അജ്മാൻ: സങ്കേതിക വിദ്യയിലൂടെ ആധുനിക ലോകത്തെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂൾ ചെയ്യുന്നതെന്ന് എഛ് പി കമ്പനിയുടെ മിഡിൽ ഈസ്റ്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ മൊറാദ് ഖുത്ഖുത്. അൽ ജർഫ് സ്‌കൂളിൽ നടന്ന 'ഹാബിറ്റാറ്റ് ഡിജിറ്റൽ ഫെസ്റ്റിവൽ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ ഏതൊരാളുടെയും വിരൽ തുമ്പിൽ എത്തിക്കഴിഞ്ഞ ഇക്കാലത്തു വിദ്യാർത്ഥികൾ ഇത്തരമൊരു ഫെസ്റ്റിവലിന് തയാറാവുകയും അത് പുറം ലോകത്തെ ടെക്നോളജിയുമായി മത്സരിക്കുകയ്യും ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ, ഗെയിംസ്, ടെക്‌നിക്കൽ പ്രെസന്റ്റേഷൻസ് എന്നീ മേഖലകളിൽ കുട്ടികളുടെ അവതരണങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സിനിമയിലെയും സാഹിത്യത്തിലേയും രസകരമായ വിവരങ്ങളും അടങ്ങിയതായിരുന്നു ഡിജിറ്റൽ ഫെസ്റ്റ്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ കോഡർമാരായി പങ്കെടുത്തവരിലുണ്ടായിരുന്നു. യു എ ഇ യിൽ ആദ്യമായി ഹാബിറ്റാറ്റ് സ്‌കൂൾ തുടക്കമിട്ട സൈബർ സ്‌ക്വയർ പ്രോഗ്രാമിങ് പരിശീലന പദ്ധതിയുടെ ഭാഗമായിരുന്നു ഫെസ്റ്റിവൽ. അൽ ജർഫ് ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് പുറമെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളും അൽത്തല്ല , ഉമ്മുൽ ഖുവൈൻ എന്നീ ഹാബിറ്റാറ്റ് സ്‌കൂളുകളും പ്രദർശനത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കൊപ്പം മറ്റു സ്‌കൂളുകളിൽ നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു.

'രാജ്യത്തു ഒരു ദശലക്ഷം കോഡർമാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതി യു എ ഇ സർക്കാർ മുമ്പോട്ട് വെച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് ഡിജിറ്റൽ ഫെസ്റ്റിവൽ നടക്കുന്നത് എന്നത് കൗതുകകരമാണ്. എലിമെന്ററി സ്‌കൂൾ തലത്തിൽ തന്നെ കോഡിങ് പഠിപ്പിക്കുന്ന ഹാബിറ്റാറ് സ്‌കൂളിന് ഈ സാങ്കേതിക ദൗത്യത്തിൽ യുഎഇ സർക്കാരിന് പിന്തുണ നൽകാൻ കഴിഅഭിമാനകരമായിരിക്കും', സ്‌കൂൾ മാനേജിങ് ഡയറക്ടർ സി ടി ഷംസു സമാൻ പറഞ്ഞു.

'പ്രകൃതിയെപ്പോലെ തന്നെ ഡിജിറ്റൽ ടെക്‌നോളജിയും ഹാബിറ്റാറ്റ് സ്‌കൂളിന്റെ അടിസ്ഥാനസങ്കല്പത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. മനുഷ്യരുടെ സങ്കല്പങ്ങൾക്കും ബന്ധങ്ങൾക്കും പഠനങ്ങൾക്കും വളർച്ച നൽകുന്നതിൽ ക്രിയാത്മകമായി ഡിജിറ്റൽ ടെക്‌നോളജിയെ എങ്ങിനെ ഉപയോഗിക്കാം എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമാണിത്', സ്‌കൂൾ ഗ്രൂപ്പ് സി ഇ ഒ സി ടി ആദിൽ പറഞ്ഞു.
കുട്ടികളുടെ പഠനരീതികളെതന്നെ ഗുണപരമായി സ്വാധീനിക്കാനുള്ള മാർഗമെന്ന നിലയിൽ പ്രോഗ്രാമിങ്ങിനെ കണ്ടു തുടങ്ങണമെന്നും കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളുടെ ഉപഭോക്താവ് എന്ന നിലയിൽ നിന്നും നിർമ്മാതാവ് എന്ന നിലയിലേക്കുള്ള മാറ്റം ലാപ്‌ടോപ്പിനോടും കമ്പ്യൂട്ടർ ഗെയിംസിനോടുമുള്ള അനാരോഗ്യകരമായ അടിമത്തത്തിൽനിന്നു രക്ഷപ്പെടാൻ കുട്ടികളെ സഹായിക്കുമെന്നും പരിപാടിയുടെ ക്യൂറേറ്ററും സൈബർ സ്‌ക്വയറിന്റെ സാങ്കേതിക ഉപജ്ഞാതാവുമായ എൻ പി മുഹമ്മദ് ഹാരിസ് കൂട്ടിച്ചേർത്തു.
ഹാബിറ്റാറ്റ് സ്‌കൂൾ അൽ ജർഫ് പ്രിൻസിപ്പലും ഡിജിറ്റൽ ഫെസ്റ്റിവൽ കൺവീനറുമായ സൻജീവ് കുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.