കൊച്ചി: പൾസർ സുനിയുമായി നേരിട്ട് ബന്ധമില്ലെന്ന ദിലീപിന്റെ വാദം പൊളിയുന്നു. ഇത് തെളിയിക്കാനാവശ്യമായ നിർണ്ണായക തെളിവ് പൊലീസിന് കിട്ടി. പൾസർ സുനി നടൻ ദിലീപിന്റെ ലൊക്കേഷനിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. തൃശൂരിലെ കിണറ്റിങ്കൽ ടെന്നീസ് അക്കാഡമി ക്ലബ്ബിലാണ് ആരാധകർക്കൊപ്പം ദിലീപ് എടുത്ത സെൽഫിയിൽ പൾസർ സുനിയും ഉള്ളതായി വ്യക്തമാകുന്നത്. ഇത് ദിലീപിന് കടുത്ത തിരിച്ചടിയാണ്. കേസിൽ പൊലീസ് സംശയിക്കുന്ന മാഡവും പൾസറുമായുള്ള ബന്ധവും പൊലീസ് അതിവേഗം പരിശോധിക്കുകയാണ്. അതിനിടെ ഗൂഡോലോചനയിൽ തെളിവുണ്ടെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചതായാണ് സൂചന. എഡിജിപി സന്ധ്യയേയും ഐജി ദിനേന്ദ്ര കശ്യപിനേയും വിളിച്ചു വരുത്തി ബെഹ്‌റ കാര്യങ്ങൾ തിരക്കി. അതിന് ശേഷമാണ് നിർദ്ദേശം പോയത്.

ദിലീപും പൾസർ സുനിയും ഒരേ ടവർ ലൊക്കേഷനിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ചിത്രങ്ങൾ പൊലീസ് കണ്ടെടുക്കുന്നത്. 2016 നവംബർ മൂന്നിനാണ് ഇരുവരും ഒരേ ടവർ ലൊക്കേഷനിലുള്ളതായി അന്വേഷണത്തിൽ വ്യക്തമായത്. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. പൾസർ സുനി എഴുതിയ കത്തിലും ജോർജേട്ടൻസ് പൂരത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. സൗണ്ട് തോമ മുതൽ ജോർജ്ജേട്ടൻസ് പൂരം വരെയുള്ള സിനിമകളിലെ കാര്യങ്ങൾ അറിയാമല്ലോ എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. തൃശൂരിലെ ശോഭാ സിറ്റിക്ക് അടുത്ത് പുഴക്കലിലാണ് കിണറ്റിങ്കൽ ടെന്നീസ് ക്ലബ്ബുള്ളത്.

തൃശൂരിലെ ബാനർജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പൾസർ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓർമ്മയിൽ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്ന് പൾസർ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്. അതുകൊണ്ട് തന്നെ പൊലീസിന് ലഭിച്ച പുതിയ ചിത്രങ്ങൾ നിർണ്ണായകമാണ്. ഇത് ദിലീപെടുത്ത സെൽഫിയാണെന്നതും ഗൗരവം കൂട്ടുന്നു. പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് ദിലീപ് സ്വീകരിക്കുന്നത്.

ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബർ 13ന് ഒരേ ടവറിനു കീഴിൽ ദിലീപും പൾസർ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം ബാനർജി ക്ലബ്ബിൽ ജോർജേട്ടൻസ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് ക്ലബ്ബിലെ ജീവനക്കാർ പകർത്തിയ സെൽഫി ചിത്രങ്ങളിലാണ് പൾസർ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പകർത്തി. പൾസർ സുനി ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പൊലീസ് പരിശോധിച്ചെന്നാണു സൂചന.

പൾസർ സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന് വേണ്ടിയാണ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിൽ പൊലീസ് റെയ്ഡ് നടത്തിയതെന്ന് വ്യക്തമായി സൂചനയുണ്ട്. മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏൽപ്പിച്ചെന്ന പൾസർ സുനിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നും സുനി മൊഴി നൽകിയിരുന്നു. മെമ്മറി കാർഡിൽ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. കാവ്യാമാധവന്റെ ഉടമസ്ഥതയിൽ, കാക്കനാട് മാവേലിപുരത്തുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്.

കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും ശനിയാഴ്ച പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയിൽ ആളില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉൾപ്പടെയുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. അതിനിടെ അടുത്ത ദിവസം പൾസർ സുനിയുടെ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. ആക്രമണത്തിനിടെ പ്രതികൾ നടിയോടു പറഞ്ഞ 'തമ്മനത്തെ പാർപ്പിട സമുച്ചയം' പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനും കാക്കനാട്ടെ കടയും തമ്മനത്തെ പാർപ്പിടസമുച്ചയവും തമ്മിലുള്ള ബന്ധം പരിശോധിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്.

പൾസർ സുനിയുടെ സഹതടവുകാരൻ പീച്ചി സ്വദേശി ജിൻസന്റെ മൊഴി ആലുവ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ടെന്ന് ജിൻസൻ പറഞ്ഞു. ജിൻസൺ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൾസർ സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചകാര്യം പൊലീസ് കണ്ടെത്തിയത്. ഇയാൾ പെരുമ്പാവൂർ പൊലീസിന് നൽകിയ മൊഴിയിലുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരവധി പ്രമുഖരെ സുനി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും ജയിലിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ സുനിക്ക് ഫോൺ ലഭിച്ചുവെന്നുമാണ് ജിൻസൺ പറഞ്ഞത്.

സുനി തന്നോട് പറഞ്ഞ കാര്യങ്ങൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ജിൻസൺ പറഞ്ഞിരുന്നു. ഒരു പക്ഷേ, ഇത്തരം കാര്യങ്ങളാകും മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ ഉള്ളത് എന്നാണ് കരുതുന്നത്.