കോട്ടയം: വോട്ടു കച്ചവടത്തിന്റെ പേരിൽ എക്കാലത്തും കേരളത്തിൽ പഴി കേൾക്കുന്ന പാർട്ടിയാണ് ബിജെപി. ഇക്കുറി അതിന് ഇടവരരുത് എന്ന് ബിജെപിക്ക് നിർബന്ധം ഉണ്ട്. പരമാവധി വോട്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ് അതുകൊണ്ട് തന്നെ ബിജെപി. ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് മികച്ച സ്ഥാനാർത്ഥികളുമായി രംഗത്ത് ഇറങ്ങിയപ്പോൾ സ്വാഭാവികമായും വോട്ടു കച്ചവടം എന്ന ആരോപണം ഉയരും. എന്നാൽ ഒറ്റ വോട്ടു പോലും കച്ചവടം നടത്താതെ തന്നെ എതിരാളിയെ സഹായിക്കുന്ന ഒരു ഫോർമുലയ്ക്ക് വെള്ളാപ്പള്ളി രൂപം നൽകിയതായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

വെള്ളാപ്പള്ളി നടേശൻ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തുകയും പരാമാവധി വോട്ടു ശേഖരിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളുടെ പ്രത്യേകതയാണ് ഇതിൽ ഒന്ന്. കോഴ ആരോപണത്തിൽ മുങ്ങി നിന്ന മാണിയെ പരസ്യമായി പിന്തുണച്ച ഏക നേതാവായ വെള്ളാപ്പള്ളി മാണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പ്രധാന സീറ്റുകളിൽ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് മാണിയുമായുള്ള ധാരണയുടെ പുറത്താണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. മാണിയുടെ സ്ഥാനാർത്ഥിക്ക് പരാജയ ഭീഷണിയുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എല്ലാം തന്നെ വെള്ളാപ്പള്ളിയുടെ കരുത്തരായ സ്ഥാനാര്ത്ഥികൾ രംഗത്തുണ്ട്.

കുട്ടനാട് സുഭാഷ് വാസു, പൂഞ്ഞാറിൽ ഉല്ലാസ്, ഏറ്റുമാനൂരിൽ തങ്കപ്പൻ, ഇടുക്കിയിൽ ബിജു മാധവ് എന്നീ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ശ്രദ്ധേയരായവർ. ഇവരെല്ലാവരും തന്നെ എസ്എൻഡിപി യോഗം നേതാക്കളും എസ്എൻഡിപി അംഗങ്ങളുമായി അടുത്ത ബന്ധം ഉള്ളവരുമാണ്. ഈ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിടത്ത് എല്ലാം മാണിയുടെ സ്ഥാനാർത്ഥികളാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ഇവിടങ്ങളിൽ എല്ലാം വിജയ സാധ്യതയെ കുറിച്ച് മാണിക്ക് ആശങ്കയും ഉണ്ട്. എന്നാൽ എസ്എൻഡിപി സ്ഥാനാർത്ഥികൾ പരാമാവധി വോട്ടു പിടിച്ചാൽ വിജയ സാധ്യത കൂടുമെന്നാണ് മാണിയുടെ കണക്കു കൂട്ടൽ. പരമാവധി ഹിന്ദുവോട്ടുകൾ സമാഹരിച്ച് മാണിയുടെ സ്ഥാനാർത്ഥികൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കി നൽകാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ഇടുക്കിയൽ മൂന്ന് തവണ എംഎൽഎ ആയ മാണി വിഭാഗത്തിന്റെ റോഷി അഗസ്റ്റിന് ഫ്രാൻസിസ് ജോർജ്ജ് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ബിഡിജെഎസ് സ്ഥാനാർത്ഥി പരമാവധി വോട്ടു പിടിച്ചാൽ രക്ഷപെടാം എന്നാ വിശ്വാസം മാണിക്കുണ്ട്. ഇത് തന്നെയാണ് മറ്റ് മൂന്ന് മണ്ഡലങ്ങളിലെയും സ്ഥിതി. ഇവിടങ്ങളിൽ കുറഞ്ഞത് 20,000 വോട്ട് വീതം ബിഡിജെഎസ് സ്ഥാനാർത്ഥി പിടിക്കുമെന്നാണ് കണക്കു കൂട്ടൽ. ബിഡിജെഎസ് സ്ഥാനാർത്ഥി ഹിന്ദു വോട്ടുകൾ മാത്രം സ്വന്തമാക്കുമെന്നതിനാൽ ന്യൂനപക്ഷ വോട്ടുകൾ സുരക്ഷിതമായി ലഭിക്കുമെന്നും വിജയിക്കാം എന്നും മാണി കണക്കു കൂട്ടുന്നു.

