പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നൊഴിവാകാൻ ചില സർക്കാർ ജീവനക്കാർ ഒട്ടനവധി നാടകങ്ങൾ നടത്താറുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയോ മറ്റെന്തിലും കാരണങ്ങൾ പറഞ്ഞോ സ്വാധീനം ഉപയോഗിച്ച് എങ്ങനെയെങ്കിലും പതിവായി ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടുന്നവരുമുണ്ട്. എന്നാൽ, ഇവർക്കെല്ലാം അപവാദവും മാതൃകയുമാവുകയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് റഷീദ് ആനപ്പാറ. അരയ്ക്ക് താഴേക്ക് പൂർണമായി തളർന്നു പോയ ഈ ജീവനക്കാരൻ തനിക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിൽ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മിഷണർക്ക് കത്ത് നൽകി. 90% വൈകല്യമാണ് റഷീദിനുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മിക്കവാറും എല്ലാ ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. തനിക്കും ഡ്യൂട്ടി ചെയ്യാൻ സമ്മതമാണ്. വൈകല്യത്തിന്റെ പേരും പറഞ്ഞ് തന്നെ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്. സമ്മതം അറിയിക്കുന്ന ഭിന്നശേഷി ജീവനക്കാർക്ക് ഇലക്ഷൻ ജോലി ചെയ്യുന്നതിനു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവുകളിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. ഇത്തരം ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും സമ്മതമില്ലാതെ ഒഴിവാക്കുന്നത് അവരുടെ സ്വാതന്ത്യത്തിനു വിരുദ്ധവും ഭിന്നശേഷി നിയമം 2016 അദ്ധ്യായം ഒന്നിൽ ഖണ്ഡിക രണ്ടിൽ പറയുന്ന വിവേചനവുമാണ് എന്ന് റഷീദ് പറയുന്നു.

തളർച്ച ബാധിച്ചിരിക്കുന്നതിന് ശരീരത്തിനാണെങ്കിലും തികഞ്ഞ മനുഷ്യസ്നേഹിയും പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായി റഷീദ്. സർക്കാർ വകുപ്പുകളിൽ നടക്കുന്ന ക്രമക്കേടും അഴിമതിയും വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ റഷീദ് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ ഈ സാധു മനുഷ്യനെ മർദിച്ചവരുമുണ്ട്.

പരസഹായമില്ലാതെ റഷീദിന് സഞ്ചരിക്കാൻ കഴിയില്ല. മുച്ചക്ര സ്‌കൂട്ടറും ഇലക്ട്രിക് വീൽചെയറുമാണ് ആശ്രയം. ഇതിലേക്ക് കയറുകയോ ഇറങ്ങുകയോ വേണമെങ്കിൽ ആരെങ്കിലും സഹായിക്കണം. നാലു നിലയുള്ള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലേക്ക് റഷീദിന് കടന്നു ചെല്ലാൻ റാമ്പില്ല. ഇതു കാരണം ഗ്രൗണ്ട് ഫ്ളോറിൽ ഇരിപ്പിടം ഒരുക്കി നൽകിയിരിക്കുകയാണ്.