കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നു ദിവസം പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളുമാണ് റിപ്പോർട്ടിലുള്ളത്.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുക. കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനു വിലക്കുണ്ട്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഡിജിറ്റൽ തെളിവുകളുടെ വിശകലനത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിർണായകമാണ് അന്വേഷണ പുരോഗതി റിപ്പോർട്ട്. മൂന്നു ദിവസം, 33 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമാണ് റിപ്പോർട്ടിലുള്ളത്.

അതേ സമയം നടൻ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ചാനൽ ചർച്ചകളിൽ സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും രംഗത്തെത്തി. കേസിൽ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകൻ ദിലീപിന്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപയാണ് നേതാവിന്റെ മകൻ ഡിമാൻഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിന്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൊടുത്തുവെന്നാണ് ബൈജു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും മലപ്പുറം വേങ്ങരയിൽ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും വെളിപ്പെടുത്തൽ. മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്.

ജാമ്യത്തിൽ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയിൽ എത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിലൂടെ പറഞ്ഞു. ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വേങ്ങരയിലെ വീട്ടിലെത്തിയിരുന്നു. പിന്നീട് ദിലീപിന് ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യവും ഡ്രൈവർ അപ്പുണ്ണിക്കൊപ്പം ഇതേ വിട്ടീൽ എത്തി.

അന്നവിടെ മറ്റൊരു പ്രമുഖ നേതാവും എത്തിയിരുന്നു. മൂവരും ഭക്ഷണം കഴിച്ച് പണം കൈമാറിയ ശേഷമാണ് പിരിഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. അതേ ദിവസം താരദമ്പതികൾക്കൊപ്പം നേതാവിന്റെ കുടുംബം എടുത്ത ചിത്രം രണ്ട് ദിവസത്തിനകം പുറത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപും കാവ്യയും വേങ്ങരയിൽ എത്തിയത് സ്ഥിരീകരിക്കാൻ കാവ്യയുടെ 4686 ൽ അവസാനിക്കുന്ന നമ്പറിന്റെ സിഡിആർ പരിശോധിച്ചാൽ മതിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ബൈജു കൊട്ടാരക്കര പറഞ്ഞത്
2017 സെപ്റ്റംബർ 21-ന് അനൂപും സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവർ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാൻ അവസരമൊരുങ്ങിയത്. ഒരു ഡീലുറപ്പിക്കാൻ വേണ്ടിയാണ് അവർ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങൾ കൈകാര്യം ചെയ്‌തോളാം എന്ന ഉറപ്പ് അന്ന് അയാളിൽ നിന്നും അവർക്ക് കിട്ടി. പിന്നീട് ജയിലിൽ നിന്നും ദിലീപ് ഇറങ്ങിയ ശേഷം അപ്പുണി ഓടിച്ച കാറിൽ ദിലീപും കാവ്യയും വേങ്ങരയിലെത്തി അൻപത് ലക്ഷം രൂപ ഈ നേതാവിന് നൽകി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ ദിലീപിന്റെ കൈവശമുണ്ട്. ബാക്കി പണം ഡൽഹിയിൽ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നൽകിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാന്റാ എന്ന ചിത്രത്തിൽ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിന്റെ ബാലൻസ് തുക മൂന്നര കോടി ഡൽഹിയിലാണ് കൊടുത്തത്. ഇങ്ങനെ പല കളികളും ഇതിലുണ്ട്.

2017- ഒക്ടോബറിൽ ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനെ വിളിച്ചു. ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിലിറക്കുന്ന കാര്യം തങ്ങളേറ്റെന്നും പകരം പത്ത് കോടി നൽകണമെന്നും അയാൾ സംവിധായകനോട് പറഞ്ഞു. എന്നാൽ ഈ സംവിധായകൻ നേതാവിന്റെ മകനോട് ക്ഷുഭിതനായി ഫോൺ വച്ചു.

ബാലചന്ദ്രകുമാ പറഞ്ഞത്
തിരുവനന്തപുരത്തെ ഒരു സംവിധായകൻ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്റ്റംബർ 21 ന് അനീപും സുരാജും കാണാൻ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആർ പരിശോധിച്ചാൽ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലിൽ കിടക്കുകയാണ്. ഒക്ടോബർ 3 നാണ് ജാമ്യത്തിൽ ഇറങ്ങുന്നത്.
ജാമ്യത്തിൽ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ കാവ്യയും ദിലീപും ഡ്രൈവർ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാൻ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയിൽ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും.
കാവ്യയുടെ 4686 ൽ അവസാനിക്കുന്ന നമ്പറിന്റെ സിഡിആർ പരിശോധിക്കുക. എന്നാൽ കൃത്യമായി കാര്യങ്ങൾ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിനെ പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോയെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെട്ടു.