കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് നടി കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം ആവശ്യമുണ്ടെന്നും, ദിലീപിന്റെ ഹർജിയിൽ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നും നടി കോടതിയെ അറിയിച്ചു. നടിയുടെ ഇടപെടൽ അതിനിർണ്ണായകമാണ്. കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുകൂല തീരുമാനം എടുത്താൽ കേസിലെ വിചാരണയെ പോലും അത് ബാധിക്കും.

കേസിൽ കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ തുടരന്വേഷണം നടത്തണമെന്നാണ് വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാൽ ആറുമാസമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് ദിലീപ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നു.

എന്നാൽ കേസ് അന്വേഷണത്തിൽ ഉണ്ടായ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ വിചാരണയ്ക്ക് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണമെന്നും, ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് ആരോപിക്കുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്.