തോമസ് ചാണ്ടിയെന്ന ഇടതു മുന്നണിയിലെ കരുത്തൻ മത്സിക്കുന്ന കുട്ടനാട് സീറ്റിൽ കെ എം മാണിക്ക് തുടക്കത്തിൽ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടൊണ് ബിഡിജെഎസിന്റെ പ്രധാന സ്ഥാനാർത്ഥിയായ സുഭാഷ് വാസു മത്സരിക്കുന്നത്. വ്യവസായ പ്രമുഖനും സ്ഥലത്തെ പ്രമുഖനുമായി സുഭാഷ് വാസുവിന് മികച്ച ജനപിന്തുണ മണ്ഡലത്തിലുണ്ട്. കുട്ടനാട്ടിൽ എസ്.എൻ.ഡി.പി.യോഗത്തിനും ഈഴവ വിഭാഗത്തിനും നിർണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ സുഭാഷ് വാസുവിന് മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സാധിക്കും. ഇതിന് വേണ്ടി മോദിയെ അടക്കം രംഗത്തിറക്കാൻ ബിജെപിയും ബിഡിജെഎസും പദ്ധതിയിടുന്നുണ്ട്.

എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ മത്സരിക്കുന്ന സിറ്റിങ് എംഎ‍ൽഎ. തോമസ് ചാണ്ടിക്ക് പഴയ പ്രതാപമൊന്നുമില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചാണ്ടി മണ്ഡലത്തിലുണ്ടാകാറില്ലെന്നും എപ്പോഴും വിദേശത്താണെന്നുമുള്ള ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. കൂടാതെ തോമസ് ചാണ്ടിയോടൊപ്പം നിന്ന ചില നേതാക്കൾ അടുത്തിടെ എൻസിപി വിടുകയും ചെയ്തു. ഇതെല്ലാം ഗുണമാകുമെന്നാണ് ബി.ഡി.ജെ.എസിന്റെയും ബിജെപി.യുടെയും കണക്കുകൂട്ടൽ. ഇങ്ങനെ സുബാഷ് വാസു കൂടുതൽ വോട്ടു പിടിക്കുമ്പോൾ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് കേരള കോൺഗ്രസിലെ ജേക്കബ് എബ്രഹാമിനെ വിജയിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ.

പി സി ജോർജ്ജിന്റെ സിറ്റിങ് മണ്ഡലമായ പൂഞ്ഞാറിൽ കെ എം മാണിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. ഇവിടെ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ഇവിടുത്തെ ബിഡിജെഎസ് സ്ഥാനാർത്ഥി എം ആർ ഉല്ലാസ് പിടിക്കുന്ന വോട്ട് ജോർജ്ജുകുട്ടി അഗസ്തിയുടെ വിജയത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി പിസി ജോർജ്ജിനൊപ്പം നിന്ന വോട്ടുകൾ ബിഡിജെഎസ് പിടിക്കുമ്പോൾ കത്തോലിക്കാ വോട്ടുകളുടെ ബലത്തിൽ ജോർജ്ജുകുട്ടി അഗസ്തിക്ക് വിജയപ്രതീക്ഷ വർദ്ധിക്കുകയാണ്. കടുത്ത മത്സരം നടക്കുന്ന ഏറ്റുമാനൂരിൽ ഇടതു സ്ഥാനാത്ഥി സുരേഷ് കുറുപ്പിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പോന്ന സ്ഥാനാർത്ഥിയാണ് തങ്കപ്പൻ. മൈക്രോ ഫിനാൻസ് അടക്കുള്ള പ്രവർത്തനങ്ങളിലൂടെ ഈഴവ സ്ത്രീകൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇദ്ദേഹം പരമാവധി വോട്ടുകൾ സമാഹരിക്കുന്നതോടെ തോമസ് ചാഴിക്കാടനാണ് പൊതുവേ ഗുണകരമാകുക.

ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി ബിജു മാധവൻ യുവാക്കൾക്കിടയിൽ സ്വാധീനമുള്ള നേതാവ് കൂടിയാണ്. ഇവിടെ ഫ്രാൻസിസ് ജോർജ്ജ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ പരമ്പരാഗതമായി ഇടതു പക്ഷത്തു നിൽക്കുന്ന ഈഴവ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ ബിജു മാധവിന് സാധിക്കും. ഇത് റോഷിക്ക് ഗുണം ചെയ്യുകയും ചെയ്യും. വെള്ളാപ്പള്ളിയെ ബിജെപി പക്ഷത്ത് എത്തിയത് തന്നെ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രമാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. യുഡിഎഫിൽ നിന്നും എൽഡിഎഫ് തിരികെ പിടിക്കാം എന്ന് പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ നിർണ്ണായക സ്വാധീനം ഉണ്ടാക്കുക എന്നതാണ് പൊതുവിലുള്ള വിലയിരുത്തൽ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ഒരു പരിധി വരെ ഗുണകരമായെന്നാണ് എസ്എൻഡിപി വിലയിരുത്തിയത്. ഈഴവ മേഖലകളിൽ ബിജെപി വലിയ നോട്ടവും ഉണ്ടാക്കിയിരുന്നു. ഇത്തവണ ത്രികോണ മത്സരങ്ങൾ നടക്കുന്ന പല മണ്ഡലങ്ങളിലും നിർണ്ണായകമാകുക വെള്ളാപ്പള്ളിയുടെ  നിലപാടിന്റെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടാകും എന്നതാകും.