- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യ ശരത്തിനെ അറസ്റ്റു ചെയ്യാൻ തീരുമാനം; ശബ്ദ സാമ്പിൾ പരിശോധനയിലൂടെ 'വിഐപിയെ' സ്ഥിരീകരിക്കും; സംശയ നിഴലിൽ ഇപ്പോഴും മൂന്നാമനും; പൾസർ സുനിയെ മാനസികമായി തളർത്തിയത് 'ദിലീപിനെ' ചർച്ചയാക്കിയതെന്ന് അമ്മ; സുനിയുടെ മൊഴി എടുക്കലും നിർണ്ണായകമാകും
കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടൽ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത്ത് മുൻകൂർ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളിൽ ദിലീപിന്റെ സഹോദരൻ അനൂപിനു മുതൽമുടക്കുണ്ടെന്നാണ് സൂചന. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാർ ചൂണ്ടിക്കാട്ടിയ 'വിഐപി' ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാൽ 'വിഐപി'യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
എന്നാൽ ശരത്തിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വിലയിരുത്തലിലേക്ക് ക്രൈംബ്രാഞ്ച് കടക്കുകയാണ്. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണക്കോടതി മുൻപാകെ ക്രൈംബ്രാഞ്ച് സമർപ്പിക്കും. ശരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.
ശരത്തിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി വീട്ടിലെത്തിയ ആളെയാണ് വി.ഐ.പി.യായി കണ്ടിരുന്നത്. ദിലീപുമായി അടുത്തബന്ധമുള്ളയാളാണ്, ഖദർധാരിയാണ്, വീട്ടിലുള്ളവർ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്നയാളാണ് എന്നിങ്ങനെയായിരുന്നു മറ്റു വിവരങ്ങൾ.
ഈ സാമ്യങ്ങളുള്ള ദിലീപിന്റെ പരിചയത്തിലുള്ളവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയപ്പോൾ കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബിന്റെയും ശരത്തിന്റെയും മറ്റൊരു പ്രമുഖന്റെയും പേരാണുവന്നത്. മെഹബൂബിന്റെ ശബ്ദം കേൾപ്പിക്കുകയും ഫോട്ടോ കാണിക്കുകയും ചെയ്‌തെങ്കിലും ബാലചന്ദ്രകുമാറിന് ഉറപ്പിക്കാനായില്ല. ഇതോടെയാണ് സംശയിക്കുന്നവരിൽ ശരത്ത് ഒന്നാമതെത്തുന്നത്. ഇക്ക എന്ന് വിളിക്കുന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം ശരത്തുമായി ബന്ധപ്പെടുത്താവുന്ന കാര്യങ്ങളാണെന്ന് അന്വേഷണസംഘം പറയുന്നു.
അതേസമയം, നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ഒളിവിൽ പോയ തനിക്കു നേരെ വധശ്രമമുണ്ടായെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മൊഴിനൽകാൻ സുനിലിന്റെ മാതാവ് ശോഭന തയാറായെങ്കിലും ആലുവ മജിസ്‌ട്രേട്ടിനു കോവിഡ് ബാധിച്ചതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തിയില്ല. പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ഇന്നലെ ജയിലിൽ സന്ദർശിച്ച മാതാവ് ശോഭന സ്ഥിരീകരിച്ചു.
ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയിൽ കണ്ടിട്ടില്ലെന്നും ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു ശോഭന. ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായതെന്നും ശോഭന കൂട്ടിച്ചേർത്തു. സുനിയെ ചോദ്യംചെയ്യാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കോടതി പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