- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ല; അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്; ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ; അന്വേഷണ പുരോഗതി റിപ്പോർട്ടും പ്രതിക്ക് കൊടുക്കാനാകില്ലെന്ന് നിലപാട്; വിചാരണ തുടരും; ദിലീപിന് ഇനി നിർണ്ണായകം നാളത്തെ ഹൈക്കോടതി വിധി
കൊച്ചി: നടൻ ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വഷണ റിപ്പോർട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാൽ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.
റിപ്പോർട്ടിന്റെ പകർപ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോർട്ട് അവകാശപ്പെടാൻ അർഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിലീപിന്റെ ഹർജി ജനുവരി 25 ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവെക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ നാല് പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.
ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ട ഹർജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹർജിയും 25 ലേക്ക് മാറ്റി. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ അത് കോടതിയിൽ സമർപ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹർജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ വേണം എന്നാണ് സുനിൽ കോടതിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്. ദിലീപിന്റെയും അനുജന്റെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇതിന്റെയെല്ലാം പരിശോധനയും പുരോഗമിക്കുകയാണ്. കേസിൽ നിർണ്ണായകമാകുന്ന പല തെളിവുകളും കണ്ടെടുക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റ പക്ഷം.
ഇനി ഇവർ ഇത് കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ച ശേഷം കൂടുതൽ സമയം അന്വേഷണത്തിന് ആവശ്യപ്പെടാനാണ് സാധ്യത. ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യ ഹർജിയിൽ വെള്ളിയാഴ്ചയാണ് വിധി പറയുക. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കൂടുതൽ സമയം അനുവദിച്ചത്. നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി വെള്ളിയാഴ്‌ച്ച പരിഗണിക്കാനായി മാറ്റിയത്. ജാമ്യ ഹർജികളിൽ വിശദമായ മറുപടി നൽകാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കേസിൽ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളുടെയും അറസ്റ്റും അതുവരെ തടഞ്ഞിട്ടുണ്ട് .
ദിലീപിന്റെ സുഹൃത്തായ ശരത്തും ഈ കേസിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയും മറ്റ് ജാമ്യ ഹർജികൾക്കൊപ്പം വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസിലെ വി.ഐ.പി. ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും മറ്റ് പ്രതികളും ചേർന്ന് ആലുവയിലെ വീട്ടിൽ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