കൊച്ചി: ദിലീപിന്റെ ജാമ്യത്തിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്ന് സൂചന. കുറ്റപത്രം 90 ദിവസത്തിനകം പൂർത്തിയാകുമോ എന്നതിൽ പൊലീസിന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് നീക്കം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായും സൂചനയുണ്ട്. ഹൈക്കോടതിയിലെ ജാമ്യ ഹർജിയിൽ അഡ്വക്കേറ്റ് രാമൻപിള്ള ദിലീപിന് അനുകൂലമായി മികച്ച വാദമാണ് ഉയർത്തിയത്. ഇന്നും വാദം തുടരും. അതിന് ശേഷം പ്രോസിക്യൂഷനും നിലപാട് അറിയിക്കും. അതിനിടെ ദിലീപിനെതിരായ പുതിയ തെളിവുകൾ മുദ്രവച്ച കവറിൽ പൊലീസ് ഹാജരാക്കും. ഇതും നിർണ്ണായകമാകും. ഇന്ന് തന്നെ ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹർജിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ജാമ്യ ഹർജി രണ്ട് തവണ കോടതി മാറ്റി വച്ചിരുന്നു. കേസിൽ വാദം നീളുകയും ചെയ്തു. രാമൻപിള്ളയുടെ വാദങ്ങളിലൂടെ തന്റെ ഭാഗം കോടതിയിൽ കൃത്യമായി എത്തിയെന്ന വിലയിരുത്തൽ ദിലീപിനുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും അധിക നാൾ അഴിക്കുള്ളിൽ കിടക്കേണ്ടി വരില്ലെന്നാണ് ദിലീപിന്റെ വിലയിരുത്തൽ. ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ശബരിമല ദർശനത്തിനായി വ്രതം നോക്കുന്ന താരം ഉടൻ പുറത്തിറങ്ങുമെന്ന് സഹതടവുകാരോടും പറയുന്നു. അതിനിടെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലിൽ റിപ്പോർട്ട് എത്തുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ഡിജിപിയുടെ വിശദീകരണം.

ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ വാദം ഇന്നും തുടരും. തന്റെ പേരിലെ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ വാദം. കേസിലെ ഒന്നാംപ്രതി പൾസർ സുനി ജയിലിൽ നിന്നെഴുതിയെന്നുപറയുന്ന കത്ത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്. മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണ്. മറുനാടൻ മലയാളി തെറ്റായ വാർത്തകൾ നൽകുന്നുവെന്നും പറഞ്ഞു. ഒരേ ടവർ ലൊക്കേഷനുകീഴിലുണ്ടായിരുന്നെന്ന പേരിൽ സുനിയുമായിച്ചേർന്ന് ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവർ ലൊക്കേഷൻ മൂന്നുകിലോമീറ്റർ ചുറ്റളവുവരെയാകാം. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകുന്നില്ല.

ദിലീപിന് സ്വന്തം കാരവനുണ്ടെന്നിരിക്കെ അതിനുള്ളിരുന്നല്ലാതെ പുറത്തുനിന്ന് ഗൂഢാലോചന നടത്തിയെന്നുപറയുന്നത് സാക്ഷികളെ ഉണ്ടാക്കാനുള്ള പൊലീസിന്റെ ശ്രമമാണ്. പൊലീസ് ഒമ്പത് ഫോണുകൾ കണ്ടെടുത്തെങ്കിലും അവയിൽനിന്നൊന്നും ദിലീപിന് കോൾ പോയതായി കണ്ടെത്താനായിട്ടില്ല. ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി ആദ്യമേ പറഞ്ഞെങ്കിലും അതേക്കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷണം നടന്നില്ല. ദിലീപിനെതിരായ ഗൂഢാലോചനയ്ക്കുപിന്നിൽ മറ്റാരൊക്കെയോ ആണ്. ദിലീപിനെ കൈയേറ്റക്കാരനായും മറ്റും ചിത്രീകരിക്കാൻ ശ്രമം നടന്നു. അന്വേഷണത്തിൽ പലതിനും തെളിവുണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. രാവിലെ ആരംഭിച്ച വാദം ഉച്ചകഴിഞ്ഞും തുടർന്നു. പിന്നീട് അടുത്തദിവസം തുടരാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. ബുധനാഴ്ച ദിലീപിന്റെ വാദം പൂർത്തിയാക്കിയ ശേഷം സർക്കാരിന്റെ വാദം നടക്കും. ഇതാകും നിർണ്ണായകം.

കേസിൽ ദിലീപിനെ പ്രതിയാക്കാനുതകുന്ന യാതൊരു തെളിവും പ്രോസിക്യൂഷന് ലഭിച്ചിട്ടുല്ലെന്ന് ആമുഖമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാമൻപിള്ളയുടെ വാദം രാവിലെ ആരംഭിച്ചത്. പൾസർ സുനിക്ക് പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് അവർ ഒന്നരക്കോടിരൂപയുടെ കഥ പറയുന്നത്. കേസിൽ ഇതുവരെ 9 മൊബൈൽ ഫോണുകളും 11 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ അവയിൽ നിന്നൊന്നും ദിലീപിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. പക്ഷെ ബി സന്ധ്യ കേസിൽ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം പ്രവർത്തിച്ചു. ചെറുപ്രായത്തിൽ മുതലേ പൾസർ സുനി ക്രിമിനൽ സ്വഭാവം ഉള്ളയാളാണ്. നിലവിൽ 28 കേസുകൾ സുനിക്കെതിരെയുണ്ട്. ഇത്തരത്തിൽ കുറ്റവാസനയുള്ളയാളുടെ വാക്കുകളെ മുഖവിലയ്ക്ക് എടുത്ത് എങ്ങനെ ദിലീപിനെപ്പോലെയുള്ള ജനപ്രിയ നായകനെ എങ്ങനെ പ്രതിസ്ഥാനത്ത് നിർത്തും.

ഒന്നരക്കോടി നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുനി പറയുന്നു. ഈ കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേ..? രാമൻപിള്ള ചോദിച്ചു. ചില മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണ്. ഒരു ചാനലിൽ അഭിമുഖത്തിൽ രണ്ട് മാധ്യമങ്ങളുടെ പേര് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലായാളി അടക്കമുള്ള മാധ്യമങ്ങൾ വൈരാഗ്യബുദ്ധിയോടെ കള്ളപ്രചരണം നടത്തുകയാണ്. തന്റെ ശത്രുക്കളായ ലിബർട്ടി ബഷീറോ, പരസ്യ സംവിധായകൻ ശ്രീകുമാറോ ആയിരിക്കും ദിലീപിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ. അവർ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷെ അവർക്ക് അതിനുള്ള കഴിവുള്ളവരാണ്. എക്‌സിബിറ്റേഴ്‌സ് യൂണിയൻ തന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ലിബർട്ടി ബഷീറിനുള്ള ശത്രുതയ്ക്ക് പിന്നിൽ. രാമൻപിള്ള വാദം ഉന്നയിച്ചു.

അതിനിടെ ആലുവാ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി സെപ്റ്റംബർ രണ്ട് വരെ നീട്ടി. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു കോടതിനടപടി. രാവിലെ പത്തേകാലോടെ ആലുവാ സബ് ജയിലിലും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലുമായിരുന്നു കോടതി നടപടികൾ. അഞ്ച് മിനിറ്റ് മാത്രമെ നടപടികൾ നീണ്ടുള്ളൂ.