- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷികളെ സ്വാധീനിച്ചതിന് മൊഴി എടുക്കാൻ ശ്രമിച്ചു; കള്ളക്കേസിൽ മൊഴി ഇല്ലെന്ന മറുപടിയ്ക്കൊപ്പം അഭിഭാഷക പ്രതിഷേധവും; ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ നിന്നത് നാല് അഭിഭാഷകരെന്ന് ക്രൈംബ്രാഞ്ച്; ലക്ഷ്യമിടുന്നത് രാമൻപിള്ള വക്കീലിനെ തളയ്ക്കാനോ? ദിലീപ് കേസിൽ ഇനി തീപാറും നിയമ പോരാട്ടം
കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തു വരുമ്പോൾ ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം മുതിർന്ന അഭിഭാഷകനായ രാമൻപിള്ളയോ എന്ന സംശയം ശക്തം. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ ഫോണുകൾ മുംബൈയിലേക്ക് കൊറിയറായി അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് വിരൽ ചൂണ്ടുന്നത് രാമൻപിള്ളയുടെ ജൂനിയേഴ്‌സിലാണെന്നാണ് സൂചന
രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. നേരത്തെ നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ രാമൻപിള്ളയുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇത് ഏറെ വിവാദമായി. നടന്നുമില്ല. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. പുനരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. ഇതിൽ അഭിഭാഷകരെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തൽ.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഡ്വ. ബി രാമൻപിള്ളയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നു. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സമയം അറിയിക്കണമെന്ന് നിർദ്ദേശിക്കുന്ന കത്ത് രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറി. എന്നാൽ, കള്ളക്കേസിന് മൊഴി നൽകാൻ ആകില്ലെന്ന് അഡ്വ. ബി രാമൻപിള്ള മറുപടി നൽകി. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തൃശൂർ പീച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്.
ഇതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്. അഭിഭാഷകനെതിരായ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു ഇതിനിടെയാണ് തെളിവ് നശീകരണത്തിൽ പുതിയ റിപ്പോർട്ട്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നൽകിയതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതൽ വിവരങ്ങൾ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് നടത്തും. ഹൈക്കോടതിയിൽ അപേക്ഷയും നൽകും. അത്തരത്തിലൊരു നീക്കം ക്രൈംബ്രാഞ്ച് നടത്തുമ്പോൾ കോടതിയിൽ രാമൻപിള്ള വക്കീൽ എടുക്കുന്ന വാദങ്ങൾ ഏറെ നിർണ്ണായകമാകും. നടിയെ ആക്രമിച്ച കേസിലെ വിചാരണ ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് പുതിയ നീക്കങ്ങൾ പ്രോസിക്യൂഷൻ നടത്തുന്നത്. അതുകൊണ്ട് തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ഈ കേസിൽ രാമൻപിള്ള വിചാരണ ചെയ്യുന്നതും ഏറെ നിർണ്ണായകമാകും. അങ്ങനെ ക്രൈംബ്രാഞ്ചും രാമൻപിള്ളയുമായുള്ള നിയമ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
നാല് ഫോണുകളാണ് ദിലീപിന്റെ അഭിഭാഷകർ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് കൊറിയറായി അയച്ചത്. ജനുവരി 29-ന് മുംബൈയിൽവെച്ച് വിവരങ്ങൾ നശിപ്പിക്കാൻ ശ്രമങ്ങളുണ്ടായി. എന്നാൽ അന്നേദിവസം തന്നെ ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെ നാല് അഭിഭാഷകർ ജനുവരി 30-ന് മുംബൈയിലെത്തി ഫോൺ വാങ്ങിക്കൊണ്ടുപോയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിലെല്ലാം അഡ്വക്കേറ്റുമാർക്കെതിരെ കണ്ടെത്തലുണ്ടെന്ന സൂചനയാണ് ക്രൈംഭ്രാഞ്ച് നൽകുന്നത്. ഈ അഭിഭാഷകരുടെ മൊഴി ക്രൈംബ്രാഞ്ച് കോടതി അനുമതിയോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്.
