കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് വീണ്ടും പരിഗണിച്ച് ക്രൈംബ്രാഞ്ച്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടിയിട്ടുണ്ട്. ജസ്റ്റിസ് കെ.ഹരിപാൽ ഹർജി 9നു പരിഗണിക്കാൻ മാറ്റി. നിയമവിരുദ്ധമായ കേസും അന്വേഷണവുമാണെന്നു ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടതെന്നും അഭിഭാഷകൻ അറിയിച്ചു. ദുരുദ്ദേശ്യത്തോടെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നും കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐക്കു കൈമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൽ നിന്ന് കൂടി അഭിപ്രായം തേടുന്നത്. ഹർജി പരിഗണിച്ച കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകനോടു വാക്കാൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ വ്യാജമായി തെളിവുണ്ടാക്കാനായി തന്നെ കസ്റ്റഡിയിലെടുക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരായ കേസിൽ കേരള പൊലീസ് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തില്ലെന്നും ഹർജിയിൽ പറയുന്നു. അന്വേഷണത്തിന് സ്‌റ്റേ അനുവദിച്ചിരുന്നെങ്കിൽ കാവ്യയെ ചോദ്യം ചെയ്യുന്നത് തടയാനാകുമായിരുന്നു. അതുകൊണ്ട് അന്വേഷണത്തിന് തടസ്സമുണ്ടാകാതെ ഹർജിയെ കോടതി കണ്ടതിൽ ക്രൈംബ്രാഞ്ചും പ്രതീക്ഷയിലാണ്.

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറ് ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം നാളെ ആലുവ കോടതിക്ക് കൈമാറും. അന്വേഷണസംഘം പ്രതീക്ഷിച്ചതിലും കൂടുതൽ വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായാണ് സൂചന. വധഗൂഢലോചന കേസിന്റെ അന്വേഷണത്തിൽ വഴിതിരിവിന് സാധ്യതയുള്ള വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളിൽ നിന്ന് ലഭിച്ചെന്നാണ് വിവരങ്ങൾ. റിപ്പോർട്ട് കോടതിക്ക് കൈമാറിയ ശേഷം അതിന്റെ പകർപ്പ് അന്വേഷണസംഘത്തിന് ലഭിക്കും.

ലഭിക്കുന്ന വിവരങ്ങൾ ഗുരുതരമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നാളെ ലഭ്യമാകുന്ന റിപ്പോർട്ട് വച്ചിട്ടായിരികും ദിലീപിനെയും കൂട്ടുപ്രതികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുക. തെളിവ് നശിപ്പിക്കാൻ അഭിഭാഷകർ കൂട്ട് നിന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരായ നടപടി കോടതിയെ അറിയിക്കാനാണ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥന്മാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അഭിഭാഷകരുടെ റോൾ പരിശോധിക്കുന്നത്. എഫ്ഐആർ ഇട്ട ശേഷം ഫോണിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് സൂചന. ഫോണുകൾ അഭിഭാഷകരെ ഏൽപ്പിച്ചുയെന്ന് ദിലീപ് പറഞ്ഞിരുന്നു.

കേസിൽ നടൻ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണു മൊഴിയെടുത്തത്. ദിലീപിന് അനുകൂലമായ നിലപാടാണ് നാദിർഷാ ചോദ്യം ചെയ്യലിൽ എടുത്തത്.

പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ സൈബർ ഫൊറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള മൊഴിയെടുപ്പ് അടുത്തയാഴ്ച നടക്കും. ഫോണുകളുടെ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഫോൺ രേഖകൾ ലഭിച്ചാൽ ദിലീപിന്റെ ചില ബന്ധുക്കളുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിന് ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് സാധ്യത.

ദിലീപ്, സഹോദരൻ പി.അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണു കേസിലെ പ്രതികൾ.