ബ്രിട്ടീഷ് കോൺസ്പിരസി തിയറിസ്റ്റും അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്തുന്നയാളുമായ മാക്സ് സ്പയേർസ് എന്ന 39കാരൻ പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ഇദ്ദേഹം മരിച്ചിരിക്കുന്നത് താൻ മരിച്ചാൽ അന്വേഷിക്കണം എന്ന് അമ്മയ്ക്ക് എസ്എംഎസ് അയച്ചതിന്റെ പിറ്റേന്നാണെന്ന പ്രത്യേകതയുമുണ്ട്. കോൺസ്പിരസി സിദ്ധാന്തങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചും ഒരു പ്രഭാഷണം നടത്തുന്നതിന് വേണ്ടി പോളണ്ടിൽ പോയതിനെ തുടർന്നാണ് കാന്റർബറിക്കാരനായ മാക്സ് മരിച്ചിരിക്കുന്നത്.

കറുത്ത ദ്രാവകം ഛർദിച്ചിട്ടാണ് തികച്ചും അപ്രതീക്ഷിതമായി മാക്സ് മരിച്ചിരിക്കുന്നതെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചും സർക്കാർ രഹസ്യങ്ങളെക്കുറിച്ചുമുള്ള മാക്സിന്റെ അന്വേഷണങ്ങൾ നിരവധി ശത്രുക്കളെ സൃഷ്ടിച്ചിരിക്കാമെന്നും അവർ തന്റെ മകനെ കൊലപ്പെടുത്തിയിരിക്കാമെന്നുമാണ് 63 വയസുള്ള അമ്മ വനെസ ബേറ്റ്സ് പറയുന്നത്. മാക്സിനെ സൂപ്പർ സോൾജിയർ എന്നാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്സും കോൺസ്പിരസി ആൻഡ് സൂപ്പർ നാച്വറൽ കമ്മ്യൂണിറ്റിയും വിളിക്കുന്നത്. പ്രശസ്ത നടനായ ഒർലാണ്ടോ ബ്ലൂമിന്റെ സഹപാഠിയാണ് മാക്സ്.

വിവാദമായ നിരവധി കണ്ടെത്തലുകൾ നടത്തിയതിനാൽ മാക്സ് നിരവധി ഉന്നതരുടെ അപ്രീതി പിടിച്ച് പറ്റിയിരുന്നുവെന്ന് അടുത്തിടെ നൽകിയ ഒരു ഇന്റർവ്യൂവിലൂടെ വനെസ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിൽ കഴിയുന്ന മാക്സ് അമ്മയ്ക്കൊപ്പ കുറച്ച് നാൾ കഴിയുന്നതിനായി കാന്റർബറിയിലെത്തുകയും പിന്നീട് പോളണ്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. സയൻസ് ഫിക്ഷൻ എഴുത്തുകാരനായ മാഡ്ലെൻ നാംറോ ആൻഡ് മോണിക്ക ഡുവലുമായി ചേർന്ന് മാക്സ് പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ പോളണ്ടിൽ മാക്സിനൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.

കോൺസ്പിരസി തിയറിസ്റ്റുകൾക്കിടയിൽ മാക്സ് തനതായ സ്ഥാനം നേടിയെടുത്തിരുന്നുവെന്നും അതിനെ തുടർന്നാണ് ജൂലൈയിൽ പോളണ്ടിൽ പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെട്ടിരുന്നതെന്നും അമ്മ വനെസ വെളിപ്പെടുത്തുന്നു. അവിടെ ഒരു സ്ത്രീക്കൊപ്പമായിരുന്നു മാക്സ് താമസിച്ചിരുന്നതെന്നും അദ്ദേഹം സോഫയിൽ മരിച്ച് കിടക്കുന്നത് ഈ സ്ത്രീയാണ് ആദ്യം കണ്ടതെന്നും റിപ്പോർട്ടുണ്ട്. മാക്സ് മരിക്കണമെന്നത് ആരുടെയൊക്കെയോ ആവശ്യമായിരുന്നുവെന്നാണ് അമ്മ വിശ്വസിക്കുന്നത്.അടുത്തിടെ നടത്തിയ അന്വേഷണത്തിലൂടെ മാക്സ് രാഷ്ട്രീയം, ബിസിനസ്, എന്റർടെയിന്മെന്റ് എന്നീ മേഖലകളിലെ പ്രമുഖരുടെ രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഇക്കൂട്ടത്തിൽ പെട്ടവരാണ് മാക്സിന്റെ കൊലപാതകത്തിന് പിന്നിൽ പപ്രവർത്തിച്ചിരിക്കുന്നതെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മാക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. മാക്സിന്റെ അപ്രതീക്ഷിത മരണവും അതിനോട് അധികൃതർ പുലർത്തുന്ന മനോഭാവത്തെക്കുറിച്ചും നിരവധി ഫോളോവേഴ്സ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.