മുംബൈയിലേക്ക് അയച്ച നാലുഫോണുകളിൽ രണ്ടെണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മുംബൈയിലേക്ക് അയച്ച ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകളടക്കം അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതനുസരിച്ചാണ് രണ്ട് ഫോണുകൾ ഹാജരാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്. മാത്രമല്ല, ഫോണുകൾ ഹാജരാക്കാൻ ഉത്തരവിട്ടതിന് ശേഷമാണ് ഭൂരിഭാഗം വിവരങ്ങളും ഫോണുകളിൽനിന്ന് മായ്ച്ചുകളഞ്ഞതെന്നും വ്യക്തമായിട്ടുണ്ട്. തന്റെ ഫോണുകൾ അഭിഭാഷകന് നൽകിയെന്ന് ക്രൈംബ്രാഞ്ചിന് ദിലീപും മൊഴി നൽകിയിരുന്നു.
സംഭവത്തിൽ മുംബൈയിലെ ലാബിൽനിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുകയും ചെയ്തു. ഈ ചോദ്യംചെയ്യലിലാണ് അഭിഭാഷകർ മുംബൈയിൽ എത്തിയതടക്കമുള്ള വിവരങ്ങൾ ലഭിച്ചത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചും ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പൊലീസ് തുടരന്വേഷണ പരിധിയിൽ കൊണ്ടു വരും. പൊലീസിന്റെ അഭിഭാഷകർക്കെതിരായ നീക്കങ്ങളെ എങ്ങനെ അഡ്വ രാമൻപിള്ള എടുക്കുമെന്നതാണ് നിർണ്ണായകം. അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്ന ഗുരുതര ആരോപണം ചർച്ചയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
അതേസമയം, ഫോണുകളിലെ നശിപ്പിക്കപ്പെട്ട വിവരങ്ങളിൽ ഭൂരിഭാഗവും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. നഷ്ടപ്പെട്ട വിവരങ്ങളുടെ മിറർ ഇമേജുകളാണ് വീണ്ടെടുക്കാനായത്. കുറച്ചുവിവരങ്ങൾ മാത്രമാണ് ഫോണുകളിൽനിന്ന് വീണ്ടെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകൾ നശിപ്പിച്ചതിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറിയിട്ടുണ്ട്.
13 നമ്പരുകളിൽ നിന്നുള്ള വാട്‌സാപ് ചാറ്റ് ഉൾപ്പെടെ നശിപ്പിച്ചതായി പ്രോസിക്യൂഷൻ പറയുന്നു. അതേസമയം, ദിലീപിന്റെ ഫോണിൽനിന്നു ക്ലോൺ ചെയ്തു നീക്കിയ വിവരങ്ങൾ ഒരു ഹാർഡ് ഡിസ്‌കിലാക്കി അഭിഭാഷകർക്കു കൈമാറിയിരുന്നു. ഇതിന്റെ ഒരു കോപ്പി മറ്റൊരു ഹാർഡ് ഡിസ്‌കിലാക്കി മുംബൈയിലെ ലാബിൽ സൂക്ഷിക്കുകയും ചെയ്തു. ഈ ഹാർഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫൊറൻസിക് പരിശോധനയിൽ തെളിവു നശിപ്പിച്ചതു വ്യക്തമായതോടെ ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തെളിവുകൾ ശേഖരിച്ചു. ഫൊറൻസിക് പരിശോധനയിൽ, ഫോണിൽനിന്നു കോപ്പി ചെയ്തതിന്റെ വിവരങ്ങൾ ഉൾപ്പെടെ തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘം ദിലീപിനെതിരെ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇരകളായ കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറണം എന്ന ആവശ്യം അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംസ്ഥാന പൊലീസിൽനിന്നു മാറ്റുന്നത് ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