കൊച്ചി: നടിയെ ആക്രമിച്ചതിന് മുമ്പ് ദിലീപിനെ പൾസർ സുനി വിളിച്ചിരുന്നുവെന്നതിന് പൊലീസിന് നിർണ്ണായക തെളിവ് കിട്ടി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് സുനി നിരന്തം വിളിച്ചിരുന്ന നാല് നമ്പറിൽ ഒന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടേതായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പൾസർ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോൺ നമ്പരുകൾ പരിശോധിച്ചതിൽ നിന്നാണ് പുതിയ കണ്ടെത്തൽ. പൾസർ സുനി വിളിച്ചിരുന്നത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്പരുകളിലേക്കാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പൾസർ സുനി വിളിച്ചതിന് പിന്നാലെ ഇവയിൽ പല നമ്പരുകളിൽ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകൾ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം.

ജയിലിൽ വച്ച് പൾസർ സുനി ബന്ധപ്പെട്ടവരിൽ ദിലീപും നാദിർഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. നാദിർഷ പൾസറിന്റെ ഡോകോമോ നമ്പറിലേക്കും വിളിച്ചു. പൾസർ ജയിലിൽ കിടന്നപ്പോഴാണ് നാദിർഷ വിളിച്ചത്. പൾസർ നിരന്തരം ബന്ധപ്പെട്ടിരുന്ന ഫാൻസി നമ്പരുകളിൽ ഒന്ന് നാദിർഷയുടേതെന്നും വ്യക്തമായിട്ടുണ്ട്. നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്.

പൊലീസ് കണ്ടെത്തിയ നാലു നമ്പരുകൾ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നൽകിയിരിക്കുന്നത്. അതിനാൽ ഈ നമ്പരുകൾ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ നടന്ന ഫോൺ വിളികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. സുനി കാക്കനാട് ജയിലിൽ വെച്ച് കാക്കനാട് ജയിലിൽ നിന്ന് ഒരു ഡോകോമോ നമ്പർ ഉപയോഗിച്ച് നാദിർഷാ, ദിലീപ്, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില ഫാൻസി നമ്പറുകളിൽ നിന്ന് പൾസർ സുനിയുടെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. ഇതിലൊന്ന് നാദിർഷായുടെ നമ്പറാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ദിലീപിനെയും നാദിർഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലിൽ നിന്നുള്ള പൾസർ സുനിയുടെ ഫോൺവിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പൾസർ സുനിയെക്കുറിച്ചും ഇരുവരും നൽകിയത് വ്യത്യസ്ത മൊഴികളായതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഇരുവരെയും ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തത് 12 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇനി ചോദ്യം ചെയ്ത ശേഷം ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യും.

പൾസർ സുനിയുടെ ഫോൺ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താൻ പറഞ്ഞതെന്നാണ് നാദിർഷ മൊഴി നൽകിയിരുന്നത്. എന്നാൽ ദിലീപും നാദിർഷയും അടുത്ത സുഹൃത്തുക്കളായതിനാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം തന്റെ ലൊക്കേഷനുകളിലൊന്നും പൾസർ സുനി എത്തിയിട്ടില്ലെന്നും അയാളെ അറിയില്ലെന്നുമുള്ള നിലപാടിലായിരുന്നു ദിലീപ്. എന്നാൽ ജോർജ്ജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി എത്തിയതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് പറയുന്ന കാര്യങ്ങൾ അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവിടെയാണ് പൊലീസിന് നിർണ്ണായക തെളിവുകൾ കിട്ടിയതും. ഇത് ദിലീപിനും നാദിഷയ്ക്കും വിനയാകുകയും ചെയ്തു

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസിൽ പൂർണമായ തെളിവ് ലഭിച്ചാൽ ആരായാലും അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമായിരുന്നു. അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ ശ്രമിക്കും. അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണ്. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. അന്വേഷണത്തെ കുറിച്ച് നല്ല ബോധമുള്ള ആൾക്കാരാണ് സംഘത്തിലുള്ളത്. വേണ്ടത് വേണ്ട സമയത്ത് ചെയ്യാൻ അവർക്കറിയാം. അന്വേഷണ സംഘത്തെ യാതൊരും തരത്തിലും താൻ സമ്മർദ്ദത്തിലാക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

ഗൂഢാലോചന അന്വേഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഭാഗമാണ്. അതിനാൽ അന്വേഷണത്തിന് എത്രസമയം എടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.