന്നതിനുവേണ്ടിയുള്ള എല്ലാ കളവുമൊരുക്കി കാത്തിരിക്കുകയാണ്. ഇതിനിടയിൽ കൃഷ്ണപിള്ള സ്മാരകം തകർത്ത് സ്വയം പുലിവാല് പിടിക്കുമോ എന്നതാണ് സംശയം. ഇത് മനോരമ വാർത്തയെയും ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളെയും തകർക്കുന്നതാണ്.
കേസിലെ മറ്റൊരാളായ സാബു വിഎസിന്റെ ഭാര്യ വസുമതിക്ക് കാഴ്ച സമർപ്പിച്ച് വി.എസിന്റെ പ്രീതിപിടിച്ചുപറ്റുകയും അതുവഴി പ്രദേശത്തെ പാർട്ടിക്കാരുടെയും നാട്ടുകാരുടെയും അപ്രീതി പിടിച്ചുപറ്റുകയും ചെയ്യുന്ന തരമാണ്. വി എസ് സ്‌നേഹം മൂത്ത് ഇദ്ദേഹവും എട്ടുവർഷം മുൻപ് പാർട്ടിക്കെതിരെ പ്രകടനവുമായി ഇറങ്ങിയിരുന്നു. പക്ഷേ ആ ഗ്രഹണകാലമെല്ലാം തരണം ചെയ്ത സാബു, കത്തിക്കൽ സമയത്ത് സ്മാരകം സ്ഥിതിചെയ്യുന്ന കണ്ണർകാട് ലോക്കൽ കമ്മറ്റിയംഗമായി. കഞ്ഞിക്കുഴി ഏരിയയിലെ ഒട്ടുമിക്ക ലോക്കൽ കമ്മറ്റികളും വി എസ് ഐസക്ക് പക്ഷം പിടിച്ചടക്കിയപ്പോൾ, വി എസ് വിഭാഗത്തിലെ തന്നെ ഉൾപ്പിരിവായ വി എസ് - സുധാകര പക്ഷത്തിന് നേതൃത്വം കൊടുത്തുകൊണ്ട് പ്രദേശത്ത് നിറഞ്ഞാടുകയായിരുന്നു സാബു.
നിലവിലുണ്ടായിരുന്ന കണ്ണർകാട് ലോക്കൽ കമ്മറ്റിയിൽ ഒരാളൊഴികെയുള്ള മറ്റെല്ലാവരും സാബുവിന്റെ പക്ഷക്കാർ. ഏരിയാകമ്മറ്റിയിലെ വി എസ്. ഐസക്ക് പക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങി ഷാജീവ് എന്ന ഏക വിമതനെ ലോക്കൽ സെക്രട്ടറിയാക്കേണ്ടിവന്നു എന്നതൊഴിച്ചാൽ മറ്റൊരു വെല്ലുവിളികളൊന്നും പാർട്ടിക്കുള്ളിലില്ലാത്തയാൾ. അവസരമൊത്തുവരുമ്പോൾ, കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി അംഗം, സെക്രട്ടറി എന്നിങ്ങനെയുള്ള പദവികൾ സ്വപ്നം കണ്ട് കഴിയുന്ന ആൾ കൂടിയായിരുന്നു സാബു. ഷാജീവെന്ന ഏക വിമതനെ ലോക്കൽ സെക്രട്ടറിയാക്കി കാര്യങ്ങളെല്ലാം മംഗളകരമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ലതീഷിനെപ്പോലെ സാബുവും കൃഷ്ണപിള്ള സ്മാരകം കത്തിക്കൽ കേസിൽ പ്രതിയാകുന്നത്.
അതേസമയം നാസർ കഞ്ഞിക്കുഴിയിൽ നേതൃത്വം കൊടുക്കുന്ന വി എസ് - സുധാകരപക്ഷത്തിന്റെ മുന്നണിപ്പോരാളിയാണ് സാബുവെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങനെ തോളിൽ കയ്യിട്ടുനടന്നിട്ടുപോലും സാബു നാസറിനെ സ്ഥാനാർത്ഥിയാക്കാതിരിക്കാനായി കൃഷ്ണപിള്ള സ്മാരകം കത്തിച്ചെന്നാണ് ആരോപണം. ഇതോടൊപ്പം ഈ കൃത്യത്തിൽ ലതീഷിനെ ബന്ധിപ്പിക്കാൻ മറ്റൊരു കഥയും കേൾക്കുന്നുണ്ട്.
