- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കാണാൻ അതിജീവിത; പ്രതി ദിലീപും അഭിഭാഷകനും ഇടതുമുന്നണിയിലെ പ്രമുഖ അംഗത്തെ നേരിൽ കണ്ടതായുള്ള വിവരം പിണറായിയെ നേരിട്ട് അറിയിക്കും; സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന വാക്കിൽ ജനങ്ങൾക്ക് അവിശ്വാസം തെല്ലുമില്ലെന്ന് ദേശാഭിമാനി; ദിലീപ് കേസിൽ വീണ്ടും ട്വിസ്റ്റുണ്ടാകുമോ?
കൊച്ചി: കൊച്ചിയിൽ അക്രമത്തിന് ഇരയായ നടി ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് വിചാരണ നടപടികളിലുള്ള ആശങ്ക അറിയിക്കും. പ്രതി ദിലീപും അഭിഭാഷകനും ഇടതുമുന്നണിയിലെ പ്രമുഖ അംഗത്തെ നേരിൽ കണ്ടതായുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. അതിനിടെ സർക്കാർ അതീജിവിതയ്‌ക്കൊപ്പമാണെന്ന് വിശദീകരിച്ച് ദേശാഭിമാനിയിൽ മുഖപ്രസംഗവും വന്നു. വജ്രംപോലെ ഉറപ്പും ദീപ്തിയുമുള്ള സർക്കാരിന്റെ ആദർശനിഷ്ഠയിൽ കേരളത്തിന് വിശ്വാസമുണ്ട്. സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന വാക്കിൽ ജനങ്ങൾക്ക് അവിശ്വാസം തെല്ലുമില്ലെന്നാണ് പാർട്ടി പത്രം പറയുന്നത്.
ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിൽ എൽഡിഎഫ് ഭരണം അല്ലായിരുന്നുവെങ്കിൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകില്ലായിരുന്നെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാൻ, സത്യം പുറത്തുകൊണ്ടുവരാൻ പൊലീസിന്, അന്വേഷണ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സ്ത്രീകൾ മൗനസഹനങ്ങളിൽ ഒതുങ്ങാതെ എല്ലാത്തരം അതിക്രമത്തിനും അനീതികൾക്കുമെതിരെ രംഗത്തുവരണമെന്ന സർക്കാരിന്റെ അഭിപ്രായധീരത സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരുത്തുപകരുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണം പിണറായി ഭരണത്തിന്റെ മുഖമുദ്രയാണ്-ഇതാണ് ദേശാഭിമാനിയുടെ വിശദീകരണം.
അതിജീവിതയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നിർണ്ണായകമാണ്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി ശ്രീജിത്തിനെ മാറ്റിയ ശേഷമാണ് കേസ് അന്വേഷണത്തിൽ പരാതികൾ എത്തുന്നത്. വീണ്ടും ശ്രീജിത്തിനെ അന്വേഷണ മേൽനോട്ടം ഏൽപ്പിച്ചാൽ എല്ലാം ശിയാകുമെന്ന വിശ്വാസം അതിജീവിതയ്ക്കുണ്ട്. അതിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് നിർണ്ണായകം. അതു സംഭവിച്ചാൽ കേസിൽ വീണ്ടും ട്വിസ്റ്റ് എത്തും. എന്നാൽ അന്വേഷണ ചുമതലയിൽ ശ്രീജിത്ത് എത്തില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ക്വട്ടേഷൻ പ്രകാരമുള്ള പീഡനത്തെ അതിജീവിച്ച നടിക്കു സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും തുടരന്വേഷണം അട്ടിമറിച്ചെന്ന ആരോപണം തെറ്റാണെന്നും ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം എത്തിയിരുന്നു. ആദ്യഘട്ടത്തിൽ സ്വതന്ത്ര അന്വേഷണം അനുവദിച്ച സർക്കാർ, രാഷ്ട്രീയ നേട്ടം ഉറപ്പാക്കി പിൻവാങ്ങുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ. ഷാജി ഇക്കാര്യം അറിയിച്ചത്. സർക്കാർ ഒപ്പമില്ലെന്ന നടിയുടെ ഭീതി അനാവശ്യമാണ്; കേസിൽ രാഷ്ട്രീയം കലർത്തരുത്. അനവസരത്തിലുള്ള ഹർജി പിൻവലിക്കണമെന്നും ഡിജിപി കൂട്ടിച്ചേർത്തെങ്കിലും സർക്കാരിന് അങ്ങനെ പറയാനാവില്ലെന്നു കോടതി പ്രതികരിച്ചു. ആരോപണങ്ങളിൽ സർക്കാർ വിശദീകരണ പത്രിക നൽകണമെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. ഈ ഹർജി ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ നടി കാണുന്നത്.
