മുംബൈ: യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജിലി കമ്പനിക്ക് നാഗ്പൂരിൽ 600 ഏക്കർ സ്ഥലം നല്കിയത് നാമമാത്ര തുക ഈടാക്കിയാണോയെന്ന് ബോംബെ ഹൈക്കോടതി ആരാഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനോടാണ് കോടതിയുടെ ചോദ്യം. വില കുറച്ചാണ് ഭൂമി നല്കിയതെങ്കിൽ അക്കാര്യത്തിൽ വിശദീകരണം നല്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുംബൈയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച ഹർജിയിലാണ് നടപടി.

ഫുഡ് പാർക്ക് സ്ഥാപിക്കാനായി പതഞ്ജലി അയുർവേദ ലിമിറ്റഡിന് നാഗ്പൂരിലെ 600 ഏക്കർ ഭൂമി അനുവദിച്ചത് നാമമാത്ര തുകയ്ക്കാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഏക്കറിന് 100 കോടി രൂപ മാർക്കറ്റ് വിലയുള്ള സ്ഥലമാണിവിടം. എന്നാൽ രാംദേവിന്റെ കമ്പനിക്ക് ബിജെപി സർക്കാർ ഭൂമി വിറ്റത് ഏക്കറിന് 25 ലക്ഷം രൂപവച്ചുമാത്രം ഈടാക്കിയായിരുന്നു.

നാഗ്പൂരിലെ കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സർക്കാർ രാംദേവിനു കുറഞ്ഞ വിലയ്ക്കു വിറ്റത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി രാംദേവ് നടത്തിയ പ്രചാരണത്തിന് പ്രത്യുപകാരമായിട്ടാണ് ഭൂമി നാമമാത്ര വില ഈടാക്കി വിറ്റതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

മഹാരാഷ്ട്ര സർക്കാർ ആറ് ആഴ്ചയ്ക്കകം വിശദീകരണം നല്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നാമമാത്ര വിലയ്ക്കാണോ ഭൂമി വിറ്റതെന്ന കാര്യമാണ് തങ്ങൾക്ക് അറിയേണ്ടതെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. പതഞ്ജലി കമ്പനിക്കു നല്കാനായി കർഷകഭൂമി ഏറ്റെടുത്തിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. കമ്പനി സമർപ്പിച്ച പ്രൊജക്ട് റിപ്പോർട്ട് ഹാജരാക്കാനും നിർദ്ദേശിച്ചു.

പതഞ്ജലി കമ്പനിയുടെ മെഗാ ഫുഡ് പാർക്ക് കഴിഞ്ഞവർഷം കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയിലൂടെ 10,000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കുമെന്നും 50,000 കർഷകർ പരോക്ഷ നേട്ടം അനുഭവിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.