- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യ ഹോട്ടൽ ഉടമയ്ക്ക് നടനുമായുള്ളത് ആത്മബന്ധം; അനുജനും അളിയനുമൊപ്പം മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടി പ്രതിയാകുന്നത് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ തലവേദന കൂട്ടും; മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ സുഹൃത്തും അടുത്ത ബന്ധുക്കളും അഴിക്കുള്ളിലാകും; ദിലീപിന് ഇനിയുള്ളത് അഗ്നി പരീക്ഷയുടെ മണിക്കൂറുകൾ
നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇയാൾ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു. ഇക്കാര്യം രണ്ട് ദിവസം മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രവാസിയെ ചുറ്റിപ്പറ്റി ചില ചർച്ചകൾ നടന്നു. എന്നാൽ അതെല്ലാം ശരത്തിനെ പിടികൂടാനുള്ള പൊലീസ് തന്ത്രമായിരുന്നു. അതിന് ശേഷവും ശരത് ഒളിവിൽ തന്നെ തുടർന്നു. ശബ്ദം പരിശോധിച്ചാൽ ആളെ തിരിച്ചറിയുമെന്ന ഭയത്തിലാണ് ഇതെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനിടെ ദിലീപിന്റെ അളിയന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശരത്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. ദിലീപിന്റെ അനുജൻ അനൂപും സഹോദരി ഭർത്താവും ആണ് എല്ലാത്തിനും ദിലീപിനൊപ്പമുള്ളവർ. ഇവരെ എല്ലാം പൊലീസുകാരെ ആക്രമിക്കാനുള്ള ഗൂഢാലോചന കേസിൽ പ്രതിയാക്കുകയാണ് പൊലീസ്.
ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നതിന് മുമ്പ് ആലുവയിൽ നിറഞ്ഞു നിന്ന വ്യവസായിയാണ് ശരത്. മിക്ക പൊലീസുകാരുമായും അടുത്ത ബന്ധം ഉണ്ടാക്കിയെടുത്തു. രാഷ്ട്രീയക്കാരുമായും അടുപ്പമുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ്. ദിലീപിന് ജാമ്യം ഉറപ്പാക്കാൻ പോലും ഓടി നടന്നത് ശരത്താണ്.
ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോൺ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടെയാണ് ക്രൈംബ്രാഞ്ച് റെയ്ഡിന് ഇറങ്ങിയത്. നാളെ ദിലീപിനും നിർണ്ണായകമാണ്. മുൻകൂർ ജാമ്യാപേക്ഷയിലെ ഹൈക്കോടതി നിലപാട് അതീവ നിർണ്ണായകമാകും. ശരത്തിന്റെ ജാമ്യ ഹർജിയിൽ പൊലീസ് എടുക്കുന്ന നിലപാടും ശ്രദ്ധേയമാകും.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കണ്ടെത്താനും സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങൾ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
സുരാജിന്റെ കൊച്ചയിലെ ഫ്ലാറ്റിലും ശരത്തിന്റെ ആലുവയിലെ വീട്ടിലുമാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടൽസ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇയാളിപ്പോൾ ഒളിവിലാണെന്നാണ് സൂചന. കേസിൽ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരത്തിലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്. അതേസമയം രണ്ടുദിവസമായി ശരത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് മൂന്നരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
താൻ വിഐപിയെന്ന് സംശയിക്കുന്നവരിൽ ശരത്തിന്റെ പേരും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് നിർമ്മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. കാവ്യ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകൻ ശരത് അങ്കിൾ വന്നിട്ടുണ്ടെന്നു പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
അതിനിടെ കേസിൽ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.
മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, കേസിൽ 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