ഹൈക്കോടതിയിലും നടിക്കൊപ്പമാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ വിശദീകരിച്ചത്. ഓരോ ഘട്ടത്തിലും നടിയുടെ താൽപര്യം സംരക്ഷിച്ചാണു മുന്നോട്ടുപോകുന്നതെന്നു ഡിജിപി പറഞ്ഞു. സ്‌പെഷൽ പ്രോസിക്യൂട്ടർ നിയമനത്തിനു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടിയുടെ അഭിപ്രായം ചോദിച്ചിരുന്നു. രണ്ടു ദിവസം മുൻപു അഭിഭാഷക മുഖേന അവർ 2 പേരുകൾ നിർദ്ദേശിച്ചു. യോഗ്യത വിലയിരുത്തി സർക്കാരിനു ശുപാർശയും നൽകിയെന്നും അറിയിച്ചു. എന്നാൽ തുടരന്വേഷണം നടക്കുന്നില്ലെന്നു നടിയുടെ അഭിഭാഷക ആരോപിച്ചു. ഈമാസം 30ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാണു ഹൈക്കോടതി നിർദ്ദേശമെന്നും കൂടുതൽ സമയം വേണ്ടിവരുമെന്നും ഡിജിപി പറഞ്ഞു.
സമയപരിധി നിശ്ചയിച്ചതു മറ്റൊരു ബെഞ്ച് ആണെന്നും അക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. വിചാരണ നീളുമെന്നതിനാൽ പ്രതികളെക്കൂടി ഹർജിയിൽ കക്ഷി ചേർക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചന്ന പരാതിയിൽ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടണമെന്നു ഡിജിപി ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ വിശദീകരണം വന്ന ശേഷം അതു പരിശോധിക്കാമെന്നു കോടതി പ്രതികരിച്ചു.
ദേശാഭിമാനി എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം
അതിജീവിതയ്‌ക്കൊപ്പം
സ്ത്രീനീതിയുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും കാര്യത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന കർശനമായ, ധീരമായ നിലപാടും നടപടികളും കേരളത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും സർക്കാർ ഇരകൾക്കൊപ്പമാണ്, അതിജീവിതകൾക്കൊപ്പമാണ് എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. നടിയെ ആക്രമിച്ച കേസിലടക്കം സമാനമായ എല്ലാ സംഭവത്തിലും സർക്കാർ ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഗവൺമെന്റ് നടപടികളിലെ ഹൃദയശുദ്ധിയും അചഞ്ചലമായ നിലപാടുകളും ജനങ്ങൾക്ക് അറിയാം. വിസ്മയക്കും ഉത്രയ്ക്കും പെരുമ്പാവൂരിലെ ജിഷയ്ക്കും നീതി ഉറപ്പാക്കാൻ കൈക്കൊണ്ട തൽക്ഷണനടപടികൾ ഏവർക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.
ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിൽ എൽഡിഎഫ് ഭരണം അല്ലായിരുന്നുവെങ്കിൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകില്ലായിരുന്നെന്ന് കേരളജനത ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാൻ, സത്യം പുറത്തുകൊണ്ടുവരാൻ പൊലീസിന്, അന്വേഷണ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സ്ത്രീകൾ മൗനസഹനങ്ങളിൽ ഒതുങ്ങാതെ എല്ലാത്തരം അതിക്രമത്തിനും അനീതികൾക്കുമെതിരെ രംഗത്തുവരണമെന്ന സർക്കാരിന്റെ അഭിപ്രായധീരത സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരുത്തുപകരുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണം പിണറായി ഭരണത്തിന്റെ മുഖമുദ്രയാണ്.
