തിരുവനന്തപുരം: പൊലീസുകാർക്ക് തൊടാൻ പേടി പൊലീസുകാരെയാണ്. പൊലീസുകാരെ ആരു വേദനിപ്പിച്ചാലും പണി ഉറപ്പാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം സിറ്റിയിലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എഎസ് ആ എസ് എസ് ജയകുമാറിനും, സിവില് പൊലീസ് ഓഫീസർമാരായ അനിൽകുമാർ, അജിത്കുമാർ എന്നിവർക്കും കുറച്ചു നാൾ ഉറക്കമില്ലാത ദിവസങ്ങളായിരുന്നു. എന്തും സംഭവിക്കുമെന്ന ആശങ്കപ്പെട്ട ദിവസം. എന്നാൽ ഇവരെ തേടിയെത്തിയത് അംഗീകാരമായിരുന്നു. ഡിഐജി ഷെഫിൻ അഹമ്മദിന്റെ അനുമോദനവും കാഷ് അവാർഡും.

ദിവസങ്ങൾക്ക് മുമ്പ് അർദ്ധരാത്രിയിലുണ്ടായ സംഭവത്തിനാണ് ഷെഫിന്റെ അനുമോദനമെത്തിയത്. കിഴക്കേക്കോട്ട തകരപറമ്പിലൂടെ രാത്രി 12.15 മണിക്ക് സ്വന്തം സ്വകാര്യകാർ സ്വന്തമായി ഡ്രൈവ് ചെയ്ത് വരികയായിരുന്നു ഡിഐജിയായ ഷെഫിൻ. ഈ സമയം ഇവിടെ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. സ്വാകാര്യ വാഹനത്തിൽ ഡിഐജി എത്തിയപ്പോൾ അതിനും പൊലീസുകാർ കൈകാട്ടി. വണ്ടി നിർത്തി. പതിവ് പരിശോധനയെല്ലാം നടത്തി. ബ്രീത്ത് അനലൈസറിലൂടെ ഊതിച്ചു. അർദ്ധരാത്രിയായതിനാൽ ഡിക്കി വരെ പരിശോധിച്ചു. ഡിഐജിയായിരുന്നു വണ്ടി ഓടിച്ചതെന്ന് അറിയാതെയായിരുന്നു ഇതെല്ലാം.

സാധാരണ ഇത്തരമൊരു പരിശോധന പൊലീസ് ഓഫീസർക്കെതിരെ ഉണ്ടായാൽ പൊലീസുകാർക്ക് കിട്ടുക പണിയാണ്. അതുകൊണ്ട് തന്നെ ഡിഐജിയുടെ വണ്ടിയാണ് സസൂക്ഷം പരിശോധിച്ചതെന്നും കള്ളു കുടിയനാണോ എന്ന് പരിശോധിച്ചതെന്നും അറിഞ്ഞതോടെ പൊലീസുകാർ ഭയന്ന് വിറച്ചു. എന്നാൽ ഇവരെ അഭിനന്ദിക്കുകയാണ് ഷെഫിൻ ചെയ്തത്. പൊലീസ് പരിശോധനക്ക് കൈകാണിച്ചപ്പോൾ ഡിഐജിയിൽ യിൽ നിന്ന് ഡ്രൈവർ ആയി മാറുകയും, പരിശോധനക്ക് വിധേയനാകുകയും ചെയ്ത ഉദ്യോഗസ്ഥന്റെ മറ്റൊരു നല്ല പ്രവർത്തി.

ജയകുമാറിനും അജിത് കുമാറിനും അനിൽ കുമാറിനും 500 രൂപയാണ് പാരിതോഷികം കൊടുത്തത്. തന്റെ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരുടെ പെരുമാറ്റം തീർത്തും മാന്യമായിരുന്നു. നല്ല പെരുമാറ്റത്തോടെ മുഴുവൻ പരിശോധനയും അവർ നടത്തി. ഓഗസ്റ്റ് 26ന് രാത്രി തകരപ്പറമ്പിലാണ് സംഭവമെന്നും അനുമോദന കത്തിൽ ഷെഫിൻ വിവരിക്കുന്നു. ഇവരുടെ പെരുമാറ്റവും ഇടപെടലും ഏവർക്കും മാതൃകയാകണമെന്നും ഷെഫിൻ പറയുന്നു. കൈകാണിച്ച് നിർത്തിയിട്ടും ഐപിഎസുകാരനാണെന്ന് പറയാതെ പരിശോധനയ്ക്ക് വഴങ്ങിയ ഷെഫൻ അഹമ്മദിനെ കുറിച്ച് പൊലീസുകാർക്കും നല്ലതേ പറയാനുള്ളൂ.

ഔദ്യോഗിക കൃത്യത്തിലെ മികവിനും, മാന്യതയ്ക്കും പൊലീസുകാർക്ക് അംഗീകാരം നൽകുകയും ചെയ്ത പ്രവർത്തനം അഭിനന്ദനീയം മാത്രമല്ല അനുകരണീയവുമാണെന്ന് വിലിയരുത്തി കത്തുകൊടുക്കുകയും ചെയ്തത് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജുവാണ് ഫെയ്‌സ് ബുക്കിലൂടെ ചർച്ചയാക്കിയത്. ഈ സെപ്റ്റംബർ മാസം തന്നെ ഉണ്ടായ മറ്റൊരു സംഭവം കൂടി എന്റെ അറിവിലേക്ക് വന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് ഡിഐജി ഷെഫിന്റെ പെരുമാറ്റത്തിലെ മാതൃക തിരിച്ചറിയുകയെന്നും ബിജു പറയുന്നു.

കോട്ടയം ടൗണിൽ പൊലീസ് വാഹനപരിശോധന നടത്തി വന്നപ്പോൾ സർവീസിൽ നിന്ന് വിരമിച്ചിട്ടില്ലാത്ത ഒരു ഓഫീസർ സഞ്ചരിച്ച സ്വകാര്യവാഹനം കൈകാണിച്ച് നിറുത്തി. അത് ഇഷ്ടപ്പെടാതെ അദ്ദേഹം പൊലീസിനോട് പെരുമാറുകയും, ആ സമയം അപ്രതീക്ഷിതമായി അതുവഴി വന്ന കോട്ടയം എസ് പി ശ്രീ.ഹരിശങ്കർ ഐപിഎസ് അവർകളോട് പരാതി പറയുകയും ചെയ്തു. പരാതി കേട്ട ഹരിശങ്കർ സർ സാരമില്ല അവർ അവരുടെ ഡൂട്ടി അല്ലേ ചെയ്തത് എന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് അവിടെ നിന്ന് പോകുകയും ചെയ്തു. മികവോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കരുത്ത് പകർന്ന മറ്റൊരു സമീപനമാണ് ശ്രീ. ഹരിശങ്കർ സാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കൂടി ബിജു കൂട്ടിച്ചേർക്കുന്നു. ഇതാണ് പൊലീസ്... പൂർണമായും ഇങ്ങനെ ആവണം പൊലീസ്... അതിന് എല്ലാവർക്കും പ്രചോദനമാകട്ടെ ഈ പ്രവർത്തനങ്ങൾ..... -എന്നാണ് ബിജു കുറിക്കുന്നത്.

ഷെഫൻ അഹമ്മദ് വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർക്ക് നൽകിയ അഭിനന്ദന കത്തും ബിജു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പൊലീസുകാർക്കിടയിലെ പുതിയ താരമാവുകയാണ് ഡിഐജി ഷെഫിൻ അഹമ്മദ്.