കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ ദിലീപ് സുപ്രീംകോടതിയിൽ. നടിയെ ആക്രിച്ച കേസിൽ എത്രയവും വേഗം വിചാരണ പൂർത്തിയാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ദിലീപിന്റെ നീക്കം. അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

എല്ലാ കുറ്റവും ദിലീപ് നിഷേധിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ഗൂഢാലോചനയാണ് കേസെന്ന നിലപാടിന് സമാനമാണ് ദിലീപിന്റെ മറുപടികൾ. തെളിവുകള്ള കാര്യങ്ങളിൽ പോലും കൃത്യമായ മറുപടി നൽകുന്നില്ല. എല്ലാം വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മൊഴികൾ വിശദമായി പരിശോധിക്കും. രണ്ടു ദിവസം കൂടി ദിലീപിനേയും കൂട്ടുപ്രതികളേയും ചോദ്യം ചെയ്യും. അതിന് ശേഷം വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അറിയിക്കും. ഇതിനിടെയാണ് നിയമ പോരാട്ടം സുപ്രീംകോടതിയിൽ എത്തുന്നത്.

വിചാരണയ്ക്ക് കൂടുതൽ സമയമെന്ന പ്രോസിക്യൂഷൻ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാൽ എല്ലാ അർത്ഥത്തിലും കേസ് പുനരന്വേഷണത്തിലേക്ക് പോകും. അത് ദിലീപിന് കൂടുതൽ തിരിച്ചടിയാകും. ജഡ്ജി സ്ഥലം മാറി പോകാനാണ് കേസ് നീട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ദിലീപ് സുപ്രീംകോടതിയിൽ വാദിക്കുന്നത്. വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു. ഇതിൽ സുപ്രീംകോടതിയുടെ നിലപാട് കേസിനെ എല്ലാ അർത്ഥത്തിലും സ്വാധീനിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ അതിനിർണ്ണായകമാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട് ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും. അതേസമയം, ദിലീപിനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പൊലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യൽ കൃത്യമായി ചെയ്യും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാൻ നിയമപരമായ തടസങ്ങളൊന്നുമില്ല. ചോദ്യംചെയ്യൽ നടക്കുമ്പോൾ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയിൽ പൊലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരിക്കുമ്പോൾ ഒരുപ്രത്യേകരീതിയിൽ തെളിവുകൾ കിട്ടും. നിസഹകരിച്ചാൽ വേറൊരുരീതിയിലും തെളിവുകളുണ്ടാകും. സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. നിസ്സഹകരണമുണ്ടെങ്കിൽ കോടതിയെ കാര്യങ്ങൾ അറിയിക്കും. കോടതി നിർദ്ദേശം അനുസരിച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു.

രാത്രി എട്ടുമണിവരെയാകും ദിലീപ് അടക്കമുള്ള പ്രതികളെ ഞായറാഴ്ച ചോദ്യംചെയ്യുക. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അന്വേഷണം തടസ്സപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.