ലതീഷിന്റെ നാടായ മുഹമ്മയിൽ ഈ സംഭവത്തിന് ഏതാണ്ട് മണിക്കൂർ മുൻപ് ഇന്ദിരാഗാന്ധിയുടെ സ്മാരകമായി സ്ഥാപിച്ചിരുന്ന ഒരു കൊടിമരം ഡിവൈഎഫ്‌ഐക്കാർ തകർക്കുന്നു. അതിൽ പ്രതിഷേധിച്ച് ക്രിമിനൽ പശ്ചാത്തലമുള്ള അനൂർ സോമന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ്സ് സംഘമാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്ന് വരുത്തിത്തീർക്കാനായിരുന്നത്രെ ഈ കോൺഗ്രസ്സ് കൊടിമരം തകർക്കൽ. അത് ആസൂത്രണം ചെയ്തത് ലതീഷിന്റെ ആജ്ഞാനുവർത്തികളും. പക്ഷേ ഇവിടെുയും പൊലീസ് കഥയിൽ ചോദ്യമുയരുന്നുണ്ട്. അപ്രകാരം ലതീഷ് തയ്യാറാക്കിയ തിരക്കഥ വർക്കാകുമെങ്കിൽ, കോൺഗ്രസ്സ് കൊടിമരം തകർത്തതിന്റെ തിരിച്ചടിയായാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്ന് പൊലീസും പൊതുജനങ്ങളും വിശ്വസിക്കുകയും യൂത്ത് കോൺഗ്രസുകാരെ പ്രതികളാക്കി കേസെടുക്കുകയുമാണ് ഉണ്ടാവേണ്ടത്. പക്ഷേ, അങ്ങനെ വരുന്ന പക്ഷം നാസറിന്റെ സ്ഥാനാർത്ഥിത്വം, പാർട്ടിയിലെ പീഡനത്തിനുള്ള തിരിച്ചടി എന്നീവാദങ്ങൾ ഉയർത്തിയവർ സ്വയം പഴിക്കേണ്ടി വരും. കുറ്റം മുഴുവനും കോൺഗ്രസുകാരുടെ തലയിൽ ഇരിക്കേണ്ടി വരും.
ചുരുക്കത്തിൽ കൃഷ്ണപിള്ള സ്മാരകം കത്തിക്കലെന്ന കുറ്റകൃത്യത്തിന്റെ ഉദ്ദേശങ്ങളായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയ വാദങ്ങളൊന്നും വിശ്വസനീയമല്ല. ഇങ്ങനെയുള്ള അവസ്ഥയിൽ അബദ്ധങ്ങൾ എണ്ണിയാലൊടുങ്ങാത്ത റിപ്പോർട്ടിനെ പാർട്ടി എങ്ങനെ മുഖവിലക്കെടുത്തു എന്നതാണ് മറ്റൊരു വിചിത്രമായ ചോദ്യം.
പാർട്ടിഗ്രാമത്തിലെ വിചിത്ര സംഭവം
മഹാനായ സഖാവ് കൃഷ്ണപിള്ള അന്ത്യസമയത്ത് ഒളിവിലിരുന്ന വീടാണ് കൃഷ്ണപിള്ള സ്മാരകം. കഞ്ഞിക്കുഴി പഞ്ചായത്തിലെ കണ്ണർകാട് എന്ന ഉൾപ്രദേശത്തെ ഈ വീടുൾപ്പെടുന്ന സ്ഥലം പാർട്ടി ഏറ്റെടുക്കുകയും അദ്ദേഹം താമസിച്ചിരുന്ന ഓലക്കുടിൽ അതേപടി നിലനിർത്തുകയും സിമന്റിൽ തീർത്ത അദ്ദേഹത്തിന്റെ ഒരു അർദ്ധകായ പ്രതിമ അതിനുമുന്നിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2013 ഒക്ടോബർ 31 വെളുപ്പിന് 2 മണിയോടുകൂടി ഈ കുടിലിന് തീപിടിക്കുന്ന സംഭവം കണ്ട അയൽവാസിയായ ദീപു എന്ന യുവാവാണ് ഒച്ചവച്ച് ആളുകളെ വിളിച്ചുകൂട്ടുകയും അയൽപ്പക്കത്ത് തന്നെ താമസിക്കുന്ന പി. സാബുവിനെ വിളിച്ചുണർത്തി വിവരം പറയുകയും ചെയ്യുന്നത്.
