കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 'സൗഭാഗ്യ പരാമർശം' എന്തെങ്കിലും സ്വാധീനം ചെലുത്തിയോ? സോഷ്യൽ മീഡയയിൽ നേരത്തെ ചർച്ചയായ 'തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന' മുഖ്യമന്ത്രിയുടെ പരാമർശവും തൃക്കാക്കരക്കാരെ എൽഡിഎഫിൽ നിന്ന് അകറ്റി എന്ന് പറയേണ്ടി വരും. ഈ പരാമർശം കോൺഗ്രസ് ശക്തമായ പ്രചാരണ ആയുധമാക്കിയിരുന്നു. കൊല്ലത്തെ തിരഞ്ഞെടുപ്പിൽ, എൻ.കെ.പ്രേമചന്ദ്രന് എതിരായ പിണറായിയുടെ പരനാറി പ്രയോഗവും വിവാദമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ, പ്രേമചന്ദ്രൻ പാട്ടും പാടി ജയിച്ചു. ഇപ്പോൾ ഉമ തോമസും.

പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. പി ടി തോമസ് അബദ്ധമല്ല, അഭിമാനമെന്നായിരുന്നു ഉമാ തോമസിന്റെ മറുപടി. പരാമർശത്തെ ന്യായീകരിച്ച സിപിഎം, കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പി ടി തോമസിന്റെ ഓർമ്മകൾ പരമാവധി നിലനിർത്തിയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രി, പി ടിയെ അപമാനിച്ചുവെന്ന് വിമർശിച്ചാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മുഖ്യമന്ത്രിയെ വിമർശിച്ചത്. മരിച്ചിട്ടും പിടിയെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മുല്ലപ്പള്ളി അടക്കമുള്ളവർ കുറ്റപ്പെടുത്തി. അതേസമയം മുഖ്യമന്ത്രിയുടെ പരാമർശം വ്യക്തിപരമായിരുന്നില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.

ഇടതുമുന്നണി കൺവെൻഷനിലാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ''കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്'' എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പിണറായിയുടെ പരനാറി പ്രയോഗം

2014 ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആർഎസ്‌പിയും എൻ കെ പ്രേമചന്ദ്രനും മുന്നണി വിട്ട് യുഡിഎഫിലെത്തുകയും എൽഡിഎഫിനെതിരെ കൊല്ലത്ത് മത്സരത്തിനിറങ്ങുകയും ചെയ്തതാണ് അന്ന് പിണറായിയെ ചൊടിപ്പിച്ചത്.

'തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്ഥാനാർത്ഥികളെ വ്യക്തിപരമായി പറയുകയെന്നത് സാധാരണയായി സ്വീകരിക്കുന്ന രീതിയല്ല. പക്ഷെ പരനാറിയായൽ എങ്ങനെ പറയാതിരിക്കും' എന്നായിരുന്നു പിണറായി വിജയന്റെ വിവാദ പരാമർശം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചർച്ചയായി 'പരനാറി' പ്രയോഗം മാറി. തുടർന്ന് വലിയ വിമർശനമാണ് പിണറായിക്ക് നേരിടേണ്ടി വന്നത്. എം എ ബേബിയുടെ തോൽവിക്ക് കാരണം പിണറായിയുടെ ഈ പരമാർശമാണെന്ന് പാർട്ടിക്കുള്ളിൽ നിന്ന് പോലും വിമർശനമുണ്ടായി.

അഞ്ച് വർഷങ്ങൾക്ക് ശേഷം 2019 ലും പിണറായി തന്റെ പഴയ നിലപാടിൽ ഉറച്ച് നിന്നു. അന്നത്തെ 'പരനാറി' പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ പിണറായി 2014 ൽ പ്രേമചന്ദ്രനും ആർഎസ്‌പിയും കാണിച്ചത് രാഷ്ട്രീയ നെറികേടാണെന്നും ഒരിക്കൽക്കൂടി ആവർത്തിച്ചു.

'ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്.

'നെറിയും നെറികേടും വിലയിരുത്താനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്; പരനാറി പ്രയോഗത്തിന് ജനം മറുപടി പറയും' എന്നാണ് എൻ കെ പ്രേമചന്ദ്രൻ പിണറായിക്ക് മറുപടി പറഞ്ഞത്. പിണറായി വിജയൻ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാൾ ഇത്തരമൊരു പരാമർശം നടത്തുന്നത് യുക്തിസഹമാണോയെന്ന് പിണറായി ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രൻ തിരിച്ചടിച്ചു.

പിണറായിയുടെ പരനാറി പ്രയോഗത്തിന്റെ പേരിൽ തനിക്ക് അദ്ദേഹത്തോട് അകൽച്ച ഉണ്ടായിട്ടില്ലെന്ന് പിന്നീട് പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. ആ പ്രയോഗത്തെ അന്നും ഇന്നും രാഷ്ട്രീയമായിട്ടുതന്നെയാണ് കാണുന്നത്. പൊതു രംഗത്ത് നിൽക്കുന്നവർ ആയതിനാൽ പിന്നീടും പലവട്ടം കാണുകയും സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്തു. തന്റെ മകന്റെ കല്യാണത്തിന് പിണറായി വന്നു. ഡൽഹിയിൽ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ തന്നെ വിളിച്ചു ക്ഷേമം അന്വേഷിച്ചുവെന്നും വ്യക്തിപരമായ പകയും വിദ്വേഷവും ഇല്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. പരനാറി പ്രയോഗത്തിൽ പിണറായിക്ക് വിഷമം ഉള്ളതായി തോന്നിയിട്ടില്ലെന്നും, അത് ആവർത്തിച്ച സാഹചര്യത്തിൽ മാറ്റേണ്ട കാര്യമില്ല എന്നായിരിക്കും അദ്ദേഹത്തിന്റെ വിശ്വാസമെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, പരനാറി പ്രയോഗം കേട്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നുവെന്നും താൻ സ്വീകരണ വണ്ടിയിൽ നിൽക്കുമ്പോൾ ഭാര്യയാണ് വിളിച്ചു പറയുന്നതെന്നും കേട്ടപ്പോൾ സ്തംഭിച്ചു പോയെന്നും പ്രേമചന്ദ്രൻ പറയുന്നു. തനിക്ക് മാനസികമായ ആഘാതം തന്നെ ഉണ്ടാക്കിയെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു.