തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. തന്നെ കേസിൽ കുടുക്കാൻ ഡി.ജി.പി: ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി: ബി. സന്ധ്യയും ചേർന്നു പദ്ധതി തയാറാക്കിയതായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ, 12 പേജുള്ള പരാതിയിൽ ദിലീപ് ആരോപിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസിൽ അന്തിമ കുറ്റപത്രം നൽകൂ. അതിന് വേണ്ടിയാണ് അന്വേഷണ സംഘം സമയമെടുക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഡിജിപിയേയും എഡിജിപിയേയും സംശയമുനയിൽ നിർത്തി ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്.

മുഖ്യപ്രതി പൾസർ സുനിക്കു ജയിലിൽ ഫോൺ ചെയ്യാൻ സൗകര്യമൊരുക്കിയ പൊലീസുകാരനെതിരേ എന്തുകൊണ്ടു കേസെടുത്തില്ലെന്ന ചോദ്യമുന്നയിച്ചാണു ദിലീപ് തന്നെ കുടുക്കാൻ ശ്രമിച്ചതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നത്. സിബിഐ അന്വേഷണത്തിനും ശ്രമിക്കുന്നുണ്ട്. ദിലീപിന്റെ ആരോപണങ്ങളിൽ അന്വേഷണം നടന്നാൽ പഴുതുകളില്ലാത്ത കുറ്റപത്രം നൽകാനാകും. അതിനാണ് ശ്രമിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സിബിഐ.യെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ മറ്റൊരു സംഘത്തേയോ ഏൽപ്പിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു നൽകിയ കത്തിലെ പ്രധാന ആവശ്യം. ബെഹ്റയ്ക്കും നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള സന്ധ്യയ്ക്കുമെതിരായ 'കുറ്റപത്ര'മാണ് നടന്റെ കത്ത്. കത്തിലെ പ്രധാന ആരോപണങ്ങൾ

കേസിൽ കുരുക്കാൻ ശ്രമമുണ്ടെന്നറിഞ്ഞ നാൾ മുതൽ ഫോണിലൂടെയും നേരിട്ടും ഇ മെയിൽ വഴിയും ബെഹ്റയ്ക്ക് പരാതികൾ നൽകിയിരുന്നു എല്ലാം അവഗണിച്ചു. ബെഹ്റ നീതിപൂർവം പ്രവർത്തിച്ചിരുന്നുവെങ്കിൽ ഞാൻ സംശയത്തിന്റെ നിഴലിലാകുമായിരുന്നില്ല. ബെഹ്റയുടെ ബോധപൂർവമായ അലസതമൂലമാണ് ഞാൻ പ്രതിയായതെന്ന് ദിലീപ് ആരോപിക്കുന്നു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. സെൻകുമാറിന്റെ നിലപാടുകൾ തെറ്റാണെന്ന് വരുത്തിത്തീർക്കാനാണ് എന്നെ പ്രതിയാക്കിയത്.

നാദിർഷായെ പൾസർ സുനി ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ ബെഹ്റയെ വിവരം ധരിപ്പിച്ചു. പരിപാടി അവതരിപ്പിക്കുന്നതിനായി താൻ അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് സഹോദരീഭർത്താവ് ബെഹ്റയ്ക്ക് ഇ മെയിൽ വഴി പരാതിയയച്ചു. എന്നാൽ, സുനിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെഹ്റ കൂട്ടാക്കിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എന്റെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ബെഹ്റ അന്വേഷണസംഘത്തിനു തന്നെ നൽകിയത് അതിശയകരമാണെന്നാണ് ആക്ഷേപം. എഡിജിപി സന്ധ്യയ്‌ക്കെതിരേയും രൂക്ഷമായ ആരോപണമാണുള്ളത്. സ്വന്തം കീർത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾക്കു പിന്നിൽ സന്ധ്യയും സംഘവുമാണ്. ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്നും ദിലീപ് ചോദിക്കുന്നു.

ദിലീപ് നൽകിയ പരാതിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: സ്വന്തം പ്രശസ്തി മാത്രമാണ് എ.ഡി.ജി.പി: ബി. സന്ധ്യ നോക്കാറുള്ളത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നു മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. സെൻകുമാറിന്റെ നിലപാടുകൾ തെറ്റാണെന്നു വരുത്തിത്തീർക്കാൻ തന്നെ പ്രതിയാക്കുകയായിരുന്നു. 13 മണിക്കൂർ ചോദ്യം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംനേടാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്ന സെൻകുമാറിന്റെ വെളിപ്പെടുത്തൽ തനിക്കു വിനയായി.

സന്ധ്യയെ സെൻകുമാർ പരിഹസിച്ചതു ബെഹ്റയ്ക്ക് ഇഷ്ടമായില്ല. താൻ ക്രിമിനലാണെന്നു വരുത്തി, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ എ.ഡി.ജി.പി: സന്ധ്യ ശ്രമിച്ചു. പ്രതിയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകൾ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണശൈലി. നാദിർഷയെ പൾസർ സുനി ഭീഷണിപ്പെടുത്തിയ വിവരം അന്നുതന്നെ ഡി.ജി.പിയെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. സഹോദരീഭർത്താവ് ഇ-മെയിലിൽ ഡി.ജി.പിക്കു പരാതി അയച്ചു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുക്കേണ്ട വകുപ്പുകളുണ്ടായിട്ടും ബെഹ്റ ആ പരാതി കണ്ടഭാവം നടിച്ചില്ല.

ഗൂഢാലോചനയേത്തുടർന്നാണു നടി ആക്രമിക്കപ്പെട്ടതെന്നു തന്റെ മുൻഭാര്യ നടത്തിയ പ്രസ്താവന വളച്ചൊടിച്ച്, സംഭവത്തിൽ തനിക്കു പങ്കുണ്ടെന്നു ദുർവ്യാഖ്യാനം ചെയ്തു. ഏപ്രിൽ 17-ന് അന്വേഷണസംഘം അങ്കമാലി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചനക്കാര്യം മിണ്ടിയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥൻ ആലുവ ഡിവൈ.എസ്‌പി: കെ.ജി. ബിജുകുമാറായിരുന്നു. എന്നാൽ, പൊടുന്നനെ അദ്ദേഹത്തെ മാറ്റി, സി.ഐ: ബൈജു പൗലോസിനെ അന്വേഷണമേൽപ്പിച്ചു. ഇത് എന്തിനുവേണ്ടിയായിരുന്നു? അന്വേഷണസംഘം തന്നെ കുടുക്കാൻ പല കഥകളും മെനഞ്ഞു.

നടൻ കലാഭവൻ മണിയുടെ മരണം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണു കഥകൾ മെനഞ്ഞ് മാധ്യമപ്രവർത്തകർക്കു കൈമാറിയത്. ഇ-മെയിലിൽ നൽകിയ പരാതി 20 ദിവസം കഴിഞ്ഞാണു ബെഹ്റ അന്വേഷണസംഘത്തിനു കൈമാറിയത്. സന്ധ്യ ചെയ്യുന്ന കാര്യങ്ങളെ ബെഹ്റയും അദ്ദേഹത്തിന്റെ നടപടികളെ സന്ധ്യയും പുകഴ്‌ത്തും. ഇതാണ് ഇരുവരുടെയും പ്രധാനജോലി. തന്നെ ബ്ലാക്മെയിൽ ചെയ്ത വ്യക്തിക്കെതിരേ നടപടി സ്വീകരിക്കാതെ, പൾസർ സുനിയെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസിന്റേത്.

തന്നെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ നാടുനീളെ കൊണ്ടുനടന്നു. ഈ റോഡ്ഷോ ആസൂത്രണം ചെയ്തവർക്കെതിരെയും അന്വേഷണം വേണം. സന്ധ്യയുടെ നിർദ്ദേശപ്രകാരം വ്യാജതെളിവുകൾ സൃഷ്ടിക്കുന്നത് എസ്‌പി: സുദർശനും ഡിവൈ.എസ്‌പി: സോജനുമാണ്- അന്വേഷണം സിബിഐക്കു കൈമാറണമെന്നും ദിലീപ് പരാതിയിൽ ആവശ്യപ്പെടുന്നു.