ഈ സംഭവത്തിലെ ശ്രദ്ധേയമായ സംഗതി, സ്മാരകത്തെ പൂർണ്ണമായും കത്തിക്കാനോ, പ്രതിമയെ പൂർണ്ണമായും തകർക്കാനോ അത് ചെയ്തവർ ഉദ്ദേശിച്ചിട്ടില്ലെന്നതാണ്. പൂർണ്ണമായും കത്തും എന്നുറപ്പാക്കുന്നതിനായുള്ള മണ്ണെണ്ണ, പെട്രോൾ മുതലായ ഇന്ധനങ്ങൾ ഉപയോഗിച്ചിട്ടില്ല. ആരോ തീപ്പെട്ടി ഉരച്ചിട്ടപ്പോൾ ക്രമേണ കത്തിപ്പിടിച്ചതുപോലുള്ള ഒരു സംഭവം മാത്രം. അവിടെയുള്ള കൃഷ്ണപിള്ളയുടെ പ്രതിമ ആഞ്ഞൊന്നു തള്ളിയാൽ മറിഞ്ഞുവീഴുന്ന ഒരു സാധനമാണ്. അത് തകർക്കാനായിരുന്നെങ്കിൽ ഇരുമ്പിന്റെ പാരയോ കൂടമോ മറ്റോകൊണ്ട് തല്ലിപ്പൊളിക്കാമായിരുന്നു. പക്ഷേ, ഇവിടെ, അതിന്റെ ഇടതു ചെകിട്ടത്ത് തടിക്കഷണം പോലുള്ള എന്തോ കൊണ്ട് ആകെ ഒരടി. ആരോ ദേഷ്യം വന്നപ്പോൾ ഒന്ന് പൊട്ടിച്ചതുപോലെ. ഈ സംഭവത്തെ ക്രൈംബ്രാഞ്ച് വിശേഷിപ്പിക്കുന്നത് 'നിയന്ത്രിത തീവെയ്പ്' എന്നാണ്. അത്രയും ശരിയാണ്. തീവച്ച് പൂർണ്ണമായും നശിപ്പിക്കാൻ ഉദ്ദേശിച്ചല്ല ചെയ്തവർ ചെയ്തത്.
ഒരിക്കൽ ഇതൊരു പാർട്ടി ഗ്രാമമായിരുന്നു. എന്നാൽ അടുത്തകാലത്തായി സമീപമുള്ള ഒരു ക്ഷേത്രത്തെ ചുറ്റിപ്പറ്റി ആർ.എസ്.എസുകാർ വളർന്നുവന്നിട്ടുണ്ട്. ഒരു മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മക്കൾ ആർഎസ്എസ്സിൽ പോയ സംഭവമുണ്ട്. എങ്കിലും പുറത്തുനിന്നും എത്തി ഇപ്പോഴും ഇത്തരമൊരു സ്ഥാപനം തകർക്കാൻ ആരും അത്ര പെട്ടെന്നങ്ങ് ധൈര്യപ്പെടില്ല. പിന്നെ ആരാണ് ഇത് ചെയ്തത് ? ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലാത്ത, ദൃക്‌സാക്ഷികളോ മറ്റ് പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത സംഭവം. ഇവിടെയാണ് സംശയത്തിന്റെ പുകമറ വല്ലാതെ സൃഷ്ടിക്കപ്പെടുന്നത്. പലവിധ സിദ്ധാന്തങ്ങൾക്ക് സംഭവം തുടക്കമാകുന്നത്. കോൺഗ്രസ്സും ബിജെപി യും എസ്ഡിപിഐയും വരെ ഇതോടെ സംശയത്തിന്റെ മുൾമുനയിൽ എത്തുന്നു. അതിന്റെ ഒരു ഭാഗമായിട്ടാണ് പാർട്ടിയിൽ നടമാടിക്കൊണ്ടിരുന്ന പ്രാദേശിക വിഭാഗീയതയുടെ ഭാഗമായ നാസറും ലതീഷും മറ്റും ചർച്ചയിലേക്കെത്തുന്നത്.
