- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവിതയെ മുഖ്യമന്ത്രി കാണുന്നതിന് പിന്നിൽ തൃക്കാക്കര പേടിയോ? മഹിജയ്ക്ക് സന്ദർശന അനുമതി നിഷേധിച്ച പിണറായി നടിയെ കണ്ടത് സി പി എം നേതാക്കളുടെ അധിക്ഷേപം ചർച്ചയാകുമ്പോൾ; ദിലീപിനെ കണ്ട ആ സിപിഎം ഉന്നതൻ ആര്?
തിരുവനന്തപുരം: മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണെണ മെന്നാവശ്യപ്പെട്ട മഹിജക്ക് സന്ദർശനാനുമതി നിഷേധിച്ച പിണറായി അതിജീവിതയെ കാണുന്നതിന് പിന്നിൽ രാഷ്ടീയമല്ലാതെ മറ്റെന്താണെന്ന ചോദ്യം സജീവമാകുന്നു. കോപ്പിയടി ആരോപണത്തെ തുടർന്ന് പാലക്കാട് നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത് വൻ വിവാദമായിരുന്നു.
2017 ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ കോളജിലെ ഇടിമുറിയും അവിടെ കണ്ടെത്തിയ ചോരപ്പാടുകളും കൂടുതൽ സംശയങ്ങൾ ഉണ്ടാക്കി. തന്റെ മകന്റെ മരണം കൊലപാതകമാണെന്നും നെഹ്രു കോളജ് ഉടമ കൃഷ്ണദാസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടായിരുന്നു മഹിജ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. അന്നൊന്നും അനുമതി നൽകിയില്ല.
പിന്നീട് ഡി ജി പി യെ കണ്ട് പരാതി പറയാനെത്തിയ മഹിജയെ പൊലീസ് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്ത തത് മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അന്നൊന്നും ഫലപ്രദമായ രീതിയിൽ ഇടപെടാനോ ആ അമ്മയ്ക്ക് നീതി ഉറപ്പാക്കാനോ നടപടി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത യെ നേരിട്ട് കാണുന്നതിന് പിന്നിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണെന്ന കാര്യത്തിൽ തർക്കം വേണ്ട. നടിയെ ആക്രമിച്ച പ്രതി കേസ് അട്ടിമറിക്കാൻ സി പി എം നേതാവിനെ കണ്ടു വെന്ന അതിജീവിതയുടെ ഹരജിയിലെ പരാമർശം സി പി എമ്മിനേയും സർക്കാരിനേയും വെട്ടിലാക്കിയ സംഭവമാണ്
തുടരന്വേഷണം ഒട്ടും കാര്യക്ഷമമല്ലെന്നും അതിജീവിതയുടെ പരാതി ഹൈക്കോടതിയിൽ എത്തിയതോടെ തൃക്കാക്കര ഉപതിരഞ്ഞെടുപ് രംഗത്ത് വലിയ ചർച്ചയാവുകയും സാംസ്കാരിക കേരളം അതിജീവിതയുടെ വിഷയം ഏറ്റെടുക്കുകയും ചെയ്തത് സർക്കാരിനും വ്യക്തി പരമായി മുഖ്യമന്ത്രിക്കും വലിയ ക്ഷീണമായി മാറി. അതിജീവിതക്കൊപ്പമാണെന്ന് സർക്കാർ പറയുന്നതിനിടയിലാണ് സി പി എം നേതാക്കൾ നിരനിരയായി നിന്ന് അതിജീവിതയെ അധിക്ഷേപിച്ചത്.
പാർട്ടി സെക്രട്ടറി, മന്ത്രിമാർ, എൽ ഡി എഫ് കൺവീനർ, മുൻ മന്ത്രിമാർ എന്നു വേണ്ട സി പി എമ്മിന്റെ മുൻ നിര നേതാക്കളെല്ലാം ഹതഭാഗ്യയായ ഇരയെ അപമാനിക്കാൻ മുന്നിട്ടിറങ്ങി. സി പി എമ്മിന്റെ ഈ കൂട്ട ആക്രമങ്ങളോട് പൊതു സമൂഹം തീവ്രമായി പ്രതികരിക്കുമെന്ന സ്ഥിതി ഉണ്ടായതോടെയാണ് മുഖ്യമന്ത്രി അതിജീവിതയെ കാണാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ. ഇത് ചർച്ചയാക്കാനാണ് കോൺഗ്രസും ഇനി ശ്രമിക്കുക.
അതിജീവിത ഞങ്ങൾക്ക് മകളാണ്. ഒരു മകൾക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുത്. അതിജീവിതയ്ക്ക് പിന്തുണയും ആത്മവിശ്വാസവും പകരുകയാണ് വേണ്ടത്. യു.ഡി.എഫ് അതിജീവിതയ്ക്കൊപ്പമാണ്. അതിജീവിത ഹൈക്കോടതിയിൽ പരാതി നൽകാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ഭരണകക്ഷിയിലെ പ്രമുഖർ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത കോടതിക്ക് മുന്നിൽ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നു.
ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യു.ഡി.എഫ് ഉപയോഗിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയത് കോടിയേരി ബാലകൃഷ്ണും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം മണിയുമാണ്. അവർ മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണം. അന്വേഷണം ശരിയായ രീതിയിൽ പോകണം. അതിന് വേണ്ടി കണ്ണിൽ എണ്ണയൊഴിച്ച് യു.ഡി.എഫുണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം.