- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച്; മാച്ചു കളഞ്ഞ ചാറ്റിലെ വിവരമറിയാൻ മീരാ ജാസ്മിന്റെ മൊഴി എടുക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിൽ; കഴിഞ്ഞ ദിവസം മൊഴി എടുത്തത് പരസ്യ മേഖലയിലെ പ്രമുഖയുടേത്; ദിലീപിന് വീണ്ടും ചോദ്യം ചെയ്യൽ കുരുക്ക്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നോട്ടിസ്. ചോദ്യംചെയ്യലിന് മറ്റന്നാൾ ഹാജരാകണമെന്ന് അന്വേഷണസംഘം. അസൗകര്യമറിയിച്ച് ദിലീപ്. ചോദ്യംചെയ്യലിന് ഹാജരാകാൻ മറ്റൊരുദിവസം അനുവദിക്കണമെന്ന് ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചേക്കും. മുൻകൂട്ടി നിശ്ചിയിച്ച യാത്രയുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഉന്നത പൊലീസ് നേതൃത്വവുമായി തീരുമാനിച്ച ശേഷം പൊലീസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. വിചാരണ കോടതിയാണ് നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അതിവേഗം അന്വേഷണം അവസാനിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുന്നത്. സിനിമാ രംഗത്തെ പല പ്രമുഖരുടേയും മൊഴി ഇനിയും എടുക്കാൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച ആരോപണത്തിന് അടക്കം ദിലീപ് മറുപടി നൽകേണ്ടി വരും.
അതിനിടെ നടി മീരാ ജാസ്മിനേയും പൊലീസ് മൊഴി എടുക്കാൻ വിളിച്ചു വരുത്തിയേക്കും. ദിലീപിന്റെ ഫോണിലെ ചാറ്റുകൾ മാച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണ് ഇത്. മീരാ ജാസ്മിനുമായുള്ള ചാറ്റാണ് മാച്ചതെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് നടിയെ മൊഴിയെടുക്കാൻ വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പ്രമുഖ പരസ്യ നിർമ്മാണ കമ്പനിയുടെ മേധാവിയുടെ മൊഴി പൊലീസ് എടുത്തിരുന്നു.
ദിലീപിന്റെ ചാറ്റ് മാച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാൽ പൊലീസിന് ഇക്കാര്യത്തിൽ തന്ത്രപരമായ മൊഴി കിട്ടിയില്ല. ഈ സാഹചര്യത്തിൽ മീരാ ജാസ്മിനെ മൊഴി എടുക്കാൻ വിളിപ്പിക്കേണ്ടതുണ്ടോ എന്ന സംശയവും പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. വ്യക്തിപരമായ ചാറ്റ് മാച്ചു കളയുന്നതിൽ എന്താണ് തെറ്റെന്ന് പരസ്യ രംഗത്തെ പ്രമുഖ ചോദിച്ചതായാണ് സൂചന. ഇത് പൊലീസിന് തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ദിലീപിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കാനുള്ള തീരുമാനം.
അതിനിടെ ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ സ്വകാര്യ സൈബർ വിദഗ്ധൻ സായി ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ വധ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെ ഇയാൾക്ക് ചോദ്യം ചെയ്യലിന് പോകേണ്ടി വരും. തെളിവ് നശീകരണത്തിൽ വ്യക്തത വരുത്താനാണ് നീക്കം.
കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകമെന്ന് സായി ശങ്കർ കോടതിയെ അറിയിച്ചെങ്കിലും ഇക്കാര്യം ഉത്തരവിൽ രേഖപ്പെടുത്താൻ കോടതി തയ്യാറായില്ല. അതേസമയം വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സായി ശങ്കർ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഇതിലെ വിധിയും നിർണ്ണായകമാകും.
ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരേ കൂടുതൽ തെളിവുകളുമായി ക്രൈംബ്രാഞ്ച്ര് പിടിമുറുക്കുകയാണ്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാനായി സായ് ശങ്കർ കൊച്ചിയിൽ എത്തിയതിന്റെയും ഹോട്ടലിൽ താമസിച്ചതിന്റെയും രേഖകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്.
ജനുവരി 30-നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടത്. ഇതിന് തലേദിവസം തന്നെ സായ് ശങ്കർ കൊച്ചിയിൽ എത്തിയിരുന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. 29-ന് കൊച്ചിയിലെത്തിയ സായ് ശങ്കർ ആഡംബര ഹോട്ടലിൽ മുറിയെടുത്തു. ജനുവരി 31 വരെ ഈ ഹോട്ടലിൽ താമസിച്ചിരുന്നു. സായ് ശങ്കർ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളായി ബില്ലുകളടക്കം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം, സായ് ശങ്കറിനെതിരേ മറ്റൊരു പരാതി കൂടി ഉയർന്നിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ മിൻഹാജാണ് ഇയാൾക്കെതിരേ പുതിയ പരാതി നൽകിയിരിക്കുന്നത്. 45 ലക്ഷം രൂപ കടം വാങ്ങിയ സായ് ശങ്കർ, ഇത് തിരികെ ചോദിച്ചപ്പോൾ വീഡിയോ കോളിലൂടെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ കോഴിക്കോട് സിറ്റി പൊലീസാണ് ഈ പരാതിയിൽ അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