ലതീഷും സാബുവും പ്രതികളാകുന്നു
പാർട്ടിഗ്രാമത്തിൽ, പാർട്ടിക്കാർ അറിയാതെ ഇത് സംഭവിക്കില്ല എന്ന വാദം മുഖവിലയ്‌കെടുത്ത് പൊലീസ് സ്വാഭാവികമായും ലതീഷിന്റേയും നാസറിന്റെയുമൊക്കെ ഫോൺ വിളികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നു. അന്നേ ദിവസം തന്നെ സമീപ പഞ്ചായത്തായ മുഹമ്മയിലെ കായിപ്പുറത്ത് കോൺഗ്രസ്സിന്റെ കൊടിമരം തകർത്ത സംഭവവും ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഇവയിൽ നിന്നും ഒരു കാര്യം വ്യക്തമായി: കൊടിമരം തകർത്ത സംഭവത്തെ തുടർന്ന് അന്നേ ദിവസം രാത്രി തന്നെ അനൂർ എന്ന യൂത്ത് നേതാവ് ലതീഷിനെ വിളിക്കുന്നുണ്ട്. ആ വിളിക്ക് ശേഷം അതുമായി ബന്ധപ്പെട്ട് ലതീഷ് മറ്റുപലരെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെടുന്നു. ആ പ്രദേശത്തുനിന്നും സ്മാരകം തകർത്ത വിവരം ബന്ധപ്പെട്ട പാർട്ടിക്കാർ ലതീഷിനെ ഇതേസമയത്ത് വിളിച്ചറിയിക്കുന്നുണ്ട്. തുടർന്ന് അതുമായി ബന്ധപ്പെട്ടും അയാൾ പലരെയും വിളിക്കുന്നുണ്ട്. അതായത് ഈ സംഭവം നടക്കുന്ന സമയത്ത് ലതീഷ് വളരെ സജീവമാണ്. മാത്രമല്ല, മുഹമ്മക്കാരനായ ലതീഷിന്റെ ഫോണിന്റെ ടവർലൊക്കേഷൻ കാണിക്കുന്നത് കൃഷ്ണപിള്ള സ്മാരകം നിൽക്കുന്ന എസ്.എൽ.പുരം എക്‌സ്‌ചേഞ്ചിന്റെ പരിധിയിലും. ഇതോടെ പൊലീസ് കഥമെനഞ്ഞെന്ന് പറഞ്ഞാൽ അതിന് സംശയത്തിന്റെ ആനുകൂല്യവുമുണ്ട്.
ലതീഷ് ഈ സമയത്ത് സ്മാരകത്തിന്റെ പരിസരത്തുണ്ടെന്ന് പൊലീസ് അനുമാനിച്ചു. ലതീഷിന് കത്തിക്കലിൽ പങ്കുണ്ടെന്നും. പക്ഷേ, പിന്നീട് ടെലിഫോൺ ടവർ പരിധിവച്ചുള്ള ഈ കണ്ടെത്തൽ തെറ്റാണെന്ന് തെളിഞ്ഞു. കാരണം, കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും മുഹമ്മ പഞ്ചായത്തിന്റെയും അതിർത്തിയിൽ താമസിക്കുന്ന ലതീഷിന്റെ ടെലഫോൺ ടവർ ലൊക്കേഷൻ മിക്ക സമയത്തും കഞ്ഞിക്കുഴിക്ക് സമീപമുള്ള എസ്.എൽ.പുരം എക്‌സ്‌ചേഞ്ചായിരിക്കും കാണിക്കുക. പക്ഷേ, തങ്ങൾക്ക് ലഭിച്ച ഈ സൂചനകളനുസരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയ ക്രൈംബ്രാഞ്ചിന് (ഇതിനിടയിൽ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു) രസകരമായ വിവരങ്ങളാണ് ലഭിച്ചത്. ഇത് ചെയ്തത് ലതീഷ് ബി. ചന്ദ്രൻ തന്നെയായിരിക്കുമെന്ന് സിപിഐ(എം) അനുഭാവികളും നേതാക്കളും തന്നെ അവർക്ക് മൊഴികൊടുക്കുന്നു. ആരും നേരിട്ട് കണ്ടിട്ടില്ല. എങ്കിലും ലതീഷ് അതും ചെയ്യും അതിനപ്പുറവും ചെയ്യും. എന്തിനും മടിക്കാത്തവനാണവൻ... ഇങ്ങനെ പോകുന്നു ഒരു വിഭാഗം സഖാക്കളുടെ പരാതി.
