- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലവ കോടതിയിൽ ദിലീപും അനുജനും അളിയനും എത്തണമെന്ന പ്രോസിക്യൂഷൻ വാശിക്ക് പിന്നിൽ അറസ്റ്റ് മോഹം; മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ ഉടൻ നടനേയും ബന്ധുക്കളേയും അഴിക്കുള്ളിൽ അടയ്ക്കും; ഇന്ന് ഹൈക്കോടതിയിലെ പോരാട്ടം രാമൻപിള്ള ജയിക്കുമോ? ദിലീപ് എട്ടേക്കർ പള്ളിയിൽ
ആലുവ: മുൻകൂർ ജാമ്യ ഹർജി തള്ളുമെന്ന വിലയിരുത്തലിൽ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ഒളിവിൽ പോയിട്ടില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. അല്ലാത്ത പക്ഷം ജാമ്യ ഹർജി തള്ളിയാൽ നടൻ സുപ്രീംകോടതിയെ സമീപിച്ച് അറസ്റ്റ് വൈകിപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ ദിവസം നിർണ്ണായകമാണെന്ന് ദിലീപിനും അറിയാം. ഹൈക്കോടതിയിൽ അഭിഭാഷകനായ ബി രാമൻപിള്ളയുടെ വാദങ്ങളിലാണ് ദിലീപിന്റെ പ്രതീക്ഷ. അതിനിടെ ആലുവയിലെ എട്ടേക്കർ പള്ളിയിൽ പ്രാർത്ഥനയ്ക്കായി നടൻ എത്തി. ചൂണ്ടിയിലെ പള്ളിയിലായിരുന്നു പ്രാർത്ഥന. ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. ഇന്ന് പുലർച്ചെയാണ് എട്ടേക്കറിലെ സെന്റ് ജൂഡ് പള്ളിയിൽ ദിലീപ് എത്തിയത്. പ്രാർത്ഥനകളും നേർച്ചകളും നടത്തി അതിവേഗം മടങ്ങി.
ക്വട്ടേഷൻ പ്രകാരം നടിയെ പീഡിപ്പിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ തുറക്കുന്നതിനുള്ള പാറ്റേൺ പരിശോധിക്കുന്നതിനെച്ചൊല്ലി ആലുവ മജിസ്‌ട്രേട്ട് കോടതിയിൽ വാദപ്രതിവാദം നടന്നിരുന്നു. പ്രതികളുടെ സാന്നിധ്യത്തിൽ ഫോൺ തുറന്നു പാറ്റേൺ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, ഫോൺ തുറക്കുന്നതു കൃത്രിമത്തിന് ഇടയാക്കുമെന്നു പ്രതിഭാഗം വാദിച്ചു. ദിലീപ് കോടതിയിൽ എത്തണമെന്ന വാദം പ്രോസിക്യൂഷൻ എടുത്തതിന് പിന്നിൽ നടനെ എവിടെയുണ്ടെന്ന് ഉറപ്പിക്കാൻ കൂടിയായിരുന്നു. ഇതിലൂടെ അറസ്റ്റിന് വേണ്ട മുന്നൊരുക്കങ്ങളും നിരീക്ഷണങ്ങളും ഉറപ്പു വരുത്താനായിരുന്നു ശ്രമം. എന്നാൽ ഇന്നലെ ദിലീപ് കോടതിയിൽ എത്തിയില്ല. എങ്കിലും ദിലീപ് ആലുവയിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്യും.
