- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്സ് ക്ലിപ്പുകൾ ഇപ്പോൾ നിലവിലില്ലാത്ത സാംസങ് ടാബ്ലെറ്റിൽ രേഖപ്പെടുത്തി; വോയിസ് ക്ലിപ് പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റുകയും പിന്നീട് അത് പെൻഡ്രൈവിലേക്ക് മാറ്റുകയും ചെയ്തു; ലാപ്ടോപ് ഇപ്പോൾ ദിലീപിന്റെ ഭാര്യസഹോദരന്റെ പക്കലും; വീണ്ടും ട്വിസ്റ്റ്; ദീലീപ് കേസ് അപ്രതീക്ഷിത വഴികളിലൂടെ നീങ്ങുമ്പോൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്. പ്രോസിക്യൂഷൻ വാദങ്ങൾ ശരിയാണെന്ന് വിചാരണ കോടതിക്ക് ബോധ്യപ്പെടണമെങ്കിൽ ശക്തമായ തെളിവുകൾ വേണ്ടിവരും. ഇതിനൊപ്പം ബാലചന്ദ്രകുമാറിന്റെ ഗൂഢാലോചന വാദം കോടതിയിൽ ശക്തമാക്കാനാണ് ദിലീപ് ഭാഗത്തിന്റെ തീരുമാം. അങ്ങനെ വാദ പ്രതിവാദങ്ങൾ ശക്തമായി തുടരുകയാണ്. ഒന്നര മാസത്തിനുള്ളിൽ കേസിലെ പുനരന്വേഷണം തീർക്കേണ്ടതുണ്ട്. ഈ കാലാവധി വീണ്ടും പ്രോസിക്യൂഷൻ നീട്ടി ചോദിക്കാനും ഇടയുണ്ട്.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകൾ ശേഖരിച്ചിരുന്ന ലാപ്‌ടോപ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചത് ഏറെ നിർണ്ണായകമാണ്. ഈ ലാപ്‌ടോപ് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഈ വാദത്തിൽ ഏറെ സംശയങ്ങളുണ്ട്.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്ത ടാബ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പക്കൽ നിന്നു നഷ്ടപ്പെട്ടു. എന്നാൽ അതിലെ ശബ്ദ ഫയലുകൾ ഇപ്പോൾ സുരാജിന്റെ പക്കലുള്ള ലാപ്‌ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെൻഡ്രൈവിൽ ശേഖരിച്ചതെന്നാണ് വാദം. എന്നാൽ അതീവ രഹസ്യമായാണ് ഈ ശബ്ദ രേഖ റിക്കോർഡ് ചെയ്തതെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. അത്തരം ഓഡിയോകൾ സ്വരാജിന്റെ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നത് അവിശ്വസനീയമായി വിലയിരുത്തപ്പെടുന്നുണ്ട്.
ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്. ബാലചന്ദ്രകുമാർ ശബ്ദരേഖ ശേഖരിക്കാൻ ഉപയോഗപ്പെടുത്തിയ ലാപ്‌ടോപ് ദിലീപിന്റെ സഹോദരീഭർത്താവിന്റെ കൈവശമെത്തിയ സാഹചര്യം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ തെളിവുകൾ ഒർജിനൽ ആധികാരികത തെളിയിക്കാൻ അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമം എന്ന ആരോപണം ദിലീപിന്റെ അഭിഭാഷകർ ഉയർത്തുന്നത്. ഇതിന് ഇടെയാണ് പുതിയ വാദം പ്രോസിക്യൂഷനും ഉയർത്തുന്നത്.
അന്വേഷണ പരിധിയിലുള്ള കാര്യമായതിനാലാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതെന്നും പ്രോസിക്യൂഷൻ തുടർന്നു ബോധിപ്പിച്ചു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ടു ബാലചന്ദ്രകുമാറിന്റെ 8 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം അടുത്തദിവസം കോടതിയിൽ സമർപ്പിക്കുമെന്നും പ്രതിഭാഗം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു പ്രതി ദിലീപിന്റെ കൂട്ടാളിയായ ജി.ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം വിചാരണക്കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ 14നു വാദം തുടരും.
കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നടനെതിരെ കള്ളക്കേസ് ചുമത്താനും തിരഞ്ഞെടുത്ത സന്ദേശങ്ങളും വോയ്സ് ക്ലിപ്പുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ദിലീപിന് അയച്ച എട്ട് മിനിറ്റിലധികമുള്ള വോയ്സ് ക്ലിപ് ഉണ്ടെന്നും ഇത് ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അതുപോലെ ദിലീപിനെ ഭീഷണിപ്പെടുത്താൻ എ.ഡി.ജി.പി ബി. സന്ധ്യയുമായി സംസാരിച്ചതായി വ്യക്തമാക്കുന്ന മൊബൈൽ സ്‌ക്രീൻഷോട്ട് ബാലചന്ദ്രകുമാർ അയച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ ജോലി ചെയ്തിരുന്ന സന്ധ്യയുടെ ഔദ്യോഗിക മൊബൈൽ നമ്പറായിരുന്നു അത്.
സിനിമ പ്രോജക്ടിനായി ബാലചന്ദ്രകുമാർ ദിലീപിൽനിന്ന് പണം വാങ്ങിയിരുന്നതായി അഭിഭാഷകൻ പറഞ്ഞു. 2014 മുതൽ സിനിമ സംവിധായകനെന്ന നിലയിൽ ദിലീപിന് ബാലചന്ദ്രകുമാറിനെ അറിയാം. എന്നാൽ, ഭീഷണി സന്ദേശങ്ങളെ തുടർന്ന് 2021 ഏപ്രിൽ മുതൽ ബാലചന്ദ്രകുമാറിന്റെ ഫോൺ നമ്പർ ദിലീപ് ബ്ലോക്ക് ചെയ്തു. ഈ വോയ്സ് ക്ലിപ്പുകളും കാൾ വിശദാംശങ്ങളും വേർപ്പെടുത്താനാണ് ദിലീപിന്റെ ഫോൺ മുംബൈയിലെ സ്വകാര്യ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
പെൻഡ്രൈവിൽ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകിയ വോയ്സ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ ആരോപിച്ചു. അതിനിടെ, വോയ്സ് ക്ലിപ്പുകൾ റെക്കോഡ് ചെയ്യാൻ ഏത് ഉപകരണമാണ് ഉപയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. വോയ്സ് ക്ലിപ്പുകൾ ഇപ്പോൾ നിലവിലില്ലാത്ത സാംസങ് ടാബ്ലെറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ പറഞ്ഞു.
വോയിസ് ക്ലിപ് പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റുകയും പിന്നീട് അത് പെൻഡ്രൈവിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടർന്നാണ് ലാപ്ടോപ്പിന്റെ അവസ്ഥയെക്കുറിച്ച് കോടതി ചോദിച്ചത്. ലാപ്ടോപ് ഇപ്പോൾ ദിലീപിന്റെ ഭാര്യസഹോദരൻ സൂരജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിൽ ഇതിന്റെ വിചാരണ ജൂലൈ 16ലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