തൃശൂർ: 'സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..' ഫോണിലൂടെ ആറാം ക്ലാസുകാരന്റെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകൾ കേട്ട മാള ജനമൈത്രി പൊലീസ് സിപിഒമാരായ സജിത്തും മാർട്ടിനും ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി ആ വീടന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് ഹൃദയം നുറങ്ങുന്ന കാഴ്ച. വർഷങ്ങളായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് ആ പൊലീസുകാരെ വരവേറ്റത്.

പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്, ഉപയോഗിക്കാൻ തന്നേ പാടുള്ള ശുചിമുറി. ആറ് വർഷമായി അച്ഛൻ തളർന്നുകിടക്കുകയാണ്. കൂലിപ്പണിക്കാരിയായ അമ്മയാണ് വീടിന്റെ അത്താണി. കോവിഡ് ബാധിച്ച് ക്വാറന്റീനിലായതോടെ പുറത്തിറങ്ങാനും വയ്യാതായി.

മാള വടമയിലെ പൊട്ടിപ്പൊളിഞ്ഞുവീഴാറായ വീട്ടിന് മുന്നിൽ ഒരു തോർത്തുമുണ്ട് മാത്രമുടുത്ത് നിൽക്കുകയായിരുന്നു സച്ചിനെന്ന് സിപിഒ സജിത്ത് പറഞ്ഞു. വിശേഷം ഫോൺവിളിച്ച് അന്വേഷിച്ചപ്പോൾ ചിക്കൻ തിന്നിട്ട് കുറേനാളായെന്നും വീട്ടിൽ ആഹാരമുണ്ടാക്കാൻ ഒന്നുമില്ലെന്നും കേട്ടാണ് സിപിഒമാരായ സജിത്തും മാർട്ടിനും അവിടേക്ക് ചെന്നത്. തളർന്നുകിടക്കുന്ന അച്ഛനടക്കം മൂന്ന് പേർക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. അതോടെ അമ്മയ്ക്ക് ജോലിക്ക് പോകാനാവാതെയായി, വരുമാനവും നിലച്ചു.


ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരൻ സച്ചിൻ ഫോണെടുത്തത്. വിളിച്ച് അന്വേഷിച്ചപ്പോൾ അവൻ ആദ്യം പറഞ്ഞത് ചിക്കൻ കഴിച്ചിട്ട് കുറേ നാളായി എന്നാണ്. എനിക്കുമുണ്ട് ഇതേ പ്രായത്തിലൊരു മകൻ.. - സിപിഒ സജിത്ത് പറഞ്ഞു.



സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോൾ നിഷ്‌കളങ്കമായി സച്ചിൻ പറഞ്ഞു, 'ഇവിടെ എല്ലാവർക്കും കോവിഡാണ് സർ'. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ 'പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..' എന്നു മറുപടി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമ്മാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്.

സമീപത്തു താമസിക്കുന്ന അദ്ധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

കൂടുതൽ അന്വേഷിച്ചപ്പോൾ ചിക്കൻ കൊണ്ടുകൊടുത്താലും ഉണ്ടാക്കാനുള്ള വീട്ടുസാധനങ്ങൾ ഇല്ലെന്ന് മനസ്സിലായി. ഉടൻ കാവനാട് യുവജന കൂട്ടായ്മയിൽ വിവരമറിയിച്ചു. അത്യാവശ്യം വേണ്ട സാധനങ്ങളും ചിക്കനുമായി ഇവർ വീട്ടിലെത്തി. വീട്ടിലെത്തിയതും കണ്ടത് അതിദയനീയ കാഴ്ചയാണെന്ന് പറയുന്നു സജിത്ത്.

ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലുകളുമുള്ള വീടിനു മുന്നിൽ നിന്നു സച്ചിൻ പൊലീസിനെ സ്വീകരിച്ചു. അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നൽകിയ കട്ടിലിലാണ് ഇപ്പോൾ കിടക്കുന്നത്.

കിടക്കാൻ കട്ടിലുപോലുമില്ലാതെ പൊളിഞ്ഞുവീഴാറായ വീട്ടിലാണ് തളർന്നുകിടക്കുന്ന അച്ഛൻ മാധവനും അമ്മയും സച്ചിനും കഴിയുന്നത്. ഉടുക്കാൻ നല്ല വസ്ത്രമില്ല.

പാടത്തിന്റെ കരയിലുള്ള വീട്ടിൽ നല്ലൊരു മഴപെയ്താൽ വെള്ളം കയറും. സംഭവം പുറത്തറിഞ്ഞതോടെ ഇപ്പോൾ നിരവധി പേർ സഹായിക്കുന്നുണ്ടെന്നാണ് പൊലീസുകാർ പറയുന്നത്.