- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടൻ ദിലീപിന്റെ ചാറ്റും വീണ്ടെടുത്ത ഫയലുകളിൽ; രഹസ്യങ്ങൾ നടൻ ചോർത്തിയ പ്രമുഖൻ കുടുങ്ങുമോ? സൈബർ വിദഗ്ധൻ സായ് ശങ്കർ വീണ്ടെടുത്തത് ഫോറൻസിക് ലാബിൽ പോലും സാധിക്കാത്ത വീണ്ടെടുക്കൽ; ക്രൈംബ്രാഞ്ച് കൂടുതൽ ആത്മവിശ്വാസത്തിൽ; ദിലീപിന് പ്രതീക്ഷ ഹൈക്കോടതിയും; ഇന്ന് നിർണ്ണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിന് വീണ്ടും കരുത്തായി ഡിജിറ്റൽ തെളിവുകൾ. വീണ്ടെടുക്കാൻ കഴിയാത്തവിധം മൊബൈൽ ഫോണിൽ നിന്നു മായ്ച്ചു കളയണമെന്ന് അഭിഭാഷകർ നിർദ്ദേശിച്ചുവെന്നു കരുതുന്ന 10 ഡിജിറ്റൽ ഫയലുകൾ സായ് ശങ്കർ വീണ്ടെടുത്തു. നടൻ ദിലീപിനെ വെട്ടിലാക്കാൻ പോന്ന തെളിവാണ് ഇതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
വധഗൂഢാലോചനക്കേസിൽ, പ്രതി ദിലീപിന്റെ ഫോണിൽനിന്നു സൈബർ വിദഗ്ധൻ സായ്ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ ഫയലുകൾ വീണ്ടെടുത്തുവെന്നാണ് വസ്തുത. സായ്ശങ്കർ തന്നെയാണ് ദിലീപിന്റെ ഫോണുകളിൽ നിന്നുള്ള ചാറ്റ് ഉൾപ്പെടെയുള്ള 10 ഫയലുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിനു നൽകിയത്. തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം തെളിവുകൾ കണ്ടെടുത്തത്.
സായ് ശങ്കർ അന്വേഷണവുമായി സഹകരിക്കുന്നത് ദിലീപിന് കുടുക്കായി മാറുന്നുണ്ട്. അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടൻ ദിലീപിന്റെ ചാറ്റ് വീണ്ടെടുത്ത ഫയലുകളിൽ ഉൾപ്പെടുന്നുണ്ടെന്നാണു സൂചന. ഇത് കേസിൽ അതിനിർണ്ണായകമാകും. പൊലീസ് ഉദ്യോഗസ്ഥനോ അഭിഭാഷകനോ ആണ് ഇതിലൂടെ പ്രതിക്കൂട്ടിൽ വരുന്നതെന്നാണ് സൂചന.
ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് ദിലീപ് ചിലരുമായി നടത്തിയ ആശയവിനിമയങ്ങളുടെ അടക്കമുള്ള ഡിജിറ്റൽ ഫയലുകൾ സായ്ശങ്കർ വീണ്ടെടുത്തത്. സൈബർ ഫൊറൻസിക് വിഭാഗം ശ്രമിച്ചിട്ടും വീണ്ടെടുക്കാൻ കഴിയാതിരുന്ന ഫയലുകളാണ്, അവ മായ്ച്ചു കളഞ്ഞ സായ്ശങ്കർ തന്നെ വീണ്ടെടുത്തത്. ഫൊറൻസിക് ലാബിൽനിന്നു വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണായക വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്.
കേസിൽ ഏഴാം പ്രതിയായ സായ് ശങ്കർ തിങ്കളാഴ്ച രണ്ടുമണിയോടെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരായത്. വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോടു വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാൻ ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഗൂഢാലോചനക്കേസ് എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുക. കോടതി വിധി കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാകും. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നതാണ് ദിലീപ് വാദത്തിനിടെ ഉന്നയിച്ച ആവശ്യം. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെടുന്ന ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണു പരിഗണിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ.
മറുനാടന് മലയാളി ബ്യൂറോ