ഹൈക്കോടതിയിൽ നിന്നു മുദ്രവച്ച കവറിൽ തിങ്കളാഴ്ച രാത്രി മജിസ്‌ട്രേട്ട് കോടതിയിൽ എത്തിച്ച ഫോണുകൾ കോടതി നേരിട്ടു തിരുവനന്തപുരം സൈബർ ഫൊറൻസിക് ലാബിൽ അയച്ചു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് എസ്‌പി എംപി. മോഹനചന്ദ്രൻ നായർ രാവിലെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഫോൺ തുറക്കാനുള്ള പാറ്റേൺ കൈമാറണമെന്ന ഹൈക്കോടതി നിർദ്ദേശം പ്രതികൾ പാലിക്കാതിരുന്നതിനെ തുടർന്നു വൈകിട്ട് 5നു മുൻപു പാറ്റേൺ എത്തിക്കാൻ കോടതി പ്രതികൾക്ക് ഇമെയിൽ മുഖേന അടിയന്തര നോട്ടിസ് നൽകി. തുടർന്നു 2.50നു ദിലീപിന്റെ അഭിഭാഷക ഫോൺ തുറക്കാനുള്ള പാറ്റേണുമായി കോടതിയിൽ ഹാജരായി.
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ പാറ്റേൺ കോടതിയിൽ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സീൽ ചെയ്തു ലാബിലേക്ക് അയയ്ക്കുന്ന ഫോണുകളുടെ പാറ്റേൺ തെറ്റാണെങ്കിൽ ഫലം വൈകും. പരിശോധനാ ഫലം വൈകിപ്പിക്കുന്നതിലൂടെ കേസ് നീട്ടാനാണു പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. ഫോണും പാറ്റേണും അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണേണ്ടതില്ലെന്നും പ്രതികളുടെ സാന്നിധ്യത്തിൽ ഫോൺ 'അൺലോക്ക്' ചെയ്താൽ മതിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഫോണുകൾ കോടതിയിൽ തുറക്കുന്നതിനെ പ്രതിഭാഗം എതിർത്തു.
ഹൈക്കോടതിയിൽ ഡിജിപിയുടെ സാന്നിധ്യത്തിലാണു ഫോണുകൾ സീൽ ചെയ്തതെന്നും സൈബർ വിദഗ്ധന്മാർ ഇല്ലാതെ ഫോൺ തുറന്നാൽ അന്വേഷണ സംഘം കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. തുറന്ന കോടതിയിൽ ഏതാനും നിമിഷത്തേക്കു മാത്രം ഫോൺ തുറന്നാൽ എന്താണു സംഭവിക്കുകയെന്നു കോടതി ചോദിച്ചു. കേസ് ഇന്നു രാവിലെ വീണ്ടും പരിഗണിക്കും. എളുപ്പത്തിൽ പരിശോധനാഫലം ലഭിക്കുന്നതിനുള്ള സൗകര്യത്തിനായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്കു ഫോണുകൾ അയയ്ക്കാനാണു അന്വേഷണ സംഘം ശുപാർശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
വ്യാഴാഴ്ച ഫോൺ പരിശോധിക്കുമ്പോൾ പ്രതികളുടെ സാന്നിധ്യം ക്രൈംബ്രാഞ്ച് അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും ഫോണുകളാണ് കോടതിയിലുള്ളത്. ദിലീപിന്റെ അഭിഭാഷക മാത്രമാണ് ബുധനാഴ്ച ഹാജരായത്. കേസിലെ മുഴുവൻ പ്രതികളുടെയും അഭിഭാഷകർ ഹാജരാകാനാണ് കേസ് വ്യാഴാഴ്ചയ്ക്കു മാറ്റിയത്. പ്രതികൾ എത്തുമോ എന്ന് ഉറപ്പില്ല. ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ അറസ്റ്റ് ചെയ്യണമെങ്കിൽ പ്രതികളെ എവിടെയുണ്ടെന്ന് ഉറപ്പിക്കണം. അതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ ദിലീപിനേയും മറ്റുള്ളവരേയും കോടതിയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രതികൾ മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിലെ സംഭാഷണങ്ങൾ ആരുടേതെല്ലാമാണെന്നു തിരിച്ചറിയാൻ പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രതികളെ വിളിച്ചുവരുത്തി ശബ്ദം റെക്കോർഡ് ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