സർക്കാരിന്റെയും എൽഡിഎഫിന്റെയും ഈ നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച തൃക്കാക്കരയിൽ വീണ്ടും സുവ്യക്തമായി പറഞ്ഞത്. സർക്കാരും എൽഡിഎഫും അതിജീവിതയ്ക്കൊപ്പം എപ്പോഴുമുണ്ട്. വിസ്മയക്കും ഉത്രയ്ക്കും ജിഷയ്ക്കും ഉറപ്പാക്കിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കും. കേസിന്റെ തുടക്കംമുതൽ സർക്കാരും പാർട്ടിയും മുന്നണിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ പരാതിയൊന്നും ഉന്നയിക്കാത്ത പ്രതിപക്ഷം, തൃക്കാക്കരയിൽ പരാജയഭീതിപൂണ്ട് ഇപ്പോൾ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് ആവർത്തിച്ചത്. കേസിന്റെ തുടക്കംമുതൽ, പഴുതടച്ച കാര്യക്ഷമമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളുടെ കൈകളിൽ നീതിയുടെ വിലങ്ങ് വീണത്. എത്ര ഉന്നതനായാലും കുറ്റംചെയ്താൽ രക്ഷപ്പെടില്ലെന്ന് അറസ്റ്റുകളും തുടർനടപടികളും തെളിയിച്ചു. ഒരാളെ തൊടാനും പൊലീസിന്റെ കൈകൾ വിറച്ചില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ നിർദ്ദേശിക്കാനും അവരോട് ആവശ്യപ്പെട്ടു. അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഒരുഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ല.
ഒരു സംഭവമുണ്ടായാൽ സർക്കാർ ഏറ്റവും വേഗം എങ്ങനെ ഇടപെടുന്നുവെന്നതിന്റെ നല്ല ഉദാഹരണമാണ് വിസ്മയ കേസിലുണ്ടായ സുപ്രധാന വിധി. സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന് ഒരുവർഷത്തിനകം ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചു. സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും എടുത്ത കർശന നടപടികളും അന്വേഷണവുമാണ് ശിക്ഷയിലേക്ക് എത്തിച്ചത്. ഈ കേസിലെ ശരവേഗ നടപടികൾ സർക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങൾക്ക് അടിവരയിടുന്നു. നേരത്തെ, ഉത്ര കേസിലും പെട്ടെന്നുതന്നെ ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു. സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെ സർക്കാരും പൊതു സമൂഹവും നടത്തുന്ന പോരാട്ടങ്ങൾക്ക് അംഗീകാരം കൂടിയാണ് വിസ്മയ കേസിലെ കോടതിവിധി
ഭരണം കാര്യക്ഷമമാകുന്നത് അത് എപ്പോഴും പ്രാപ്തിയുള്ള കൈകളിൽ എത്തുമ്പോഴാണ്. ഒരിടത്തും ഒരുകാരണവശാലും പക്ഷപാതപരമായ പരിഗണനയില്ലാതെ കർശന നടപടി സ്വീകരിക്കുമ്പോഴാണ്. ഈ വിശ്വാസ്യത പിണറായി ഭരണത്തെക്കുറിച്ച് ജനങ്ങൾക്കുണ്ട്. അതിനാൽത്തന്നെ സർക്കാരിനെ ജനങ്ങൾ ആദരവോടെ കാണുന്നു. തിന്മയുടെ കരാളതകളെ ഒരുതരത്തിലും ഈ ഭരണം വച്ചുപൊറുപ്പിക്കില്ല. വജ്രംപോലെ ഉറപ്പും ദീപ്തിയുമുള്ള സർക്കാരിന്റെ ആദർശനിഷ്ഠയിൽ കേരളത്തിന് വിശ്വാസമുണ്ട്. സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന വാക്കിൽ ജനങ്ങൾക്ക് അവിശ്വാസം തെല്ലുമില്ല.
മറുനാടന് മലയാളി ബ്യൂറോ