ടവർ ലൊക്കേഷൻ പിടിച്ച് ലതീഷിനെ സ്മാരകത്തിന്റെ പരിസരത്തെത്തിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ക്രൈംബ്രാഞ്ച് ആ പരിസരത്ത് തന്നെയുള്ള ആർക്കെങ്കിലും ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് പരിശോധിച്ചു. കൂടാതെ ദൃക്‌സാക്ഷികളില്ലാത്ത കേസുകളിൽ സംഭവശേഷം സ്ഥലത്ത് ആദ്യമെത്തിയെന്ന് പറയുന്നവൻ തന്നെയാവാം മിക്കവാറും യഥാർത്ഥ പ്രതി എന്ന കുറ്റകൃത്യ ചരിത്രത്തിലെ സവിശേഷതവച്ച്, സംഭവം കണ്ട് ആളെ വിളിച്ചുകൂട്ടിയ ദീപുവെന്ന യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നു. ഇയാൾ തന്നെയാണ് ഈ കേസിൽ പൊലീസിന് പരാതി നൽകിയ ആൾ (പ്രഥമവിവരം നൽകിയ ആൾ). ഈ ചോദ്യം ചെയ്യലിൽ എവിടെയൊക്കയോ പതറിപ്പോയ ദീപുവിന് ഇതിലെ വസ്തുതകൾ അറിയാമെന്നും ടിയാൻ പ്രതിയാണെന്നുമുള്ള നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നു. അപ്പോൾ അടുത്ത സംശയമായി. എന്തിന് ഇവൻ / ഇവർ ഇത് ചെയ്തത്? ആര് പറഞ്ഞിട്ട് ചെയ്തു?
ആ പ്രദേശത്തെ മുഴുവൻ ആളുകളുടെയും അന്നത്തെ പെരുമാറ്റ രീതികൾ വിശകലനം ചെയ്യാൻ ശ്രമിച്ച അന്വേഷകർക്ക് ഒരു കാര്യം ബോദ്ധ്യമായി: പി. സാബുവിനും എന്തൊക്കെയോ ഒളിച്ചുവെക്കാനുള്ള വ്യക്തിയാണ്. വി.എസിന്റെ വിശ്വസ്തൻ എന്ന പദവി അയാളെ ആവശ്യമില്ലാത്ത പല ഇടപാടുകളിലേക്കും എത്തിച്ചിട്ടുണ്ട്. ഇതൊക്കെ വച്ച് അന്വേഷിച്ചപ്പോൾ ലതീഷിന്റേതിന് സമാനമായ വിശേഷണങ്ങൾ, സാബുവിനെക്കുറിച്ച്, സഖാക്കളുടെ ഭാഗത്തു നിന്നും തന്നെ ക്രൈംബ്രാഞ്ചിന് കിട്ടി. സാബു വളരെ ദുരൂഹതകളുള്ളവനാണ്. അവൻ ഈ പാർട്ടിയെ നശിപ്പിക്കാൻ നടക്കുകയാണ്. ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ, അവന് ഈ സംഭവത്തിൽ തീർച്ചയായും പങ്കുണ്ടാകാം എന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നു.
