ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റൽ കറൻസിയിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ മനസ്സുകളിൽ തീകോരിയിട്ട്, ഏറ്റവും വലിയ വിപണിയായ ദക്ഷിണ കൊറിയ ക്രിപ്‌റ്റോകറൻസിക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ലോകത്തേറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളായ ബിറ്റ്‌കോയിനും എതേറിയത്തിനും വൻതോതിൽ വിലയിടിഞ്ഞു. ബിറ്റ്‌കോയിന്റെ മൂല്യം ഒരുദിവസം കൊണ്ട് 400 ഡോളറോളവും എതേറിയത്തിന്റേത് 60 ഡോളറോളവും കുറഞ്ഞു.

ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗവും വ്യാപനവും സമ്പൂർണമായി വിലക്കിയ ദക്ഷിണ കൊറിയ, വിപണിയിലിടപെടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എല്ലാ ക്രിപ്‌റ്റോകറൻസി എക്്‌ചേഞ്ചുകളും അടച്ചുപൂട്ടാനാണ് സർക്കാരിന്റെ തീരുമാനം.. ഡിജിറ്റൽ കറൻസിയിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ക്രിപ്‌റ്റോകറൻസിയുടെ ശൃംഖലയെ തകർക്കുന്ന പഠനത്തിനും ഗവേഷണത്തിനും സഹായം നൽകുമെന്നും കൊറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ എക്‌സ്‌ചേഞ്ചുകളും പൂട്ടാൻ നടപടിയെടുത്തുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ബുധനാഴ്ച നീതിന്യായ വകുപ്പ് മന്ത്രി പാർക്ക് സാങ്-കി വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോകറൻസി വ്യാപനവും ഉപയോഗവും തടയാനുള്ള മാർഗങ്ങളെല്ലാം അവലംബിക്കുന്നുണ്ടെന്ന് മുതിർന്ന അധികൃതരും വ്യക്തമാക്കി. ഈ നടപടികളെല്ലാം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയാണ് ഇതിന്റെ ഭാഗമായി ചെയ്തത്. നീതിന്യായ വകുപ്പാണ് നടപടികൾക്ക് നേതൃത്വ നൽകുന്നത്. ദക്ഷിണ കൊറിയൻ വിപണിയിൽ കഴിഞ്ഞദിവസം 14.298 ഡോളറിൽനിന്ന് ബിറ്റ്‌കോയിന് ഇപ്പോൾ 12,967 ഡോളറാണ് വില. 24 മണിക്കൂറിനിടെ മൂല്യത്തിൽ 1331 ഡോളറോളം ഇടിവുണ്ടായി.

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളുടെ മൂല്യത്തിൽ വൻതോതിൽ വർധന സമീപകാലത്തുണ്ടാകാൻ കാരണം ഒന്നോ രണ്ടോ പ്രധാന നിക്ഷേപകർ നടത്തുന്ന കള്ളക്കളികളാണെന്ന് ഗവേഷകർ പറയുന്നു. ഡിജിറ്റൽ കറൻസി മേഖലയിൽ വേണ്ടത്ര നിയന്ത്രണമില്ലാത്തതിനാൽ, ഇത്തരം കള്ളക്കളികളും അഭ്യൂഹങ്ങൾ പരത്തലും വൻതോതിൽ നടക്കുകയും ചെയ്യും. ഒരു എക്‌സ്‌ചേഞ്ചിൽ നടക്കുന്ന വ്യാപാരം പോലും വിപണിയെ ആകെ സ്വാധീനിക്കുമെന്നും ഗവേഷകർ പറയുന്നു.

2009-ലാണ് ബിറ്റ്‌കോയിൻ രംഗത്തെത്തുന്നത്. 2017 ഡിസംബറിൽ 17,000 ഡോളറിലെത്തിയതാണ് ബിറ്റ്‌കോയിന്റെ ഇതേവരെയുള്ള വലിയ നേട്ടം. ഇക്കാലയളവിൽ യു.എസ്.ഡി.-ബി.ടി.സി എക്‌സ്‌ചേഞ്ചിൽ നടന്ന സംശയകരമായ ചില ഇടപാടുകളാണ് ബിറ്റ്‌കോയിൻ മൂല്യം കുതിച്ചുകയറുന്നതിന് കാരണമായതെന്ന് ഗവേഷകർ പറയുന്നു. 2013 ഒടുവിലാണ് ഈ ഇടപാടുകൾ നടന്നത്. അതിനുശേഷമാണ് ബിറ്റ്‌കോയിൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെന്നും അവർ പറയുന്നു.