കൊച്ചി: തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഗുരുതര ആരോപണവുമായി നടൻ ദിലീപ്. നടിയും പ്രതി പൾസർ സുനിയും വളരെ അടുപ്പം പുലർത്തിയിരുന്നവരാണെന്നു റിപ്പോർട്ടർ ചാനൽ പരിപാടിയിലാണു ദിലീപ് വെളിപ്പെടുത്തിയത്. അവർ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകൻ ലാൽ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി. പൾസർ സുനി എഴുതിയ കത്തിനേപ്പറ്റിയും ഫോൺകോളിനേപ്പറ്റിയുമുള്ള വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പ്രതികരണം. റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

ഭയങ്കര അടുപ്പത്തിലായിരുന്നു അവർ. ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താൻ ഒരിക്കലും ഇത്തരം ആൾക്കാരുമായി കൂട്ടുകൂടാൻ ഉദ്ദേശിക്കുന്നില്ല. അതിൽ വളരെ ശ്രദ്ധിക്കുന്നയാളാണ്. പൾസർ സുനിയെ തന്റെ ഓർമ്മയിൽ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുള്ള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല- ദിലീപ് പറഞ്ഞു. അങ്ങനെ നടിയെ കടന്നാക്രമിക്കുകായണ് ഷോയിൽ ദിലീപ് ചെയ്ത്. നേരത്തെ നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സലിംകുമാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് മാപ്പു പറഞ്ഞ് ഈ പരാമർശം പിൻവലിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ കടന്നാക്രമണം. ഇത് സിനിമയിലുള്ളവരേയും ഞെട്ടിച്ചിട്ടുണ്ട്.

തന്റെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. കരിവാരിത്തേയ്ക്കാൻ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇൻഡസ്ട്രിയിലെ ഒരുപാട് പേർ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താൻ ഇല്ലാതായാൽ അനവധി പേരെ അതു ബാധിക്കും. ആർക്കെങ്കിലും തന്നോടു പ്രശ്നമുണ്ടെങ്കിൽ നേരിട്ട് പറഞ്ഞോ, അഭിനയം നിർത്തി മാറി നിൽക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതിൽ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്തസോടെ ഏറ്റു പറയും. തേജോവധം ചെയ്യുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താൻ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിച്ചു. ഈ വെളിപ്പെടുത്തലിൽ സിനിമാ ലോകത്ത് എതിർപ്പുയരുന്നുണ്ട്.

നടിയെ ഇത്തരത്തിൽ അപമാനിച്ചത് ശരിയായില്ലെന്നാണ് പൊതുവേയുള്ള വികാരം. തനിക്ക് പിറകെയുള്ളവരെ പുറത്തു കൊണ്ടു വരുമെന്ന് ദിലീപും പറയുന്നു. ഇതോടെ നാളെ നടക്കുന്ന അമ്മയുടെ യോഗം നിർണ്ണായകമാകും. വലിയ ചേരി തിരിവുകൾ ഈ യോഗത്തിലുണ്ടാകും. മഞ്ജു വാര്യരും സംഘവും വലിയ പ്രതിഷേധം അമ്മയുടെ ജനറൽ ബോഡിയിൽ ഉയർത്തും. നടിയെ വ്യക്തിപരമായി അപമാനിച്ച് തകർക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ദിലീപിന്റെ ഈ വാക്കുകളെ അനുകൂലിക്കാൻ സിനിമാ ലോകത്ത് ആരും എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ് വരികയാണ്. ജയിലിലെ സഹതടവുകാരോട് ചില വെളിപ്പെടുത്തൽ പൾസർ സുനി പറഞ്ഞതാണ് പുതിയ ചർച്ചകൾക്ക് കാരണം. പൾസർ സുനിയുടെ മൊഴി പൊലീസ് വീണ്ടുമെടുത്തിരുന്നു. മൊഴിയെടുത്തപ്പോൾ കത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ സുനി ആവർത്തിച്ചു. എന്നാൽ കത്തിന്റെ ശൈലി പൾസർ സുനിയുടേതല്ല എന്നാണ് സുനിയുടെ അഭിഭാഷകനും പൊലീസും പറയുന്നത്. അതിനിടെ നിരവധിയാളുകൾ ദിലീപിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാൽ സത്യം പുറത്തുവരുമെന്ന സലിംകുമാറിന്റെ അഭിപ്രായം വിവാദമായിരുന്നു.

ഇതിനിടെ സലിംകുമാറിനെ എതിർത്തും ആളുകൾ അഭിപ്രായ പ്രകടനം നടത്തി. നടനെ അനുകൂലിച്ച് സംവിധായകൻ ലാൽജോസും അജു വർഗീസും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെയും സംവിധായൻ നാദിർഷയുടെയും മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഇരുവർക്കും ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള നോട്ടീസ് അയക്കാൻ സാധ്യത. 29-ം തീയതി ആലുവ പൊലീസ് ക്ലബിലോ പെരുമ്പാവൂർ സി ഐ ഓഫീസിലോ എത്തണമെന്നായിരിക്കും നോട്ടീസിലൂടെ അറിയിക്കുക.

കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉരുത്തിരിഞ്ഞ സാഹചര്യത്തിലാണ് ദിലീപിന്റേയും നാദിർഷയുടേയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചത്. അതേസമയം പൾസർ സുനിയോടൊപ്പം ജയിലിൽ കഴിയുന്ന റിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ പൾസർ സുനിയെ ജയിലിൽ സഹായിച്ചതിന് റിമാന്റിൽ കഴിയുന്ന വിഷ്ണുവിനെയും സനലിനെയും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ച് ഇരുവരെയും കസ്റ്റഡിയിൽ വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിക്കും.