അതായത്, സാബുവിന്റെ ആളുകൾ മൊഴി നൽകുന്നത് ലതീഷാണ് ഇത് ചെയ്തതെന്നാണ്. മറിച്ച് ലതീഷിന്റെ സംഘം മൊഴികൊടുക്കുന്നത്, സാബുവാണ് ഇത് ചെയ്തതെന്നാണ്. പാർട്ടിക്കാർ തന്നെ ഇങ്ങനെ ചേരിതിരിഞ്ഞ് മൊഴിനൽകുന്ന ഘട്ടത്തിൽ, ഇതിലേത് സ്വീകരിക്കണം എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് പോലും ധർമ്മസങ്കടത്തിലായി എന്നതാണ് പരമാർത്ഥം. ഈ ധർമ്മ സങ്കടത്തിന് അവർ തന്നെ ഒരു വഴി കണ്ടെത്തി. മുഹമ്മയിലെ സംഭവം കണ്ണർകാട് സംഭവത്തിന് മുന്നോടിയാണെന്ന് പ്രചരിപ്പിക്കുക. അപ്പോൾ രണ്ടാളെയും സാബുവിനെയും ലതീഷിനെയും കയറിന് പാകമുള്ളവരായി തെരഞ്ഞെടുക്കാം. വി എസ് - ഐസക്, വി എസ് - സുധാകര പക്ഷങ്ങളുടെ പോരാളികൾ എന്ന നിലയിൽ രണ്ടുപേരും പരസ്പരം കീരിയും പാമ്പും പോലെയാണ് കഴിയുന്നതെന്നും നാളുകളായി ഫോണിൽ വിളിക്കുക പോയിട്ട് പരസ്പരം നോക്കുകപോലും ചെയ്യുന്നില്ലെന്ന വാദമൊന്നും വിലപ്പോയില്ല. ഭരണകക്ഷിയുടെ സമ്മർദ്ദം കൂടിയായപ്പോൾ സിപിഎമ്മുകാരെ പ്രതിപ്പട്ടികയിൽ ഉൾക്കൊള്ളിച്ച് പ്രതിപ്പട്ടികയും തയ്യാറാക്കി.
രണ്ടു വിരുദ്ധ നിലപാടുകാരെ ഒരു കയറിൽ ചേർത്തുകെട്ടാൻ അന്വേഷണ സംഘത്തിന് ന്യായീകരണമാകുന്നത് ഇരുവരുടെയും മോശം പശ്ചാത്തലങ്ങളാണ്. എന്നാൽ, ക്രിമിനൽ സ്വഭാവമുള്ള പലരും പാർട്ടിക്കകത്തും പുറത്തുമുണ്ടല്ലോ, അവരൊക്കെ എന്തിന് കൃഷ്ണപിള്ളയുടെ നെഞ്ചത്തോട്ട് കയറണം എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.
പാർട്ടിക്ക് സംഭവിച്ച പിഴവുകൾ
കൃഷ്ണപിള്ള സ്മാരകം തകർത്തതിലെ യഥാർത്ഥ വസ്തുതകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ്ണമായും വെളിപ്പെടും എന്ന മൂഢവിശ്വാസം ഇതിനിടെ സിപിഐ(എം) ജില്ലാ നേതൃത്വത്തിന് പിടിപെട്ടു. അതോ ലതീഷ് സാബു എന്നീ ചാവേറുകൾ ഭാവിയിലുണ്ടാക്കിയേക്കാവുന്ന തലവേദനകൾ മനസ്സിലാക്കി, ഈ കേസിലൂടെ ഒരു സ്വാഭാവിക പരിണതിയിലേക്ക് അവരെ തള്ളിവിടാനുള്ള കുശാഗ്രബുദ്ധി നേതൃത്വത്തിലെ ആരെങ്കിലും സ്വീകരിച്ചതാണോ എന്നും സംശയമുണ്ട്. ഏതായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യാതൊരുവിധ അന്വേഷണ കമ്മീഷനെയും നിയോഗിക്കാൻ പാർട്ടി തയ്യാറായില്ല. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് വരട്ടെ അപ്പോൾ തീരുമാനിക്കാം എന്ന അഴകൊഴമ്പൻ നിലപാടാണ് സ്വീകരിച്ചത്.
പൊലീസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികളാക്കപ്പെട്ടവരെ പാർട്ടിയിൽ നിന്നും പുറത്താക്കിക്കൊണ്ട് പത്രക്കുറിപ്പ് കൊടുത്ത പാർട്ടി തീരുമാനമാണ് വിമർശിക്കപ്പെടേണ്ടത്. രമേശ് ചെന്നിത്തലയുടെ പൊലീസ് നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയല്ല പാർട്ടി തീരുമാനങ്ങൾ എടുക്കേണ്ടത് എന്ന വി.എസിന്റെ ഋജുബുദ്ധിപോലും ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം കാണിച്ചില്ല. ഇതോടെ പാർട്ടി വെട്ടിലുമായി. പൊലീസ് അന്വേഷണം പാർട്ടി ശരിവച്ചു. സിപിഐ(എം)കാർ തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്ന് ഇതുവഴി പാർട്ടി സമ്മതിച്ചു. ഇങ്ങനെയായി പ്രചരണം. ഒരു കോൺഗ്രസ്സുകാരനെയോ ബിജെപിക്കാരനെയോ രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തിയാൽ അതിന്റെ വാർത്തകൾ മൂന്നോ നാലോ വർഷങ്ങൾക്കപ്പുറം പൊതുമണ്ഡലത്തിൽ തങ്ങി നിൽക്കില്ല. പിന്നീടത് ആളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യ ദുഃഖമായി മാറും. എന്നാൽ സ്ഥാപകന്റെ സ്മാരകം കത്തിച്ച പാർട്ടിക്കാരെ, പിതൃഹത്യക്കും അപ്പുറത്തെ പാതകം നടത്തിയവരായി സമൂഹം കണക്കാക്കുമെന്നും പാർട്ടിയുള്ള കാലത്തോളം അക്കാര്യത്തിൽ പഴികേൾക്കേണ്ടിവരുമെന്നും. ഈ കൃത്യം ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്താൻ പോകുന്നതാണെന്നും മനസ്സിലാക്കാനുള്ള ശേഷി ആലപ്പുഴ ജില്ലാ നേതൃത്വത്തിന് ഇല്ലാതായിപ്പോയതാണോ എന്ന് സംശയിക്കേണ്ടതരത്തിലുള്ള പ്രതികരണങ്ങളാണ് കണ്ടത്.
ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത് പ്രതികളെയും അവരുടെ മേൽവിലാസത്തെയും തിരിച്ചറിഞ്ഞു എന്ന് പ്രസ്താവിക്കുന്ന ഒറ്റപ്പേജ് റിപ്പോർട്ടാണ്. എന്നാൽ അതിനെക്കുറിച്ച് മനോരമ മൂന്ന് പേജ് വാർത്തയാണ് നൽകിയത്. ഇതാകട്ടെ തീർത്തും തെറ്റിദ്ധാരണയും ആശയക്കുഴപ്പവും വർദ്ധിപ്പിക്കുന്നതാണ്. അത്രയ്ക്ക് ദുർബലമായ കഥയാണ് പുറത്തുവന്നത്. എന്നാൽ കൃഷ്ണപിള്ള സ്മാരകം തകർത്തവന്റെ മകൾ / മകൻ പോകുന്നു എന്ന വിളിയിൽ നിന്നും രക്ഷപെടാൻ പ്രതികളാക്കപ്പെടുന്നവരുടെ തലമുറകൾക്ക് പോലും കഴിയില്ലെന്നത് ചക്കളത്തിപ്പോരാട്ടം നടത്തുന്ന സിപിഐ(എം) നേതൃത്വം മനസ്സിലാക്കുമെന്ന് ആ നാട്ടിലെ ആരും പ്രതീക്ഷിക്കുന്നില്ല.
സ്മാരകത്തിന് എന്തു സംഭവിച്ചു?
വായനക്കാർക്ക് അതറിയാൻ ആകാംക്ഷയുണ്ടാകും. വല്ല ചാത്തനേറുമാണോ? പാർട്ടിക്കുള്ളിലെ പോർവിളികൾക്കിടയിൽ, ഒരാളെ ക്രിമിനൽ കേസിൽ പ്രതിയാക്കി, അയാളെ പാർട്ടിയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പരിപൂർണ്ണമായി നിഷ്‌കാസിതനാക്കാമെന്ന ക്രിമിനൽ ബുദ്ധിക്കിടയിൽ മുങ്ങിപ്പോയത് ഈ സത്യമാണ്. മൂന്ന് സാദ്ധ്യതകളാണ് സ്മാരകം തകർത്തവരെക്കുറിച്ച് നിലവിലുള്ളത്.
ഒന്നാമത്തേത്, മദ്യപിച്ച് ഭ്രാന്തായ ഏതോ ആൾക്കാരുടെ കുടിലത. സ്മാരകം നിൽക്കുന്ന വലിയ വളപ്പ് മതിലോ സംരക്ഷണഭിത്തികളോ ഇല്ലാത്തതും അതിനുള്ളിൽ ആളുകൾക്ക് സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ സൗകര്യമുള്ളതുമായ ഒതുങ്ങിയ സ്ഥലമാണ്. ആ വളപ്പിലിരുന്ന് മദ്യപിച്ച് കിറുങ്ങിയ രണ്ടുമൂന്നാളുകൾ ചെയ്ത പ്രവർത്തിയാകാം എന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടിയിരിക്കുന്നു. ഇതിനിടെ തീപിടിച്ചപ്പോൾ ആളെകൂട്ടുന്നതുകമാകാം. എന്തിനും ഏതിനും പാർട്ടി അന്വേഷണം നടത്തുന്ന സിപിഐ(എം) ഒരു അന്വേഷണം നടത്തിയാൽ ചിലപ്പോൾ ഈ സത്യം പുറത്തുവന്നേക്കാം.
രണ്ടാമത്തേത്, ഈ പ്രദേശത്തും ആർഎസ്എസ് വളർന്നുവരാൻ ആരംഭിച്ചിട്ടുണ്ട്. മറ്റെല്ലാ പ്രദേശത്തും സാധാരണ ചെയ്യുന്നതുപോലെ അവരെ കായികമായി നേരിട്ട്, സംഘടിപ്പിച്ച് ശക്തരാക്കുക എന്ന പണി ഇവിടെയും സിപിഐ(എം) ചെയ്യുന്നുണ്ട്. സംഭവത്തിന് കുറച്ച് നാൾ മുൻപ് ഒരു വായനശാലയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ചെറിയ പ്രശ്‌നം അവിടെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ബിജെപിയുടെയോ ആർ.എസ്.എസിന്റെയോ മുതിർന്ന നേതൃത്വങ്ങൾ അറിഞ്ഞ് ഇത് ചെയ്യാനുള്ള സാദ്ധ്യത ഒട്ടുമില്ല. കാരണം ആർക്കും യാതൊരുപദ്രവവുമില്ലാത്തതും പ്രദേശത്തെ രാഷ്ട്രീയ ജാതി മത ഭേദമന്യേ ജനങ്ങളുടെയാകെ വികാരവുമായ ഈ സ്ഥാപനത്തിനെതിരെ അത്തരമൊരു നീക്കം നടത്താൻ അവർ തയ്യാറാകില്ല എന്നതു തന്നെ. ഇതേക്കുറിച്ചുള്ള ഊഹാപോഹങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ട കാര്യം തന്നെയാണ്.
മൂന്നാമത്തേത്, സിപിഎമ്മിനെ അപകീർത്തിപ്പെടുത്താനായി മറ്റ് പ്രത്യേക പ്രകോപനമൊന്നുമില്ലാതെ തന്നെ ഏതെങ്കിലും സാമൂഹ്യവിരുദ്ധ ശക്തികൾ സ്മാരകം തകർക്കാനുള്ള സാദ്ധ്യതയാണ്. അതും മേൽപ്രകാരം വിശദമായതും ശാസ്ത്രീയവുമായ അന്വേഷണം ആവശ്യപ്പെടുന്ന സംഗതിയാണ്. ഇവയിൽ രണ്ടാമത്തേയും മൂന്നാമത്തേയും സാധ്യതകൾ നിഷ്പക്ഷ നിരീക്ഷകർ പൊതുവെ തള്ളിക്കളയുകയാണ്.
പക്ഷേ ഈ അന്വേഷണത്തിനെല്ലാം പ്രതിബന്ധമായി നിൽക്കുന്നത് സിപിഎമ്മും അതിന്റെ പ്രാദേശിക വിഭാഗീയതുമാണ്. ഇരുവിഭാഗവും പരസ്പരം പ്രതികളെ ചൂണ്ടിക്കാണിക്കാൻ മത്സരിക്കുമ്പോൾ സത്യം എന്തെന്ന് കണ്ടെത്താനുള്ള ബാദ്ധ്യത തങ്ങൾക്കില്ലെന്ന നിലപാടാണ് പൊലീസിനുള്ളത്. ഒപ്പം സിപിഐ(എം) പ്രവർത്തകരെയും നേതാക്കളെയും ഒഴിവാക്കിക്കൊണ്ടുള്ള ഒരന്വേഷണവും വേണ്ട എന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിർദ്ദേശവും കൂടി ആകുമ്പോൾ പി കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിലെ യഥാർത്ഥ വസ്തുതകൾ പുറംലോകം കാണുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാകും.