ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ക്രൈപ്‌റ്റോ കറൻസിയുടെ വില കുതിച്ച് കയറിയ അവസരത്തിൽ അതിൽ നിക്ഷേപിക്കാൻ യാതൊരു നിയന്ത്രണവുമില്ലാതെ പരക്കം പാഞ്ഞിരുന്നു. എന്നാൽ ഇത്തരം കറൻസികളിൽ ഭൂരിപക്ഷവും കടലാസിന്റെ വില പോലുമില്ലാത്തവയായി മാറുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. അതിലേക്ക് നയിക്കുന്ന പ്രവണതകൾ ഇപ്പോൾ തന്നെ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് പ്രകാരം ഗോൾഡ്മാൻ സാക്‌സും കൈവിട്ടതോടെ ബിറ്റ്‌കോയിന്റെ വളർച്ച തുടർച്ചയായി താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടർന്ന് അമിത ലാഭം തേടി നിക്ഷേപിച്ച പ്രവാസി മലയാളികൾക്ക് നിരാശയിലായിരിക്കുകയുമാണ്.

മിക്ക ക്രൈപ്‌റ്റോ കറൻസികളുടെ വിലയും ആത്യന്തികമായി പൂജ്യത്തിലേക്ക് ഇടിഞ്ഞ് താഴുമെന്നും ഇപ്പോഴുള്ള വിലയിടിച്ചിൽ അതിന്റെ തുടക്കം മാത്രമാണെന്നുമാണ് ഗോൾഡ്മാൻ സാക്‌സിന്റെ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് തലവനായ സ്റ്റീവ് സ്‌ട്രോംഗിൻ ഫെബ്രുവരി അഞ്ചിന് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരം കറൻസികളിലൂടെയുള്ള ട്രാൻസാക്ഷനുകൾ ചെലവേറിയതും സമയമേറെയെടുക്കുന്നതുമാണ് ഇവയുടെ വിലയിടിഞ്ഞ് താഴാൻ പ്രധാന കാരണങ്ങളെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതിന് പുറമെ സൈബർ സെക്യൂരിറ്റി പ്രശ്‌നങ്ങൾ നിലവിലെ ക്രൈപ്‌റ്റോ കറൻസി ഘടനയെ ബാധിക്കുമെന്നും സ്‌ട്രോംഗിൻ മുന്നറിയിപ്പേകുന്നു.

അതിനാൽ ഇന്നത്തെ ക്രൈപ്‌റ്റോ കറൻസികളേതെങ്കിലും ദീർഘകാലം നിലനിൽക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്‌ട്രോംഗിൻ പ്രവചിക്കുന്നു. ഇവയുടെ മൂല്യം ശാശ്വതമല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആദ്യകാലത്ത് ഓൺലൈൻ ഭീമമന്മാരായി വിജയിച്ചവരെല്ലാം അധികം വൈകാതെ തകർന്നടിഞ്ഞിരുന്നുവെന്നും പിന്നീട് അവ ഇന്നത്തെ വിജയികളായ ഗൂഗിൾ, ആമസോൺ തുടങ്ങിയവയെപ്പോലുള്ളവയ്ക്ക് വഴി മാറുകയായിരുന്നുവെന്നും എന്നാൽ ക്രൈപ്‌റ്റോ കറൻസി രംഗത്തത് ഇത്തരത്തിൽ ശാശ്വതമായി വിജയിക്കുന്നവ ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ലെന്നും സ്‌ട്രോംഗിൻ മുന്നറിയിപ്പേകുന്നു.

ഓൺലൈൻ രംഗത്ത് തുടക്ക കാലത്ത് വൻ വിജയമായവ അധികം വൈകാതെ നാമാവശേഷമായത് പോലെ ഇപ്പോൾ വൻ വിലയുള്ള ക്രൈപ്‌റ്റോ കറൻസികളിൽ മിക്കവയും വൈകാതെ തകർന്നടിയുമെന്നും അതിനാൽ ഇവയിൽ കൈയും കണക്കുമില്ലാതെ നിക്ഷേപിക്കരുതെന്നും ഗോൾഡ്മാൻ സാക്‌സ് തലവൻ മുന്നറിയിപ്പേകുന്നു. ഭാവിയിൽ വിജയിച്ചേക്കാവുന്ന ക്രൈപ്‌റ്റോ കറൻസികൾ ആവിർഭവിച്ചേക്കാമെന്നും എന്നാൽ കാലമാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ക്രൈപ്‌റ്റോ കറൻസിയുടെ വില കഴിഞ്ഞ ആഴ്ച 37 ശതമാനം ഇടിഞ്ഞുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ വിലയിൽ നിന്നും 61 ശതമാനമാണ് താഴ്ന്നിരിക്കുന്നത്.